ബഹ്റൈന്‍ ഗ്രാന്‍റ്പ്രീയില്‍ വെറ്റല്‍ ജേതാവ്
മെഴ്സിഡസിന്‍റെ വാൾട്ടേറി ബൊട്ടാസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വെറ്റൽ ജേതാവായത്.
ബഹ്റൈനിൽ നടന്ന ഫോർമുല വൺ ഗ്രാൻറ് പ്രീ ഫൈനൽ മത്സരത്തിൽ ഫെറാരിയുടെ സെബാസ്റ്റ്യൻ വെറ്റൽ ഒന്നാം സ്ഥാനത്തെത്തി. മെഴ്സിഡസിന്‍റെ വാൾട്ടേറി ബൊട്ടാസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വെറ്റൽ ജേതാവായത്.
ബഹ്റൈനിലെ സഖീറിൽ ഇന്‍റർനാഷണൽ സർക്യൂട്ടിൽ നടന്ന ഫോർമുല വൺ ഗ്രാൻറ് പ്രീയുടെ ഫൈനൽ മത്സരത്തിൽ എല്ലാവരുടെയും കണ്ണുകളും തെരഞ്ഞത് ഫെറാരിയുടെ സെബാസ്റ്റ്യൻ വെറ്റലിനെയായിരുന്നു. യോഗ്യത നിർണ്ണയ റൗണ്ടിൽ ഒന്നാമനായി ഫിനിഷ് ചെയ്ത വെറ്റൽ തന്നെയായിരിക്കും ജേതാവാകുകയെന്നായിരുന്നു മത്സരം കാണാനെത്തിയ കാറോട്ട പ്രേമികളിൽ പലരുടെയും കണക്ക് കൂട്ടൽ. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പ്രതീക്ഷ ഒട്ടും തെറ്റിക്കാതെ സെബാസ്റ്റ്യന്‍ വെറ്റൽ വേഗതയുടെ കിരീടം ചൂടി. അവസാന പത്ത് ലാപ്പുകളിലും മെഴ്സിഡസ് ടീമിലെ വാൾട്ടേറി ബൊട്ടാസ് ഉയർത്തിയ വെല്ലുവിളി അതിജീവിച്ചാണ് ഈ മുൻ ലോക ചാമ്പ്യൻ സീസണിലെ തുടർച്ചയായ രണ്ടാം റെയ്സിലും ചാമ്പ്യനായത്. വാൾട്ടേറി ബൊട്ടാസ് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നപ്പോൾ ലെവിസ് ഹാമിൽട്ടണിന് മൂന്നാമതായാണ് ഫിനിഷ് ചെയതത്. ബഹ്റൈൻ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സെബാസ്റ്റ്യൻ വെറ്റലിന് കപ്പ് സമ്മാനിച്ചു.