അഞ്ജുവിനും സഹോദരനും പിന്തുണയുമായി ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍
അഞ്ജുവിനെതിരെ ആരോപണം ഉന്നയിച്ചത് ഞെട്ടിക്കുന്ന നടപടിയാണ്. അഞ്ജുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി എല്ലാ പിന്തുണയും നല്‍കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്‍റ് അഞ്ജു ബോബി ജോര്‍ജിനും സഹോദരന്‍ അജിത്തിനും പിന്തുണയുമായി ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍. അഞ്ജുവിനെതിരെ ആരോപണം ഉന്നയിച്ചത് ഞെട്ടിക്കുന്ന നടപടിയാണ്. അഞ്ജുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി എല്ലാ പിന്തുണയും നല്‍കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരും സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്‍റ് അഞ്ജു ബോബി ജോര്‍ജും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിക്കെയാണ് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ അഞ്ചുവിനെ പിന്തുണച്ച് രംഗത്തെത്തിയത്. അഞ്ജു ബോബി ജോര്‍ജ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരമാണെന്നതില്‍ തര്‍ക്കമില്ല. രാജ്യത്തിന് വേണ്ടിയുള്ള അഞ്ജുവിന്റെ നേട്ടങ്ങളെ ഫെഡറേഷന്‍ ബഹുമാനിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇവരെ ബഹുമാനിക്കുന്നതിന് പകരം ആരോപണങ്ങള്‍ ഉന്നയിച്ചത് ഞെട്ടിച്ചുവെന്ന് ഫെഡറേഷന്‍ പ്രസ്താവനയില്‍ പറയുന്നു.
കൌണ്‍സിലില്‍ ടെക്നിക്കല്‍ അസിസ്റ്റന്റായി നിയമിച്ച അഞ്ജുവിന്റെ സഹോദരന്‍ അജിത് മാര്‍ക്കോസിന് മതിയായ യോഗ്യതയില്ലെന്ന ആരോപണത്തിനും ഫെഡറേഷന്‍ മറുപടി പറയുന്നു. അജിത്തിന് അന്താരാഷ്ട്ര പരിശീലകനുള്ള ലൈസന്‍സ് ഉണ്ട്. ഏഷ്യന്‍ ഗെയിംസിലടക്കം ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു അജിത്ത്. അഞ്ജുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി എല്ലാ പിന്തുണയും നല്‍കണമെന്നും ഫെഡറേഷന്‍ പ്രസ്താവനയില്‍ ആവശ്യപ്പെടുന്നുണ്ട്.