ഉഷയും അഞ്ജുവും ഉള്‍പ്പെടെ അഞ്ച് പേരോട് കായിക നിരീക്ഷക പദവി ഒഴിയണമെന്ന് കായിക മന്ത്രാലയം
പി ടി ഉഷയും അഞ്ജു ബോബി ജോർജും അഭിനവ് ബിന്ദ്രയുമടക്കമുള്ള അഞ്ച് കായിക താരങ്ങളോട് കായിക നിരീക്ഷക പദവി ഒഴിയണമെന്ന് ദേശീയ കായിക മന്ത്രാലയം.
പി ടി ഉഷയും അഞ്ജു ബോബി ജോർജും അഭിനവ് ബിന്ദ്രയുമടക്കമുള്ള അഞ്ച് കായിക താരങ്ങളോട് കായിക നിരീക്ഷക പദവി ഒഴിയണമെന്ന് ദേശീയ കായിക മന്ത്രാലയം. സ്വകാര്യ പരിശീലന കേന്ദ്രങ്ങൾ നടത്തുന്നവരെന്ന നിലയിലാണ് ഇവരെ ഒഴിവാക്കുന്നത്. എന്നാല്‍ തനിക്ക് പരിശീലന കേന്ദ്രങ്ങളില്ലെന്ന് അഞ്ജു ബോബി ജോർജ് പറഞ്ഞു.
കഴിഞ്ഞ വർഷം മാർച്ചിലാണ് 12 ഒളിംപിക്സ് താരങ്ങളെ ഉൾപ്പെടുത്തി ദേശീയ നിരീക്ഷണ സംഘത്തെ കേന്ദ്ര കായിക മന്ത്രാലയം നിയമിച്ചത്. 2020 ഒളിംപിക്സിന് താരങ്ങളെ വളർത്തി കൊണ്ടു വരാൻ ലക്ഷ്യമിട്ടായിരുന്നു സംഘത്തെ നിയോഗിച്ചത്. തനിക്ക് സ്വകാര്യ അക്കാദമി ഇല്ലെന്ന് അഞ്ചു ബോബി ജോർജ് പ്രതികരിച്ചു. ഭർത്താവ് ബോബി ജോർജിന് ആണ് അക്കാദമിയുള്ളത് എന്നും അഞ്ജു പറഞ്ഞു.
പി ടി ഉഷ, അഭിനവ് ബിന്ദ്ര, ഭാരോദ്വഹന താരം കർണം മല്ലേശ്വരി, ടേബിള്‍ ടെന്നിസ് താരം കമലേഷ് മെഹ്ത എന്നിവരും ഈ പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ നാല് പേരും ഡിസംബര്‍, ജനുവരി എന്നീ മാസങ്ങളില്‍ രാജിവെച്ചിരുന്നു. ഒളിംപിക്സിന് രണ്ട് വർഷം മാത്രം അവശേഷിക്കെ ഏഴ് കായിക താരങ്ങൾ മാത്രമാണ് ദേശീയ കായിക നിരീക്ഷക സ്ഥാനം വഹിക്കുന്നത്.