പ്രീമിയര്‍ ലീഗില്‍ വമ്പന്മാര്‍ക്ക് ജയം
സെര്‍ജിയോ അഗ്യൂറോയുടെ ഹാട്രിക് ബലത്തിലായിരുന്നു സിറ്റിയുടെ ജയം. ആഴ്‌സണല്‍ ക്രിസ്റ്റല്‍ പാലസിനെ 4- 1നും ചെല്‍സി ബ്രൈറ്റണെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കും തകര്‍ത്തു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാര്‍ക്ക് വിജയം. ന്യൂകാസില്‍ യുണൈറ്റഡിനെ മാഞ്ചസ്റ്റര്‍ സിറ്റി 3- 1ന് തോല്‍പ്പിച്ചു. സെര്‍ജിയോ അഗ്യൂറോയുടെ ഹാട്രിക് ബലത്തിലായിരുന്നു സിറ്റിയുടെ ജയം. ആഴ്‌സണല്‍ ക്രിസ്റ്റല്‍ പാലസിനെ 4- 1നും ചെല്‍സി ബ്രൈറ്റണെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കും തകര്‍ത്തു. ബേണ്‍ലിക്കെതിരെ ഒരു ഗോളിന്റെ നേരിയ മാര്‍ജിനിലായിരുന്ന യുണൈറ്റഡിന്റെ ജയം. സ്പാനിഷ് ലീഗയില്‍ അതലറ്റികോ മാഡ്രിഡിനെ പുതുമുഖക്കാരയ ഗിറോണ സമനിലയില്‍ തളച്ചു.
ലിവര്‍പൂളിനോടേറ്റ അപ്രതീക്ഷിത തോല്‍വി മറന്നുള്ള പ്രകടനമാണ് മാഞ്ചസ്റ്റര്‍ സിറ്റി ന്യൂകാസില്‍ യുണൈറ്റഡിനെതിരെ സ്വന്തം തട്ടകത്തില്‍ പുറത്തെടുത്തത്. 34ാം മിനുട്ടിലായിരുന്ന അഗ്യൂറോയിലൂടെ സിറ്റി ആദ്യം മുന്നിലെത്തിയത്. 63ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ രണ്ടാം ഗോള്‍ നേടി.
67ാം മിനുട്ടില്‍ ജേക്കബ് മുര്‍ഫിയിലൂടെ ന്യൂകാസില്‍ ഒന്ന് തിരിച്ചടിച്ചതോടെ കളി മുറുകി. എന്നാല്‍ 83ാം മിനുട്ടില്‍ ഹാട്രിക് പൂര്‍ത്തിയാക്കി അഗ്യൂറോ സിറ്റിക്ക് വിജയം ഉറപ്പിച്ചു.
ജയത്തോടെ പോയിന്റ് പട്ടിയകിയിലെ പന്ത്രണ്ട് പോയിന്റ് ലീഡ് സിറ്റി നിലനിര്‍ത്തി. രണ്ടാം സ്ഥാനക്കാരായ മഞ്ചസ്റ്റര്‍ യുണൈറ്റഡ് ബേണ്‍ലിയോട് വിയര്‍ത്താണ് വിജയിച്ചത്. 54ാം മിനുട്ടില്‍ അന്റോണിയോ മാര്‍ഷ്വല്‍ ആയിരുന്നു യുണൈറ്റഡിന്റെ ഗോള്‍ നേടിയത്.
അലക്‌സ് സാഞ്ചസിന്റെ അഭാവത്തില്‍ ഇറങ്ങിയ ആഴ്‌സണല്‍ ക്രിസ്റ്റല്‍ പാലസിനെതിരെ അനായാസമായാണ് വിജയിച്ചത്. ആദ്യ മുപ്പത് മിനുട്ടില്‍ തന്നെ ആഴ്‌സണല്‍ നാല് ഗോളിന് മുന്നിലെത്തിയിരുന്നു.
എഴുപത്തിയെട്ടാം മിനുട്ടിലായിരുന്നു ക്രിസ്റ്റല്‍ പാലസിന്റെ ആശ്വാസ ഗോള്‍. ഈഡന്‍ ഹസാര്‍ഡിന്റെ ഇരട്ട ഗോള്‍ ബലത്തിലായിരുന്നു ചെല്‍സി ബ്രൈറ്റണെ നാല് ഗോളിന് തകര്‍ത്തത്.
സ്പാനിഷ് ലീഗില്‍ സ്വന്തം തട്ടകത്തിലാണ് പുതുമുഖക്കാരായ ഗിറോണയോട് അലറ്റികോ മാഡ്രിഡ് സമനിലയില്‍ കുരുങ്ങിയത്. 34ാം മിനുട്ടില്‍ അന്റോണിയോ ഗ്രീന്‍സ്മാനിലൂടെ മുന്നിലെത്തിയ അതലറ്റികോയെ 73ാം മിനുട്ടില്‍ പോര്‍ട്ടു നേടിയ ഗോളിനാണ് ഗിറോന സമനില പിടിച്ചത്. എസ്പാന്യേളിനെ 3-0ന് സെവിയ്യയും, ലെവാന്റെയെ 2 -1ന് വിയ്യാറയലും തോല്‍പ്പിച്ചു.