അര്‍ജന്‍റീന ഫുട്ബോള്‍ ടീം പരിശീലകന്‍ ജെറാര്‍ഡ‍് മാര്‍ട്ടിനോ രാജിവെച്ചു

Update: 2018-05-20 16:21 GMT
അര്‍ജന്‍റീന ഫുട്ബോള്‍ ടീം പരിശീലകന്‍ ജെറാര്‍ഡ‍് മാര്‍ട്ടിനോ രാജിവെച്ചു
Advertising

മാര്‍ട്ടിനോക്ക് കീഴില്‍ മൂന്ന് പ്രമുഖ മത്സരങ്ങളില്‍ മാത്രമാണ് തോറ്റതെങ്കിലും കോപ്പയില്‍ കിരീടം നേടാനാകാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

അര്‍ജന്‍റീന ഫുട്ബോള്‍ ടീം പരിശീലകന്‍ ജെറാര്‍ഡ‍് മാര്‍ട്ടിനോ രാജിവെച്ചു. കോപ്പ അമേരിക്ക ടൂര്‍ണമെന്‍റിലെ തോല്‍വിയെ തുടര്‍ന്നാണ് രാജി. ഇതിനിടെ റിയോ ഒളിമ്പിക്സില്‍ അര്‍ജന്‍റീന ടീം പങ്കെടുക്കാനുള്ള സാധ്യത മങ്ങി. കളിക്കാരെ ക്ലബുകള്‍ വിട്ട് കൊടുക്കാത്തതാണ് കാരണം.

2014 ലോകകപ്പിന് ശേഷം സബെല്ല രാജിവെച്ചതിനെ തുടര്‍ന്നാണ് മാര്‍ട്ടിനോ സ്ഥാനമേറ്റത്. ഇതിന് ശേഷം ന‍ടന്ന രണ്ട് കോപ്പ അമേരിക്ക ഫൈനലിലും അര്‍ജന്‍റീന പരാജയപ്പെട്ടിരുന്നു. മാര്‍ട്ടിനോക്ക് കീഴില്‍ മൂന്ന് പ്രമുഖ മത്സരങ്ങളില്‍ മാത്രമാണ് തോറ്റതെങ്കിലും കോപ്പയില്‍ കിരീടം നേടാനാകാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പരിശീലക സംഘത്തിലുള്ള മുഴുവന്‍ പേരും മാര്‍ട്ടിനോക്കൊപ്പം സ്ഥാനമൊഴിഞ്ഞിട്ടുണ്ട്. ഒളിമ്പിക്സിന് ഒരു മാസം മാത്രം ശേഷിക്കെയാണ് രാജി.

ഇതിനിടെ അര്‍ജന്‍റീന ഫുട്ബോള്‍ ടീം റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാനുള്ള സാധ്യത മങ്ങി. ടീം പങ്കെടുക്കുന്നതിനുള്ള സാധ്യത അമ്പത് ശതമാനം മാത്രമാണെന്ന് അര്‍ജന്‍റീന ഒളിമ്പിക് കമ്മിറ്റി അധ്യക്ഷന്‍ അറിയിച്ചു. ടീമിന്‍റെ പതിനെട്ടംഗ അന്തിമ പട്ടിക കൈമാറാന്‍ ദിവസങ്ങള്‍ ശേഷിക്കെ ടീം സ‍ജ്ജമാകാത്തതാണ് കാരണം. താരങ്ങളെ വിട്ട് കൊടുക്കാന്‍ ക്ലബുകള്‍ തയ്യാറായിട്ടില്ല. പ്രമുഖ താരങ്ങളായ പൌലോ ഡിബാല, ഫ്യൂനസ് മോറി, ക്രാനവിറ്റര്‍ എന്നിവരുടെ പ്രാതിനിധ്യം ഇത് വരെ ഉറപ്പാക്കാനായിട്ടില്ല. അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍റെയും പരിശീലകന്‍റെയും കെടുകാര്യസ്ഥതയാണ് ഈ അവസ്ഥക്ക് പിന്നിലെന്ന് ഒളിമ്പിക് കമ്മിറ്റി ആരോപിച്ചു. പ്രാതിനിധ്യം ഉറപ്പാക്കാനായി ആഭ്യന്തര ക്ലബുകളോട് താരങ്ങളെ വിട്ടുകൊടുക്കാന്‍ ഒളിമ്പിക് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News