അമ്പെയ്ത്തില്‍ ഇന്ത്യന്‍ വനിതകള്‍ സെമി കാണാതെ പുറത്ത്

Update: 2018-05-14 00:09 GMT
അമ്പെയ്ത്തില്‍ ഇന്ത്യന്‍ വനിതകള്‍ സെമി കാണാതെ പുറത്ത്
Advertising

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഷൂട്ടോഫില്‍ റഷ്യയാണ് ഇന്ത്യയെ തോല്‍പ്പിച്ചത്

അമ്പെയ്ത്തില്‍ ഇന്ത്യന്‍ വനിതാ ടീം സെമി കാണാതെ പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഷൂട്ടോഫില്‍ റഷ്യയാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. ഇന്ത്യക്കായി ബൊംബെയ്‌ല ദേവി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ദീപികാ കുമാരിയും റാണി ലക്ഷ്മി മാജിയും നിറം മങ്ങി.

ഒരു ഫുട്ബോള്‍ മത്സരത്തിലെ ഷൂട്ടൌട്ടിന്റെ ആവേശമുണ്ടായിരുന്നു ഇന്ത്യ -റഷ്യ ക്വാര്‍ട്ടര്‍. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ലോക രണ്ടാം റാങ്കുകാരായ റഷ്യക്ക് മുന്നില്‍ ഇന്ത്യ കീഴടങ്ങിയത്. ആദ്യസെറ്റിലെ ആദ്യ ഊഴത്തില്‍ 28 പോയിന്റ് നേടിയ റഷ്യക്കെതിരെ 28 പോയിന്റ് നേടി ഇന്ത്യ തിരിച്ചടിച്ചു. ആദ്യസെറ്റ് റഷ്യ നേടിയത് 48-55ന്. രണ്ടാം സെറ്റില്‍ മോശം തുടക്കം. പക്ഷേ രണ്ടാമൂഴത്തില്‍ പുറത്തെടുത്ത മികച്ച പ്രകടനത്തിനൊടുവില്‍ സെറ്റ് ഇന്ത്യ പിടിച്ചെടുത്തു.

മൂന്നാം സെറ്റില്‍ ഗംഭീരമായി തുടങ്ങിയ ഇന്ത്യക്ക് 53-50 ന് സെറ്റ്. പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി റഷ്യക്കെതിരെ 2-1ന്റെ ലീഡ്. എന്നാല്‍ നാലാം സെറ്റ് 53-55ന് നേടി റഷ്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. 2-2 ആയതോടെ മത്സരം ഷൂട്ടോഫിലേക്ക്. ഷൂട്ടോഫില്‍ റഷ്യ 10 പോയിന്റോടെ തുടങ്ങി. ആദ്യം അമ്പെയ്ത ബൊംബെയ്‌ലക്ക് പിഴച്ചു. ഉന്നം ഏഴിലൊതുങ്ങി. എന്നാല്‍ റഷ്യയുടെ അടുത്ത ഉന്നം ആറിലൊതുങ്ങിയതോടെ ഇന്ത്യക്ക് പ്രതീക്ഷ. മാജിയുടെ ഉന്നം ഇന്ത്യക്ക് 8 പോയിന്റ് നല്‍കി. റഷ്യക്ക് ഒരു പോയിന്റിന്റെ ലീഡ്. റഷ്യയുടെ അടുത്ത ഉന്നം 9. 10 പോയിന്റ് നേടിയാല്‍ ഇന്ത്യക്ക് സെമി. എന്നാല്‍ അമ്പെയ്ത ദീപികക്ക് ഉന്നം പിഴച്ചു, ഇന്ത്യക്കും. 25-23ന് റഷ്യ സെമിയില്‍ പ്രീക്വാര്‍ട്ടറില്‍ കൊളംബിയയെ തോല്‍പ്പിച്ചാണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്.

Tags:    

Similar News