പോര്‍ച്ചുഗലെന്നാല്‍ താന്‍ മാത്രമല്ലെന്ന് റൊണാള്‍ഡോ
പോര്‍ച്ചുഗലിനായി ഒരു കിരീടം എന്നും ഒരു സ്വപ്നമാണ്. ഇത്തവണ അത് സാധ്യമാകുമെന്നാണ് പ്രതീക്ഷ.
പോര്‍ച്ചുഗലെന്നാല്‍ താന്‍ മാത്രമല്ലെന്നും ഒത്തൊരുമയുടെ ഫലമായാണ് യൂറോ കപ്പ് കലാശപ്പോരാട്ടത്തിന് ടീം അര്‍ഹത നേടിയതെന്നും സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഞങ്ങള്‍ ഫൈനല്‍ കളിക്കുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ക്ക് അക്കാര്യത്തില്‍ സംശയമൊന്നും ഉണ്ടായിരുന്നില്ല. ദേശീയ ടീം എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം എല്ലാമെല്ലാമാണ്. എതിരാളികളുടെ ഗോള്‍വല കുലുക്കി മാത്രമല്ല മറിച്ച് പ്രതിരോധത്തിലേക്ക് ഇറങ്ങിവന്ന് കളിച്ചും ടീമിനായി എല്ലാം സമര്‍പ്പിക്കാനാണ് എനിക്ക് താത്പര്യം. ഇത് മാരത്തണ്‍ ആണ് സ്പ്രിന്‍റ് അല്ല. റെനറ്റോ, നാനി തുടങ്ങി ഗോള്‍ കണ്ടെത്തിയവര്‍ വേറെയുമുണ്ട്. ടീം ഒന്നടങ്കം മികച്ച പ്രകടനാണ് പുറത്തെടുത്തിട്ടുള്ളത്.
യൂറോകപ്പില്‍ മുത്തമിടാന്‍ ഇത്തവണ പോര്‍ച്ചുഗലിന് കഴിയുമെന്ന് റോ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. കേവലം 19 വയസ് മാത്രമുള്ളപ്പോഴാണ് 2004ലെ കലാശപ്പോരാട്ടത്തില്‍ കളിച്ചത്. അതെന്‍റെ ആദ്യ ഫൈനലായിരുന്നു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ഫൈനലില്‍ ബൂട്ടണിയാന്‍ എനിക്ക് അവസരം ലഭിക്കുകയാണ്. വല്ലാത്ത ഒരു അഭിമാനം സമ്മാനിക്കുന്ന നിമിഷമാണത്. പോര്‍ച്ചുഗലിനായി ഒരു കിരീടം എന്നും ഒരു സ്വപ്നമാണ്. ഇത്തവണ അത് സാധ്യമാകുമെന്നാണ് പ്രതീക്ഷ.