കണ്ണീരോടെ ബാസ്റ്റ്യന്‍ ജര്‍മ്മന്‍ ജെഴ്‍സിയഴിച്ചു

Update: 2018-05-15 18:22 GMT
കണ്ണീരോടെ ബാസ്റ്റ്യന്‍ ജര്‍മ്മന്‍ ജെഴ്‍സിയഴിച്ചു
Advertising

മത്സരശേഷം സംഘടിപ്പിച്ച വിടവാങ്ങല്‍ ചടങ്ങില്‍ സംസാരിക്കവേ വാക്കുകള്‍ കിട്ടാതെ ഷ്വായ്ന്‍സ്റ്റീഗര്‍ പലപ്പോഴും വിതുമ്പുന്നതും കാണാമായിരുന്നു.

ഫുട്‌ബോള്‍ മൈതാനത്ത് ജര്‍മ്മനിയുടെ കറുപ്പും വെളുപ്പും നിറമുള്ള ജഴ്‌സിയണിഞ്ഞ ബാസ്റ്റ്യന്‍ ഷ്വെയ്ന്‍സ്റ്റീഗറെ ഇനി കാണാനാവില്ല. ക്യാപ്റ്റന്റെ ആം ബാന്‍ഡണിഞ്ഞ് ഷ്യാര്‍സ്‌നെഗ്ഗര്‍ ജര്‍മ്മനിക്കായി തന്റെ അവസാന മത്സരം പൂര്‍ത്തിയാക്കി. മത്സരത്തില്‍ ഫിന്‍ലന്‍ഡിനെ തോല്‍പ്പിച്ച് സഹതാരങ്ങള്‍ ഷ്വെയ്ന്‍സ്റ്റീഗറിന്റെ അവസാന മത്സരം അവിസ്മരണീയമാക്കി.

ഫിന്‍ലെന്‍ഡിനെതിരായ സൗഹൃദ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളിനായിരുന്നു ജര്‍മ്മനിയുടെ വിജയം. രണ്ടാം പകുതിയില്‍ മാക്‌സ മെയറും മെസൂട്ട് ഓസിലുമാണ് ജര്‍മ്മനിയ്ക്കായി വല ചലിപ്പിച്ചത്. ഏറെ വികാരനിര്‍ഭരമായ മുഹൂര്‍ത്തങ്ങളാണ് മസാച്ചുഫെസ്റ്റിലെ സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. ജര്‍മ്മന്‍ നായകന്റെ അവസാന മത്സരം കാണാന്‍ സൗഹൃദ മത്സരമായിട്ട് കൂടി നിരവധിപേര്‍ എത്തിയിരുന്നു.

Full View

ക്യാപ്റ്റന്റെ ആം ബാന്‍ഡണിഞ്ഞ് മത്സരത്തിന്റെ ആദ്യ ഇലവനില്‍ ഷ്വായ്ന്‍സ്റ്റീഗറുമുണ്ടായിരുന്നു. ആദ്യ 66 മിനിറ്റാണ് ജര്‍മ്മന്‍ നായകന്‍ കളിച്ചത്. സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടപ്പോള്‍ സ്റ്റേഡിയം നിറഞ്ഞ കാണികള്‍ മുഴുവന്‍ എണീറ്റ് നിന്ന് കയ്യടിച്ചാണ് പ്രിയതാരത്തെ യാത്രയാക്കിയത്.

മത്സരശേഷം സംഘടിപ്പിച്ച വിടവാങ്ങല്‍ ചടങ്ങില്‍ സംസാരിക്കവേ വാക്കുകള്‍ കിട്ടാതെ ഷ്വായ്ന്‍സ്റ്റീഗര്‍ പലപ്പോഴും വിതുമ്പുന്നതും കാണാമായിരുന്നു. മത്സരത്തിനിടയില്‍ ഷ്വെയ്ന്‍സ്റ്റീഗറുടെ കാലില്‍ പന്ത് കിട്ടിയപ്പോഴൊക്കെ ബൊറൂസിയ പാര്‍ക്കില്‍ ജര്‍മന്‍ നായകന് വിട നല്‍കാനായെത്തിയ മുപ്പതിനായിരത്തോളം കാണികള്‍ ആര്‍ത്തു വിളിച്ചു. 67ാം മിനിറ്റില്‍ സൈഡ് ബെഞ്ചിലേക്ക് മടങ്ങിയ ഷ്വെയ്ന്‍സ്റ്റീഗറിന് സ്‌റ്റേഡിയത്തിലെ കാണികളൊന്നാകെ എണീറ്റു നിന്നാണ് ആദരമര്‍പ്പിച്ചത്.

കിക്ക് ഓഫിന് മുമ്പ് നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഷ്വെയ്ന്‍സ്റ്റീഗറിന് കണ്ണീരടക്കാനായില്ല. ''ജര്‍മനിയുടെ ജഴ്‌സിയില്‍ കളിച്ച ഓരോ മത്സരവും ഓരോ ബഹുമതിയായാണ് ഞാന്‍ കരുതുന്നത്. ആരാധകര്‍ക്ക് വേണ്ടി കളിച്ച ഓരോ കളിയും ഞാന്‍ എന്നും ഓര്‍മിക്കും. എപ്പോഴെങ്കിലും എവിടെ വെച്ചെങ്കിലും നമുക്ക് ഇനിയും കാണാം. ജര്‍മന്‍ ടീമിന് ഞാന്‍ എന്റെ എല്ലാ വിധ ആശംസകളും നേരുന്നു'' ആരാധകര്‍ക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള പ്രസംഗത്തില്‍ ഷ്വെയ്ന്‍സ്റ്റീഗര്‍ വികാരാധീനനായി.

ഫ്രാന്‍സില്‍ ഈയിടെ സമാപിച്ച് യൂറോകപ്പിലെ ജര്‍മ്മനിയുടെ തോല്‍വിക്ക് പിന്നാലെയാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കുകയാണെന്ന് ഷ്വായ്ന്‍സ്റ്റീഗര്‍ വ്യക്തമാക്കിയത്. സെമിഫൈനലില്‍ ആതിഥേയരായ ഫ്രാന്‍സിനോടായിരുന്നു ജര്‍മ്മനിയുടെ തോല്‍വി.

നാലു യൂറോകപ്പുകളിലും മൂന്ന് ലോകകപ്പുകളിലും ജര്‍മനിക്കായി ബൂട്ടുകെട്ടിയ താരമാണ് ഷ്വെയ്ൻസ്റ്റീഗർ. 2014ല്‍ ലോകകപ്പ് നേടിയ ജര്‍മന്‍ ടീമില്‍ അംഗമായിരുന്നു. ഇക്കഴിഞ്ഞ യൂറോകപ്പിൽ ജർമനിയെ നയിച്ചത് ഷ്വെയ്ൻസ്റ്റീഗറായിരുന്നു.

Tags:    

Similar News