പോര്‍ച്ചുഗല്‍ വെയില്‍സ് സെമി ഇന്ന്
റയലിന്‍റെ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബെയിലും നേര്‍ക്കുനേര്‍ വരുന്ന മത്സരത്തില്‍ ജയം ആര്‍ക്കൊപ്പമാകുമെന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ പ്രേമികള്‍.
യൂറോ കപ്പിലെ ആദ്യ സെമി പോരാട്ടം ഇന്ന്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ചുഗലിന് ഗാരത് ബെയിലിന്‍റെ വെയില്‍സാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം.
പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ചരിത്രത്തിലെ ആദ്യ യൂറോ കിരീടമെന്ന സ്വപ്ന നേട്ടത്തിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും കൂട്ടര്‍ക്കും ഇനി രണ്ട് മത്സരങ്ങളുടെ ദൂരം. കഴിഞ്ഞ തവണ സെമിയിലും 2004ല്‍ ഫൈനലിലും അവസാനിച്ച പ്രതീക്ഷ ഇത്തവണ നിറവേറ്റാനുറച്ചാണ് ഫെര്‍ണാണ്ടോ സാന്‍റോസ് പരിശീലിപ്പിക്കുന്ന ടീം ഇറങ്ങുന്നത്.
ചരിത്രത്തിലാദ്യമായി ഒരു പ്രധാന ടൂര്‍ണമെന്‍റിന്‍റെ സെമിയിലെത്തിയ വെയില്‍സും കലാശപ്പോരാട്ടം സ്വപ്നം കണ്ടാകും ഇറങ്ങുക. പ്രവചനങ്ങള്‍ക്കപ്പുറമുള്ള പ്രകടന മികവിലൂടെ ഇതിനകം ആരാധക ഹൃദയത്തില്‍ ഇടം നേടിയ വെയില്‍സിനെ മറികടക്കുകത പോര്‍ചുഗലിന് എളുപ്പമാകില്ല. ഈ യൂറോയില്‍ ഇതുവരെ 90 മിനിറ്റിനുള്ളില്‍ ഒരു മത്സരം പോലും ജയിക്കാന്‍ പോര്‍ചുഗലിനായിട്ടില്ല.
ബെല്‍ജിയത്തിനെതിരെ ക്വാര്‍ട്ടറില്‍ നേടിയ ആധികാരിക വിജയത്തിന്‍റെ ആത്മവിശ്വാസം വെയില്‍സിനുണ്ട്. രണ്ട് പ്രമുഖ താരങ്ങളുടെ അഭാവമാണ് ക്രിസ് കോള്‍മാന്‍റെ സംഘത്തിനെ ആശങ്കയിലാഴ്ത്തുന്നത്. സസ്പെന്‍ഷനിലായ ബെന്‍ ഡേവിസും ആരോണ്‍ റാംസിയും വെയില്‍സ് നിരയിലുണ്ടാകില്ല. ഡേവീസിന് പകരം ജെയിംസ് കോളിന്‍സും റാംസിക്ക് പകരക്കാരനായി ലെസ്റ്റര്‍ താരം ആന്‍ഡി കിംഗും ആദ്യ ഇലവനില്‍ ഇടം നേടിയേക്കും.
പോര്‍ച്ചുഗീസ് താരം വില്യം കാര്‍വാലോയും സസ്പെന്‍ഷനിലാണ്. റയലിന്‍റെ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബെയിലും നേര്‍ക്കുനേര്‍ വരുന്ന മത്സരത്തില്‍ ജയം ആര്‍ക്കൊപ്പമാകുമെന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ പ്രേമികള്‍.