നിറം മങ്ങിയ ജയത്തോടെ ജര്‍മ്മനി പ്രീ ക്വാര്‍ട്ടറില്‍

Update: 2018-05-15 13:54 GMT
Editor : admin
നിറം മങ്ങിയ ജയത്തോടെ ജര്‍മ്മനി പ്രീ ക്വാര്‍ട്ടറില്‍
Advertising

പന്തടക്കത്തിലും പാസിംഗിലും ഷോട്ടുകളുടെ എണ്ണത്തിലുമെല്ലാം എതിരാളികളെക്കാള്‍ ബഹുദൂരം മുന്നില്‍. എന്നിട്ടും ലോക ചാമ്പ്യന്‍മാര്‍ക്ക് വിജയിക്കാനായത് ഏക ഗോളിലും.

വടക്കന്‍ അയര്‍ലന്‍ഡിനെ തോല്‍പിച്ച് ജര്‍മ്മനി യൂറോ കപ്പിന്‍റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. മരിയോ ഗോമസിന്‍റെ ഏക ഗോളിലാണ് ജര്‍മ്മനിയുടെ ജയം. മൂന്ന് പോയിന്‍റുള്ള വടക്കന്‍ അയര്‍ലന്‍ഡ് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തിയിട്ടുണ്ട്.

പന്തടക്കത്തിലും പാസിംഗിലും ഷോട്ടുകളുടെ എണ്ണത്തിലുമെല്ലാം എതിരാളികളെക്കാള്‍ ബഹുദൂരം മുന്നില്‍. എന്നിട്ടും ലോക ചാമ്പ്യന്‍മാര്‍ക്ക് വിജയിക്കാനായത് ഏക ഗോളിലും. ഇരുപത്തിയൊന്‍പതാം മിനിറ്റില്‍ മുളളറിന്റെ ബുദ്ധിപരമായൊരു പാസില്‍ നിന്നായിരുന്നു ഗോമെസിന്റെ ഗോള്‍. മുള്ളറും ഗോട്സെയും ഓസിലുമടങ്ങുന്ന ലോകോത്തര താരനിര അവസരങ്ങള്‍ പാഴാക്കുന്നതില്‍ മത്സരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

നിര്‍ഭാഗ്യം കൊണ്ടാണ് മുള്ളറിന് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതെങ്കില്‍ കൃത്യതയില്ലാത്തും ദുര്‍ബലവുമായ ഷോട്ടുകളുതിര്‍ത്താണ് ഓസിലും ഗോട്സെയും ആരാധകരെ നിരാശരാക്കിയത്.

ഗോട്സെയുടെ പ്രകടനത്തില്‍ അസംതൃപ്നായ ജാക്കിം ലോ ഒടുവില്‍ 55ആം മിനിറ്റില്‍ പകരക്കാരനായി ഷറിളിനെ കളത്തിലിറക്കി. പക്ഷേ ഫിനിഷിംഗില്‍ ജര്‍മ്മനിക്ക് പിഴച്ചുകൊണ്ടിരുന്നു. ഗോളി മക്ഗോവന്‍റെ മികച്ച ചില സേവുകളൊഴിച്ചാല്‍ വടക്കന്‍ അയര്‍ലന്‍ഡിന് എല്ലാം പിഴച്ച ദിവസം.

മത്സരത്തില്‍ ജര്‍മ്മന്‍ ഗോളി മാന്വല്‍ ന്യൂയര്‍ കാഴ്ചക്കാരനായിരുന്നു. ഒരിക്കല്‍ മാത്രമാണ് ന്യൂയര്‍ പരീക്ഷിക്കപ്പെട്ടത്. മൂന്ന് ഗോളിനെങ്കിലും വിജയിക്കേണ്ട മത്സരം കഷ്ടിച്ച് മറികടന്നതില്‍ പരിശീലകന്‍ ജാക്കിം ലോ സംതൃപ്തനല്ലെന്ന് വ്യക്തം. ഇനി നേരിടേണ്ടത് കരുത്തന്‍മാരെയാണെന്നതിനാല്‍ ഫിനിഷിംഗിലെ പോരായ്മ പരിഹരിച്ചില്ലെങ്കില്‍ ജര്‍മ്മനിയുടെ നിലനില്‍പ് അവതാളത്തിലാകും.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News