ബി.സി.സി.ഐ ലോധ കമ്മിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തും

Update: 2018-05-17 23:05 GMT
Editor : Ubaid
ബി.സി.സി.ഐ ലോധ കമ്മിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തും
Advertising

ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവെങ്കിലും നടപടികള്‍ എത്രയും വേഗം തുടങ്ങണമെന്ന് ലോധ കമ്മിറ്റി ബിസിസിഐയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു

ബി.സി.സി.ഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറും സെക്രട്ടറി അജയ് ഷിര്‍ക്കെയും ലോധ കമ്മിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തും. ബി.സി.സി.ഐയില്‍ സമൂല പരിഷ്ക്കരണം ആവശ്യപ്പെടുന്ന ലോധ കമ്മിറ്റി റിപ്പോര്‍ട്ട് ആറ് മാസത്തിനകം നടപ്പിലാക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. നിര്‍ദേശങ്ങള്‍ ഏത് രീതിയില്‍ നടപ്പാക്കണമെന്ന കാര്യമാകും യോഗത്തില്‍ ചര്‍ച്ചയാവുക.

ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവെങ്കിലും നടപടികള്‍ എത്രയും വേഗം തുടങ്ങണമെന്ന് ലോധ കമ്മിറ്റി ബിസിസിഐയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ അടിസ്ഥാനത്തിലാണ് ബി.സി.സി.ഐ ലോധ കമ്മിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. പ്രസിഡന്‍റ് അനുരാഗ് ഠാക്കൂറും സെക്രട്ടറി അജയ് ഷിര്‍ക്കെയുമാണ് കമ്മിറ്റി അംഗങ്ങളായ ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂറുമായും ജസ്റ്റിസ് ഇബ്രാഹീം കലീഫുള്ളയുമായും ചര്‍ച്ച നടത്തുക. ഓഗസ്റ്റ് ഒന്‍പതിന് നടക്കുന്ന യോഗത്തിലേക്ക് പ്രത്യേകം ഹാജരായി കമ്മിറ്റി റിപ്പോര്‍ട്ട് ഏതു തരത്തില്‍ നടപ്പിലാക്കുമെന്ന് ഇവര്‍ വ്യക്തമാക്കണം.

പരിഷ്ക്കരണങ്ങള്‍ നടപ്പിലാക്കിയതിന് ശേഷമേ ബി.സി.സി.ഐയില്‍ തെരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍ നടത്താനാവൂ എന്ന് ലോധ കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഇതോടെ സംഘടനയുടെ വാര്‍ഷിക പ്രത്യേക ജനറല്‍ ബോഡി യോഗം സെപ്റ്റംബര്‍ അവസാനം വാരം നടത്തേണ്ടി വരും.

എന്നാല്‍ നിര്‍ദേശങ്ങള്‍ക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാന്‍ ബി.സി.സി.ഐ. തീരുമാനിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി സംസ്‌ഥാന അസോസിയേഷനുകള്‍ക്കു സുപ്രീം കോടതിയെ സമീപിക്കാമെന്നു ബി.സി.സി.ഐ. വ്യക്‌തമാക്കിയിട്ടുണ്ട്. ജസ്‌റ്റിസ്‌ ലോധ കമ്മിറ്റിയുടെ ഒരു സംസ്‌ഥാനത്തിന്‌ ഒരു വോട്ട്‌ എന്ന നിര്‍ദേശ പ്രകാരം സൗരാഷ്‌ട്ര ക്രിക്കറ്റ്‌ അസോസിയേഷന്‍, മുംബൈ ക്രിക്കറ്റ്‌ അസോസിയേഷന്‍ പോലുള്ളവയ്‌ക്ക് വോട്ടവകാശം നഷ്‌ടപ്പെടും.

ഒരേ സമയം സംസ്‌ഥാന, ദേശീയ അസോസിയേഷനുകളില്‍ സ്‌ഥാനം വഹിക്കരുതെന്നും നിര്‍ദേശമുണ്ട്‌. ഇത്‌ സെക്രട്ടറി അനുരാഗ്‌ ഠാക്കൂര്‍, ഖജാന്‍ജി അനിരുദ്ധ ചൗധരി, ജോയിന്റ്‌ സെക്രട്ടറി അമിതാഭ്‌ ചൗധരി എന്നിവരെ പ്രതിസന്ധിയിലാക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്‌ പ്രത്യേക ഭരണസമിതി, ക്രിക്കറ്റ്‌ താരങ്ങളുടെ അസോസിയേഷന്‍, സംസ്‌ഥാനങ്ങളില്‍ ഒന്നിലധികം അസോസിയേഷന്‍ ആവശ്യമില്ല, ബി.സി.സി.ഐയില്‍ സി.ഇ.ഒയെ നിയമിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ്‌ സുപ്രീം കോടതി മുന്‍ ചീഫ്‌ ജസ്‌റ്റിസ്‌ ആര്‍.എം. ലോധയുടെ നേതൃത്വത്തിലുള്ള്‌ കമ്മിറ്റി മുന്നോട്ടുവച്ചത്‌.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News