ഏഷ്യാ കപ്പില്‍ മുത്തമിട്ട് ഇന്ത്യന്‍ പെണ്‍പുലികള്‍

Update: 2018-05-13 14:02 GMT
Editor : Alwyn K Jose
ഏഷ്യാ കപ്പില്‍ മുത്തമിട്ട് ഇന്ത്യന്‍ പെണ്‍പുലികള്‍
Advertising

കലാശപ്പോരില്‍ ചൈനയെ ഷൂട്ടൌട്ടില്‍ 5-4 ന് കീഴടക്കിയാണ് ഇന്ത്യന്‍ പെണ്‍പുലികള്‍ കിരീടത്തില്‍ മുത്തമിട്ടത്.

ഏഷ്യാ കപ്പ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് കിരീടം. കലാശപ്പോരില്‍ ചൈനയെ ഷൂട്ടൌട്ടില്‍ 5-4 ന് കീഴടക്കിയാണ് ഇന്ത്യന്‍ പെണ്‍പുലികള്‍ കിരീടത്തില്‍ മുത്തമിട്ടത്. ഫൈനലില്‍ നിശ്ചിത സമയം പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചതോടെയാണ് അന്തിമ വിധിക്കായി പോരാട്ടം ഷൌട്ടൌട്ടിലേക്ക് നീങ്ങിയത്.

13 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് ഉയര്‍ത്തുന്നത്. 2004 ല്‍ ജപ്പാനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ഇന്ത്യന്‍ വനിതകള്‍ ഏറ്റവുമൊടുവില്‍ ഏഷ്യാ കപ്പ് നേടുന്നത്. നവ്‍ജോത് കൌറിലൂടെ 25 ാം മിനിറ്റില്‍ ഇന്ത്യയാണ് കളിയില്‍ ആദ്യം മേധാവിത്വം നേടിയത്. എന്നാല്‍ ടിയാന്‍ടിയാന്‍ ലൂവിലൂടെ ചൈന 47 ാം മിനിറ്റില്‍ സ്കോര്‍ സമനിലയാക്കി. തുടര്‍ന്ന് ഇരു ടീമുകളും വിജയഗോളിനായി പൊരുതിയെങ്കിലും ആര്‍ക്കും ലക്ഷ്യം കാണാനായില്ല. ഒടുവില്‍ കളി ഷൂട്ടൌട്ടിലേക്ക്.

ഷൂട്ടൌട്ടില്‍ ആദ്യ അഞ്ച് അവസരങ്ങളും പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകളും നാലു തവണ വീതം ലക്ഷ്യം കണ്ടു. തുടര്‍ന്ന് സഡന്‍ ഡെത്തില്‍ ഇന്ത്യക്ക് വേണ്ടി റാണി ചൈനീസ് മതില്‍ പൊളിച്ചപ്പോള്‍ ഇന്ത്യയുടെ വല കുലുക്കാന്‍ അയല്‍ക്കാര്‍ക്ക് ആയതുമില്ല. ഏഷ്യാ കപ്പ് സ്വന്തമാക്കിയതോടെ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ യോഗ്യത ഉറപ്പിച്ചു.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News