ദാദ ഭയക്കേണ്ട, അവസാന ഓവര്‍ ഞാന്‍ ചെയ്യാം - ഗാംഗുലിയോട് നെഹ്റ പറഞ്ഞത്
ഇന്ത്യക്ക് ഭീഷണിയായി നിലകൊണ്ടിരുന്ന മോയിന്‍ ഖാനെ വീഴ്ത്തിയ നെഹ്റ ഓവറില്‍ വഴങ്ങിയത് കേവലം മൂന്ന് റണ്‍സ് മാത്രം.
ഇന്ത്യന്‍ ക്രിക്കറ്റില്‍ പോരാട്ടം വീര്യം കുത്തിവച്ച നായകനെന്ന നിലയിലാണ് സൌരവ് ഗാംഗുലി അറിയപ്പെടുന്നത്. എന്നാല്‍ കളത്തില്‍ പതറിയ ഗാംഗുലിക്ക് ആശ്വാസമായി നെഹ്റ മാറിയ കഥ അധികമാര്‍ക്കും അറിയില്ല. 2004ല്‍ പാകിസ്കാനെതിരെ കറാച്ചിയില്‍ നടന്ന ഏകദിനത്തിലാണ് അവസാന ഓവര്‍ ആരെ ഏല്‍പ്പിക്കണമെന്ന ആശങ്കയില്‍ നി്ന്ന ദാദക്ക് ആശ്വാസമായി നെഹ്റ എത്തിയത്. ദാദ ഞാന്‍ എറിയാം, താങ്കള്‍ ഭയപ്പെടേണ്ട, മത്സരം ഞാന്‍ ജയിപ്പിക്കാം എന്നായിരുന്നു നെഹ്റ പറഞ്ഞതെന്ന് അന്ന് ടീമിലുണ്ടായിരുന്ന ഹേമന്ത് ബദാനി ഓര്‍ത്തെടുത്തു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച നെഹ്റക്ക് ആശംസകള്‍ അര്‍പ്പിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് പോസ്റ്റിലാണ് ബദാനി പഴയ കാര്യം ഓര്‍ത്തെടുത്തത്.
ഇന്ത്യ 350 റണ്‍സ് അടിച്ചെടുത്തതിന് ശേഷം കളിക്കാനിറങ്ങിയ പാകിസ്താന്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചു. അവസാന ഓവറില്‍ പാകിസ്താന് ഒമ്പതോ പത്തോ റണ്‍സാണ് വേണ്ടിയിരുന്നത്. പന്ത് ആര്‍ക്ക് കൈമാറണമെന്ന സംശയത്തിലായിരുന്നു ഗാംഗുലി. ഈ സമയത്താണ് ഫൈന്‍ ലെഗിലുണ്ടായിരുന്ന നെഹ്റ നായകന്‍റെ അടുത്ത് ഓടിയെത്തി ദൌത്യം ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചത്. ഇന്ത്യക്ക് ഭീഷണിയായി നിലകൊണ്ടിരുന്ന മോയിന്‍ ഖാനെ വീഴ്ത്തിയ നെഹ്റ ഓവറില്‍ വഴങ്ങിയത് കേവലം മൂന്ന് റണ്‍സ് മാത്രം.