വീണ്ടും കോഹ്‍ലി, ഡിവില്ലിയേഴ്‍സ്; ബാംഗ്ലൂരിന് അനായാസ ജയം
കോല്‍ക്കത്ത ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം ബാംഗ്ലൂര്‍ എട്ട് പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു.
വിരാട് കോഹ്‌ലിയുടെയും എ.ബി ഡിവില്ലിയേഴ്‌സിന്റെയും അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ഒമ്പതു വിക്കറ്റ് ജയം. കോല്‍ക്കത്ത ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം ബാംഗ്ലൂര്‍ എട്ട് പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. ഇതോടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഐപിഎൽ ക്രിക്കറ്റിൽ പ്ലേ ഓഫ് സാധ്യത സജീവമായി നിലനിർത്തി.
ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും (75) എ.ബി ഡിവില്ലിയേഴ്സും (59) തന്നെ ഇത്തവണയും വിജയശിൽപികൾ. ക്രിസ് ഗെയ്ൽ 49 റൺസെടുത്ത് പുറത്തായി. റൺവേട്ട തുടർന്ന കോഹ്‌ലി പുതിയ റെക്കോർഡുമിട്ടു. ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ റൺസ്–12 കളികളിൽ 752.
നേരത്തെ ടോസ് നേടിയ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്‌ലി കൊൽക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നായകന്‍ ഗൗതം ഗംഭീറിന്റെയും (51) മനീഷ് പാണ്ഡയുടെയും (50) അര്‍ധ സെഞ്ചുറികളും ആന്ദ്രേ റസലിന്റെ (39) കൂറ്റന്‍ അടികളുമാണ് കോല്‍ക്കത്തയ്ക്ക് വലിയ സ്‌കോര്‍ നല്‍കിയത്. റസല്‍ 19 പന്തില്‍നിന്നാണ് 39 റണ്‍സെടുത്തത്. 11 പന്തില്‍ 18 റണ്‍സെടുത്ത ഷാക്കീബ് അല്‍ഹസനും റസലും പുറത്താകാതെ നിന്നു.
സ്കോർ: കൊൽക്കത്ത–20 ഓവറിൽ അഞ്ചിന് 183. ബാംഗ്ലൂർ–18.4 ഓവറിൽ ഒന്നിന് 186.