ഉത്തേജക മരുന്ന്: 31 കായികതാരങ്ങള്‍ക്ക് ഒളിംമ്പിക്സ് നഷ്ടമാകാന്‍ സാധ്യത
2008 ബെയ്ജിങ് ഒളിംപിക്സിലെ 454 സാംപിളുകളില്‍ നടത്തിയ പരിശോധനയിലാണ് താരങ്ങള്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞത്.
12 രാജ്യങ്ങളില്‍ നിന്നുള്ള 31ഓളം കായികതാരങ്ങള്‍ക്ക് ഒളിംമ്പിക്സ് നഷ്ടമാകാന്‍ സാധ്യത. 2008ലെ ബെയ്ജിങ് ഒളിംപിക്സില്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് താരങ്ങളെ അയോഗ്യരാക്കാന്‍ അന്താരാഷ്ട്ര ഒളിംമ്പിക് കമ്മിറ്റി തീരുമാനിച്ചത്. എന്നാല്‍ താരങ്ങളുടെ പേര് പുറത്തുവിടാന്‍ കമ്മിറ്റി തയ്യാറായില്ല.
2008 ബെയ്ജിങ് ഒളിംപിക്സിലെ 454 സാംപിളുകളില്‍ നടത്തിയ പരിശോധനയിലാണ് താരങ്ങള്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞത്. ഇവരെ ആഗസ്തില്‍ നടക്കുന്ന റിയോ ഒളിംപിക്സില്‍ നിന്നും വിലക്കാനാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ തീരുമാനം. ആറ് കായിക ഇനങ്ങളിലായി 31ഓളം താരങ്ങള്‍ക്ക് ഒളിംപിക്സ് നഷ്ടമാകാനാണ് സാധ്യത. ഒളിംപിക്സില്‍ ഉത്തേജകമരുന്നുകളുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുക എന്നതാണ് നടപടിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ഒളിംപിക് കമ്മിറ്റി അറിയിച്ചു. എന്നാല്‍ കായികതാരങ്ങളുടെ പേര് പുറത്തുവിടാന്‍ ഒളിംപിക് കമ്മിറ്റി തയ്യാറായില്ല. പുനപരിശോധനകള്‍ക്ക് ശേഷം മാത്രമെ ഇവരുടെ പേരുകള്‍ പുറത്തുവിടൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. ലോക ഉത്തേജകവിരുദ്ധ ഏജന്‍സിയുടെയും അന്താരാഷ്ട്ര ഫെഡറേഷനുകളുടെയും സഹകരണത്തോടെയാണ് പുനപ്പരിശോധനകള്‍ നടത്തുക. റിയോ ഒളിംപിക്സില്‍ പങ്കെടുക്കുന്ന താരങ്ങളെ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ നടത്തുക. 2014 വിന്റര്‍ ഒളിംപിക്സിലെയും 2012 ലണ്ടന്‍ ഒളിംപിക്സിലെയും സാംപികളുകള്‍ പുനപ്പരിശോധനക്ക് വിധേയമാക്കും. ഒളിംപിക്സ് മത്സരങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്താനാണ് കര്‍ശനനടപടികളിലൂടെയും പരിശോധനകളിലൂടെയും കമ്മിറ്റി ലക്ഷ്യം വെക്കുന്നത്.