സ്മിത്തിന്റെ സൂപ്പര്‍ ഫിനിഷിങ്, ധോണിയെ കൊട്ടി പൂനെ ഉടമയുടെ സഹോദരന്‍
അവസാന ഓവര്‍ വരെ നീണ്ടുനിന്ന മത്സരം നായകന്‍ സ്റ്റീവ് സ്മിത്തിന്റെ മികവിലാണ് പൂനെ സ്വന്തമാക്കിയത്
ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ റൈസിങ് പൂനെ സൂപ്പര്‍ ജിയിന്‍റ് നേടിയത് ത്രസിപ്പിക്കുന്ന ജയം. അവസാന ഓവര്‍ വരെ നീണ്ടുനിന്ന മത്സരം നായകന്‍ സ്റ്റീവ് സ്മിത്തിന്റെ മികവിലാണ് പൂനെ സ്വന്തമാക്കിയത്. മുംബൈ ഉയര്‍ത്തിയ 185 എന്ന വിജയലക്ഷ്യം പൂനെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 19.5 ഓവറില്‍ മറികടന്നു. സ്മിത്ത്(84) രഹാനെ(60) സ്റ്റോക്ക്(21) എം.എസ് ധോണി(12) എന്നിവരാണ് പൂനെക്ക് വേണ്ടി തിളങ്ങിയത്.
അവസാന ഓവര്‍ ഇങ്ങനെ:
പൂനെക്ക് ജയിക്കാന്‍വേണ്ടത് 13 റണ്‍സ്. ക്രീസില്‍ എം.എസ് ധോണിയും നോണ്‍ സ്ട്രൈക്ക് എന്‍ഡില്‍ സ്റ്റീവ് സ്മിത്തും. പന്തെറിയുന്നത് പൊളളാര്‍ഡ്. പൊളളാര്‍ഡിന്‍റെ ആദ്യ പന്ത് കൂറ്റനടിക്ക് ശ്രമിച്ച ധോണിക്ക് പിഴച്ചു, ഒരു റണ്‍സ് മാത്രം. രണ്ടാം പന്തിലും സ്മിത്തിന് നേടാനായത് ഒരു റണ്‍സ്. മൂന്നാം പന്തും ധോണി സിംഗിള്‍ നേടിയതോടെ മുംബൈ ജയം ഉറപ്പിച്ച നിമിഷം. എന്നാല്‍ വിട്ടുകൊടുക്കാന്‍ സ്മിത്ത് തയ്യാറായിരുന്നില്ല. നാലും അഞ്ചും പന്തുകള്‍ സ്മിത്ത് സിക്സര്‍ പായിച്ചപ്പോള്‍ ബെസ്റ്റ് ഫിനിഷര്‍ പേരുള്ള ധോണി കാഴ്ചക്കാരനായി നോണ്‍സട്രേക്ക് അറ്റത്തുണ്ടായിരുന്നു.
എന്നാല്‍ മത്സരശേഷം സ്മിത്തിനെ പുകഴ്‍ത്തി പൂനെ ഉടമയുടെ ബന്ധുക്കളിലൊരാളുടെ ട്വീറ്റ് പുലിവാല് പിടിച്ചു. കാട്ടിലെ രാജാവ് താനാണെന്ന് സ്മിത്ത് തെളിയിച്ചു, ധോണിയെ പിന്നിലാക്കിയെന്നും ക്യാപ്റ്റനായി അദ്ദേഹത്തെ നിയമിച്ചിനെ ന്യായീകരിക്കുന്ന പ്രകടനമായിരുന്നു സ്മിത്തിന്റേതെന്നുമായിരുന്നു പൂനെ ഉടമയുടെ സഹോദരനായ ഹര്‍ഷ് ഗോയങ്കയുടെ ട്വീറ്റ്. ഈ ട്വീറ്റ് വ്യാപക വിമര്‍ശനത്തിനിടയാക്കി. പലരും അദ്ദേഹത്തിനെതിരെ തിരിഞ്ഞു.