മുത്തശ്ശിക്കഥ ഇനി ഓർമ്മയിൽ

Update: 2018-05-19 23:28 GMT
Editor : Subin
മുത്തശ്ശിക്കഥ ഇനി ഓർമ്മയിൽ
Advertising

ഐസ്‌ലണ്ട് എങ്ങിനെ പന്തു കളിക്കുന്നു എന്നു കൂടി മനസിലാക്കിയാലേ ഈ വിസ്മയം പരിധികള്‍ ഇല്ലാത്തതാണെന്ന് അറിയൂ. നേരെ നടക്കാന്‍ പാകത്തിലുള്ള ഒരു പ്രതലം അവര്‍ക്കില്ല. അഗ്‌നിപര്‍വ്വതങ്ങള്‍ പൊട്ടിയൊലിച്ച ലാവ അടിഞ്ഞുകൂടിയ പ്രതലങ്ങള്‍... അതിന്‍റെ ചാരമാണവരുടെ മണ്ണ്...

ഐസ്‌ലണ്ടിനെ കുറിച്ചു ആദ്യം കേള്‍ക്കുന്നത് 1972ണ്, ഇന്നത്തെ പോലെ നേരിട്ടുകാണുവാനുള്ള സൗകര്യങ്ങള്‍ ഒന്നുമില്ലാതിരുന്ന അക്കാലത്തു ലോക കായികരംഗത്തെയും രാഷ്ട്രീയ രംഗത്തെയും പ്രധാന ചര്‍ച്ചാ വിഷയമായ ഏറ്റവും സുപ്രധാനമായ ഒരു സ്‌പോര്‍ട്‌സ് പോരാട്ടം നടന്നിരുന്നു. റഷ്യക്കാരന്‍ ബോറിസ് സ്പാസ്‌ക്കിയും അദ്ദേഹത്തെ വെല്ലുവിളിച്ച അമേരിക്കക്കാരന്‍ ബോബി ഫിഷറും തമ്മിലെ ലോക ചെസ്‌കിരീടത്തിനു വേണ്ടിയുള്ള പോരാട്ടം നടന്നത് ഇന്നത്തെ നമ്മുടെ വിസ്മയ ടീം ആയ ഐസ്‌ലണ്ടുകാരുടെ തലസ്ഥാനമായ റിയാക്ക് ജാവിക്കില്‍ വച്ചായിരുന്നു. മാസങ്ങളോളം ആ പേര് അന്ന് കളികളെ സ്‌നേഹിച്ചിരുന്നവരുടെ മനസില്‍ നില നിന്നിരുന്നു. 44 വര്‍ഷങ്ങള്‍ക്കു ശേഷം ആ രാജ്യം വിസ്മയമായി വീണ്ടും നമ്മുടെ മനസുകളില്‍ എത്തുന്നത് ഈ യൂറോകപ്പില്‍ ഫുട്‌ബോളിന്റെ പിതൃഭൂമിയെ ക്വാര്‍ട്ടര്‍ പോലും കാണിക്കാതെ അവര്‍ പുറത്താക്കുന്നത് കണ്ടുകൊണ്ടാണ്!

യൂറോകപ്പിലെ അതിശയിപ്പിക്കുന്ന പ്രകടനങ്ങള്‍ കൊണ്ടു മാത്രമല്ല വൈക്കിങ്ങുകള്‍ എന്ന പുരാതന കാല സ്‌കാന്റിനേവിയന്‍ സമുദ്ര യാത്രക്കാരുടെയും കടല്‍ കൊള്ളക്കാരുടെയും നാട് വിസ്മയ ടീം എന്നു അറിയപ്പെടേണ്ടത്. അവര്‍ എങ്ങിനെ പന്തു കളിക്കുന്നു എന്നു കൂടി മനസിലാക്കിയാലേ ഈ വിസ്മയം പരിധികള്‍ ഇല്ലാത്തതാണെന്ന് അറിയൂ. നേരെ നടക്കാന്‍ പാകത്തിലുള്ള ഒരു പ്രതലം അവര്‍ക്കില്ല. അഗ്‌നിപര്‍വ്വതങ്ങള്‍ പൊട്ടിയൊലിച്ച ലാവ അടിഞ്ഞുകൂടിയ പ്രതലങ്ങള്‍... അതിന്‍റെ ചാരമാണവരുടെ മണ്ണ്. പിന്നെ ചുറ്റും കടലും പര്‍വത നിരകളും വെളുത്ത ഹിമ മലകളും, യൂറോപ്പില്‍ വലുപ്പത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഈ ദീപില്‍ മൂന്നേകാല്‍ ലക്ഷം ജനങ്ങളും അവര്‍ക്കു കളിക്കുവാന്‍ വിരലില്‍ എണ്ണാവുന്ന ഔട്ട്ഡോര്‍ സ്‌റ്റേഡിയങ്ങളും.

പുറത്തുകളിക്കുവാനുള്ള സാഹചര്യമല്ലാത്തതു കൊണ്ടു മുകള്‍ഭാഗം കെട്ടിമറച്ച ഇന്‍ഡോര്‍ കളിക്കളത്തിലാണ് അവരുടെ കുട്ടികള്‍ കളി പഠിക്കുന്നതും അതില്‍ നിന്നു പ്രൊഫഷണല്‍ കളിക്കാരെ സൃഷ്ടിക്കുന്നതും, ഒടുവില്‍ യോഗ്യതാമത്സരങ്ങളില്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ഹോളണ്ടിന്‍റെയും തുര്‍ക്കിയുടെയും വഴി മുടക്കി ഫ്രാന്‍സില്‍ എത്തി ഇംഗ്ലണ്ടിനേയും മറികടന്നു അവര്‍ അവസാന എട്ടില്‍ എത്തിയിരിക്കുന്നതും, മുത്തശ്ശിക്കഥകളില്‍ പോലും പറഞ്ഞുകേട്ടിട്ടില്ലാത്ത അതിശയക്കഥകളുമായി അവര്‍ ഇതുവരെ എത്തി നില്‍ക്കുന്നു. (തുര്‍ക്കി പ്‌ളേ ഓഫിലൂടെ ഒടുവില്‍ കടന്നു കൂടിയിരുന്നു )

Full View

ഇന്നത്തെ അവരുടെ പ്രതിയോഗികളുമായിട്ടവര്‍ ഇതിനു മുന്‍പ് 11 തവണ ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ഐസ്ലണ്ടുകാര്‍ക്കു വിജയിക്കുവാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുള്ള ആത്മ വിശ്വാസവുമായി അനായാസം കളി ജയിച്ചു കളയാം എന്നു കരുതിയില്ല ആതിഥേയരായ ഫ്രഞ്ചുകാര്‍ അവരുടെ അണികളെ രംഗത്തു ഇറക്കിയത്. തങ്ങളുടെ രീതിയില്‍ തന്നെ കളിക്കുന്ന ഇംഗ്ലീഷ് കാര്‍ ഐസ്ലന്‍ഡിനു മുന്നില്‍ വെള്ളം കുടിച്ച കാഴ്ചകള്‍ മനസിലുള്ള ദീദാര്‍ ഡിഷാമ്ബ് വൈക്കിങ്ങുകളുടെ കടന്നുകയറ്റം തടയുന്നവിധമൊരു പ്രതിരോധവും അവരുടേതുപോലെ ആകസ്മികമായ പ്രത്യാക്രമണ മൊരുക്കുവാന്‍ തക്ക മധ്യ മുന്നേറ്റ നിരകളെയും സാമുന്നയിപ്പിച്ചുകൊണ്ടു സര്‍വവിധ സാങ്കേതിക മികവുമായി തന്നെ ല ബ്ലൂസിനെ രംഗത്തിറക്കിയിരുന്നു.

രണ്ടു മഞ്ഞക്കാര്‍ഡുകള്‍ കിട്ടി സസ്‌പെന്‍ഷന്‍ വാങ്ങിയ ആദില്‍ റാമിക്കും, എന്‍ ഗോളാ കാന്‍ടെക്കും പകരം സാമുവല്‍ ഉമീറ്റിയെയും സാഗ്ഗീനയേയും ഉള്‍പ്പെടുത്തി 4-2-3-1 ശൈലിയില്‍ സന്തുലിതമായ ആക്രമണ പ്രതിരോധ നിരയൊരുക്കിയാണ് ഇന്ന് ഫ്രഞ്ചുകാര്‍ കളിതുടങ്ങിയത്. മുന്നേറ്റനിരയില്‍ ദിമിത്രി പയറ്റ്, ആന്‍റണ്‍ ഗ്രീസ്മാന്‍ ,ഒളിവര്‍ ജിറോ സഖ്യം അസാധാരണ ഗതി വേഗവും ആയി ഒത്തിണങ്ങി മുന്നേറിയപ്പോള്‍ അതിനെ നേരിടാന്‍ തക്ക പിന്നോക്ക നിര സജീകരിക്കാനുള്ള തന്ത്രമായിരുന്നില്ല ഇന്ന് ഐസ്‌ലന്‍ഡുകാര്‍ സ്വീകരിച്ചത്. അതോടെ ഒന്നാം മിനിറ്റു മുതല്‍ തിരമാലകള്‍ പോലെ ഫ്രഞ്ച് മധ്യ ആക്രമണ നിര വൈക്കിങ്ങുകളുടെ പെനാല്‍റ്റി മേഖല വളഞ്ഞാക്രമിച്ചു. എപ്പോള്‍ ഫ്രഞ്ച് ഗോള്‍ പിറക്കുമെന്ന സംശയമേ ആദ്യ നിമിഷങ്ങളില്‍ ഉണ്ടായിരുന്നുള്ളു.

ഫ്രഞ്ചുകാരുടെ എല്ലാ മുന്നേറ്റങ്ങളുടെയും സൂത്ര ധാരനായ മൂസാ സിസ്സാക്കോ നല്‍കിയ പാസുമായി മുന്നേറിയ മാറ്റൂഡിയുടെ ക്രോസ്സ് ഒരുഇടങ്കാല്‍ അടിയോടെ ജിറു ഐസ്‌ലാന്‍ഡ് വലകടത്തിയപ്പോള്‍ ഇന്നത്തെ ഗോള്‍ മഴക്ക് തുടക്കമായി. ഗോള്‍ കടന്നതോടെ പ്രത്യാക്രമണം തുടങ്ങിയ ഐസ്‌ലാന്‍ഡ് 'പുത്രന്മാര്‍ ' ഫ്രഞ്ച് പ്രതിരോധ നിരയില്‍ ആവേശമുയര്‍ത്തി. തുടര്‍ന്നു ഇരുവശവും പ്രത്യാക്രമണത്തിനാണ് പ്രാധാന്യം നല്‍കിയത്. ഫ്രഞ്ചുകാരുടെ പുതിയ സഖ്യം പയറ്റ് ഗ്രീസ്മാന്‍ ജീറു സഖ്യം ഒത്തിണക്കത്തോടെ മുന്നേറിയപ്പോള്‍ ഐസ്‌ലാന്‍ഡ് പ്രതിരോധനിര ഇന്ന് ആദ്യമായി കെട്ടുറപ്പില്ലാത്തമട്ടില്‍ പതറുകയും ചെയ്തു. ഇത്തരം ഒരു ആശയക്കുഴപ്പത്തില്‍ പത്തൊന്‍പതാം മിനിറ്റില്‍ ഫ്രഞ്ചുകാര്‍ക്ക് ലഭിച്ച കോര്‍ണര്‍ ഗ്രീസ്മാന്‍ എടുത്തത് പെനാല്‍റ്റി ബോക്‌സില്‍ കാത്തു നിന്നിരുന്ന പോള്‍ പോഗ്ബ ഉയര്‍ന്നു ചാടി ഹെഡ് ചെയ്തു ല ബ്ലൂസിന്റെ രണ്ടാം ഗോള്‍ നേടി.

എന്നിട്ടും പ്രതിരോധത്തില്‍ ശ്രദ്ധിക്കാതെ ഐസ്‌ലന്‍ഡുകാര്‍ ടോട്ടല്‍ ഫുട്‌ബോള്‍ മാതൃകയില്‍ കൗണ്ടര്‍ അറ്റാക്കിനു തുനിഞ്ഞതോടെ ഐസ്‌ലാന്‍ഡ് വലയില്‍ തുരു തുരാ ഗോളുകളും വീണു. ഇന്ന് ഫ്രഞ്ച് മുന്നേറ്റ നിരയില്‍ ഒത്തിണങ്ങി മുന്നേറിയ ജിറുവും പയറ്റും ഗ്രീസ്മാനും മാറി മാറി ഗോളുകള്‍ അടിച്ചു കൂട്ടിയപ്പോള്‍ 59 മിനിട്ടിനിടയില്‍ ഫ്രഞ്ചുകാര്‍ 5 ഗോളുകള്‍ക്ക് മുന്നിലായി, മറ്റേതൊരു ടീമിന്‍റെയും സമനില തെറ്റിച്ചാക്കാവുന്ന അവസ്ഥയില്‍ പോലും പരിഭ്രമിക്കാതെ വീണ്ടും ഒത്തൊരുമയോടെ മുന്നേറിയ ഐസ്‌ലന്‍ഡുകാരെയാണ് പിന്നീട് കണ്ടത്. അതിശക്തമായ ഫ്രഞ്ച് ഡിഫന്‍സില്‍ വിള്ളലുണ്ടാക്കി അവര്‍ ആകസ്മിക മായി ലൊറീയുടെ വലയില്‍ പന്തെത്തിക്കുകയും ചെയ്തു. അന്‍പത്തിആറാം മിനിറ്റില്‍ സീഗുറ്റൊര്‍സനും എണ്‍പത്തിനാലാം മിനിറ്റില്‍ ബീജോര്‍സനും നേടിയ ഗോളുകള്‍ക്ക് വിജയ ഗോളുകള്‍ക്ക് ഒപ്പമോ അതിലധികമോ വിലയുണ്ടായിരുന്നു. അത്രക്കും വീരോചിതമായ കടന്നു കയറ്റങ്ങള്‍ ആയിരുന്നു ഇന്നത്തെ അവരുടെ പ്രത്യാക്രമണങ്ങളുടെ ഗതിവേഗവും ചന്തവും.

ഫ്രഞ്ച് കാര്‍ക്ക് ഇന്ന് അനായാസം വിജയിക്കുവാന്‍ കഴിഞ്ഞതിനുള്ള പ്രധാനകാരണങ്ങള്‍ അവരുടെ മധ്യ നിരയില്‍ പോഗ്ബയും മറ്റൊടിയും സിസോക്കോയും യന്ത്ര സമാനമായ കൃത്യതയോടെ പാസുകള്‍ എത്തിച്ചതും പതിവില്ലാത്തവിധം അവര്‍ക്കു ജിറു ഗ്രീസ്മാന്‍ പയറ്റ് എന്നിവരടങ്ങിയ ഒന്നാതരം ഒരു ആക്രമണനിര ലഭിച്ചതുമായിരുന്നു. ഒപ്പം ഒരു ടോട്ടല്‍ ഫുട്‌ബോള്‍ സംവിധാനത്തില്‍ പ്രതിരോധം പാടെ അവഗണിച്ചുകൊണ്ട് പ്രത്യാക്രമണത്തില്‍ മാത്രം ഐസ്‌ലന്‍ഡുകാര്‍ ശ്രദ്ധിച്ചതും ആയിരുന്നു. അതുകൊണ്ടുതന്നെയായിരുന്നു ഇന്ന് ഫ്രഞ്ച് തിരയൊഴുക്കില്‍ അവരുടെ മഞ്ഞു മല തകര്‍ന്നു പോയതും. എന്തായാലും ആദ്യമായി യൂറോകപ്പിനെത്തി വമ്പന്മാരായ ആസ്ട്രിയക്കാരെയും ഇംഗ്ലണ്ടിനെയും വീഴ്ത്തി പോര്‍ട്ട്ഗലുമായി സമനിലയും നേടിയ വൈക്കിങ്ങുകള്‍ ഹൃദയം കൊണ്ടു പന്തുകളിക്കുന്നവരാണെന്നു തെളിയിച്ചുകൊണ്ട് ഒരുപാട് ഫുട്‌ബോള്‍ ഹൃദയങ്ങളും ഒപ്പം കൂട്ടിയാണ് മടങ്ങുന്നത്.

Full View
Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News