ഇനി ഒളിമ്പ്യന്‍ ഒപി ജയ്‍ഷ; ആനന്ദാശ്രു പൊഴിച്ച് അമ്മ
മകള്‍ക്ക് ഒളിമ്പ്യന്‍ പദവി ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഒപി ജെയ്ഷയുടെ മാതാവ്. മെഡല്‍ ഒരിയ്ക്കലും പ്രതീക്ഷിച്ചിരുന്നില്ല.
മകള്‍ക്ക് ഒളിമ്പ്യന്‍ പദവി ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഒപി ജെയ്ഷയുടെ മാതാവ്. മെഡല്‍ ഒരിയ്ക്കലും പ്രതീക്ഷിച്ചിരുന്നില്ല. ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തില്‍ മകള്‍ ഓടിയടുക്കുന്നത് കാണാന്‍ ഏറെ ആകാംക്ഷയോടെയായിരുന്നു ഈ അമ്മ ടെലിവിഷനു മുമ്പില്‍ രണ്ടര മണിക്കൂര്‍ ഇരുന്നത്.
സമയം വൈകീട്ട് ആറുമണി. വയനാട് തൃശിലേരി ആനപ്പാറയിലെ വീട്ടില്‍ ഏവരും ആകാംക്ഷയിലാണ്. ജെയ്ഷയുടെ അമ്മ ശ്രീദേവിയും സഹോദരി ജയനയും അയല്‍വാസികളുമെല്ലാം ടെലിവിഷനു മുമ്പില്‍. റിയോ ഒളിന്പിക്സില്‍ മാരത്തണില്‍ ഒ.പി.ജെയ്ഷ ഇറങ്ങുകയാണ്. ഒരു രാജ്യത്തിന്റെ പ്രതീക്ഷയുമായി. റിയോയിലെ ട്രാക്കില്‍ ജെയ്ഷ ഓടിക്കയറിയത് ചരിത്രത്തിലേയ്ക്ക്. അതിന് സാക്ഷിയാവുകാണ് ഈ കുടുംബം. 42 കിലോമീറ്റര്‍ മാരത്തണില്‍ രണ്ട് മണിക്കൂര്‍ നാല്‍പ്പത്തിയേഴ് മിനിറ്റ് പത്തൊന്‍പത് സെക്കന്‍ഡില്‍ എണ്‍പത്തി ഒന്‍പതാമതായാണ് ജെയ്ഷ ഫിനിഷ് ചെയ്തത്. മാരത്തണില്‍ ഇനി ജെയ്ഷ പങ്കെടുക്കില്ലെന്നും ഇഷ്ട ഇനങ്ങളായ 1500, പതിനായിരം മീറ്ററുകളിലായിരിയ്ക്കും ഇനി ശ്രദ്ധയെന്നും ശ്രീദേവി പറയുന്നു. ഒളിമ്പ്യനെന്ന പദവി പേരിനൊപ്പം ചേര്‍ത്ത് മകളുടെ മടങ്ങിവരവിനായി കാത്തിരിയ്ക്കുകയാണ് ആനപ്പാറയിലെ ഈ കുടുംബം.