ധോണിയെ തൊട്ട് കളിക്കേണ്ടെന്ന് കൊഹ്‍ലി

Update: 2018-05-18 00:07 GMT
Editor : admin
ധോണിയെ തൊട്ട് കളിക്കേണ്ടെന്ന് കൊഹ്‍ലി
Advertising

ഞാന്‍ മൂന്ന് ഇന്നിങ്സുകളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടാലും എനിക്കു നേരെ വിരല്‍ ചൂണ്ടാന്‍ ആരും തയ്യാറല്ല,.കാരണം ഞാന്‍ 35 വയസിന് മുകളിലല്ല. ധോണി കായികക്ഷമതയുടെ കാര്യത്തില്‍ പൂര്‍ണനാണ്.

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്‍റി മത്സരത്തിലെ മെല്ലെപ്പോക്കിന്‍റെ പേരില്‍ മഹേന്ദ്ര സിങ് ധോണിയെ വിമര്‍ശിക്കുന്നത് തികച്ചും ദൌര്‍ഭാഗ്യകരമാണെന്ന് നായകന്‍ വിരാട് കൊഹ്‍ലി. അദ്ദേഹം ബാറ്റിങിന് വരുന്ന ക്രമം കൂടി നാം ഓര്‍ക്കണം. ഹാര്‍ദിക് പാണ്ഡ്യക്കും ആ മത്സരത്തില്‍ തിളങ്ങാനായില്ല. എന്നിട്ടും നമ്മള്‍‌ ഒരാളെ മാത്രം ഉന്നംവയ്ക്കുന്നു. നമ്മള്‍ ബോധപൂര്‍വ്വം ഒരാളെ കുറ്റപ്പെടുത്തുകയാണ്. അത് നീതിക്ക് നിരക്കാത്തതാണ്. ധോണി കടന്നു വരുമ്പോള്‍ ആവശ്യമായ റണ്‍റേറ്റ് ഓവറില്‍ എട്ടരയോ ഒമ്പതരയോ റണ്‍ ആയിരിക്കുമെന്നും ഇന്നിങ്സിന്‍റെ തുടക്കത്തിലെന്ന പോലെ ബാറ്റിങ് എളുപ്പമായിരിക്കുകയില്ലെന്നും നാം മനസിലാക്കേണ്ടതുണ്ട്. മുന്‍ നിര ബാറ്റ്സ്മാന്‍മാര്‍ക്ക് സാധിക്കുന്നതു പോലെ അത്ര എളുപ്പത്തില്‍ പന്ത് അടിച്ചകറ്റാന്‍ പിന്നീട് വരുന്നവര്‍ക്ക് കഴിയുകയില്ല. മത്സരത്തിന്‍റെ രണ്ടാം പകുതിയോടെ വിക്കറ്റിന്‍റെ സ്വഭാവവും മാറും. ഇതെല്ലാം നാം പരിഗണിക്കേണ്ടതുണ്ട്.

Full View

ടീം മാനേജ്മെന്‍റിനും സഹകളിക്കാര്‍ക്കും അദ്ദേഹം ബാറ്റിങിന് ഇറങ്ങിച്ചെല്ലുന്ന സാഹചര്യം വ്യക്തമായി അറിയാമെന്നും മറ്റൊരു വീക്ഷണത്തില്‍ കാര്യങ്ങളെ കാണുന്നവരുടെ അഭിപ്രായങ്ങള്‍ തങ്ങള്‍ നെഞ്ചിലേറ്റാറില്ലെന്നും ഇന്ത്യന്‍ നായകന്‍ വിശദമാക്കി.

കളത്തിലിറങ്ങി കളിക്കുന്ന ഒരാള്‍ക്ക് മാത്രമെ വിക്കറ്റിന്‍റെ സ്വഭാവവും ബാറ്റിങിന് ഇറങ്ങുന്ന സാഹചര്യവുമെല്ലാം അറിയാന്‍ കഴിയുകയുള്ളൂ. ധോണി നല്ല പ്രകടനമാണ് പുറത്തെടുക്കുന്നതെന്നാണ് എന്‍റെ വിലയിരുത്തല്‍. അദ്ദേഹം കളിയെ നന്നായി മനസിലാക്കുന്നു, സ്വന്തം റോള്‍ എന്താണെന്ന വ്യക്തമായ ധാരണയും അദ്ദേഹത്തിനുണ്ട്. എന്നാല്‍ എല്ലാ മത്സരങ്ങളിലും ഒരുപോലെയുള്ള പ്രകടനം പ്രതീക്ഷിക്കരുത്. ഡല്‍ഹി മത്സരത്തില്‍ ധോണി അടിച്ച സിക്സറിന്‍റെ റീപ്ലേ മത്സരശേഷം അഞ്ച് തവണയെങ്കിലും കാണിച്ചിട്ടുണ്ട്. ഇത് കണ്ട് നമ്മള്‍ സ്വയം മറന്ന് ആഹ്ളാദിച്ചു. അടുത്ത മത്സരത്തില്‍ നമ്മളാശിച്ച ഇന്നിങ്സ് അദ്ദേഹത്തിന് പുറത്തെടുക്കാനായതോടെ അദ്ദേഹത്തിന്‍റെ ജീവനു പിന്നാലെ നാം പായുന്നു. ആളുകള്‍ കുറച്ചു കൂടി ക്ഷമ കാണിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. മറ്റ് ക്രിക്കറ്റര്‍മാരെ നന്നായി വായിക്കുന്ന താരമാണ് ധോണി. കായികക്ഷമതയിലും മത്സരക്ഷമതയിലുമെല്ലാം താന്‍ എവിടെ നില്‍ക്കുന്നു എന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അത് അദ്ദേഹത്തിന് വേണ്ടി മറ്റാരും നിര്‍ണയിക്കേണ്ട ആവശ്യമില്ലെന്നാണ് എന്‍‌റെ നിരീക്ഷണം.

ധോണിയെ മാത്രം വേര്‍തിരിച്ച് എന്തിനാണ് ആളുകള്‍ കുറ്റപ്പെടുത്തുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകാത്ത ഒരു കാര്യമാണെന്ന് കൊഹ്‍ലി പറഞ്ഞു. ഞാന്‍ മൂന്ന് ഇന്നിങ്സുകളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടാലും എനിക്കു നേരെ വിരല്‍ ചൂണ്ടാന്‍ ആരും തയ്യാറല്ല,.കാരണം ഞാന്‍ 35 വയസിന് മുകളിലല്ല. ധോണി കായികക്ഷമതയുടെ കാര്യത്തില്‍ പൂര്‍ണനാണ്. എല്ലാ പരിശോധനകളും അദ്ദേഹം വിജയകരമായി തന്നെ പൂര്‍ത്തിയാക്കുന്നു. തന്നാലാവുന്ന വിധം , ബാറ്റ് കൊണ്ടും ഫീല്‍ഡില്‍ തന്ത്രങ്ങള്‍ മെനഞ്ഞും അദ്ദേഹം ടീമിനെ സഹായിക്കുന്നു. ആസ്ത്രേലിയക്കും ശ്രീലങ്കക്കുമെതിരായ പരമ്പരകളില്‍ അദ്ദേഹം നല്ല പ്രകടനം പുറത്തെടുത്തിരുന്നു. ഈ പരമ്പരയില്‍ ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് അധികം അവസരം ലഭിച്ചിട്ടില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News