റൊണാള്‍ഡോ ഗോളുകളില്‍ പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍
ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഹംഗറി അവസാന പതിനാറില്‍ എത്തിയതെങ്കില്‍ മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഒന്നായാണ് പോര്ച്ചുഗലിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശം.
ഗ്രൂപ്പിലെ അവസാന മത്സരത്തിലെ സമനിലയോടെ പോര്‍ച്ചുഗലും ഹംഗറിയും യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഇരു ടീമുകളും മൂന്ന് ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഹംഗറി അവസാന പതിനാറില്‍ എത്തിയതെങ്കില്‍ മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഒന്നായാണ് പോര്ച്ചുഗലിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശം.
മത്സരം തുടങ്ങുമ്പോള്‍ സമ്മര്‍ദ്ദം കൂടുതലും പോര്‍ച്ചുഗലിന്. ഹംഗറി ഏറെക്കുറെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. തോറ്റാല്‍ പോര്‍ച്ചുഗല്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരും. പോര്‍ച്ചുഗലിന്‍റെ ആധി കൂട്ടി ഹംഗറി ആദ്യം ഗോളടിച്ചു. നാനിയിലൂടെ പോര്‍ച്ചുഗല്‍ അത് മടക്കി നല്‍കി.
ബൊലാഷ് ജൂജാക്കിന്റെ ഫ്രീ കിക്ക് പോര്‍ച്ചുഗല്‍ താരം ഗോമസിന്റെ ചുമലില്‍ തട്ടി വലയില്‍ കയറിയപ്പോള്‍ ഹംഗറി വീണ്ടും മുന്നില്‍. ഇത്തവണ തിരിച്ചടിക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തി. ടൂര്‍ണമെന്‍റ് കാത്തിരുന്ന ഗോള്‍. വീണ്ടും പോര്‍ച്ചുഗല്‍ താരത്തിന്റെ സഹായത്തോടെ ജൂജാക്കിന്‍റെ ഗോള്‍. ആരാധകരും ക്രിസ്റ്റ്യാനോയും ആദ്യം നിരാശരായി. പിന്നെ സമനില കണ്ടെത്തി. ഇതിനിടയില്‍ പോര്‍ച്ചുഗലിന്‍റെ ഒരു ഗോളിന് ഓഫ്സൈഡ് പതാകയും ഹംഗറിയുടെ ശ്രമത്തിന് പോസ്റ്റും വില്ലനായി. യൂറോയിലെ ഏറ്റവും വാശിയേറിയ മത്സരത്തിനൊടുവില്‍ ഇരു സംഘങ്ങളും പ്രീ ക്വാര്‍ട്ടറിലേക്ക്.