ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ അജിങ്ക്യ രഹാനെ തിരിച്ചെത്തിയേക്കും

Update: 2018-05-22 15:32 GMT
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ അജിങ്ക്യ രഹാനെ തിരിച്ചെത്തിയേക്കും
Advertising

രഹാനക്ക് അവസരം നല്‍കാത്തതിന് കോഹ്‍ലി, രവി ശാസ്ത്രി എന്നിവര്‍ക്കെതിരെയുള്ള വിമര്‍ശനം ശക്തമാക്കുകയും ചെയ്തു

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ അജിങ്ക്യ രഹാനെ തിരിച്ചെത്തിയേക്കും. കഴിഞ്ഞ രണ്ട് ടെസ്റ്റിലും കളിക്കാതിരുന്ന രഹാനയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വിദേശപിച്ചില്‍ കളിച്ചുപരിചയമുള്ള താരമായിട്ടും കഴിഞ്ഞ രണ്ട് മത്സരങ്ങളിലും രഹാനെയെ തഴഞ്ഞതിനെതിരെ മുതിര്‍ന്ന താരങ്ങളുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. പ്രതീക്ഷയര്‍പ്പിച്ച പല താരങ്ങളും നിരാശപ്പെടുത്തിയപ്പോള്‍ രഹാനക്ക് അവസരം നല്‍കാത്തതിന് കോഹ്‍ലി, രവി ശാസ്ത്രി എന്നിവര്‍ക്കെതിരെയുള്ള വിമര്‍ശനം ശക്തമാക്കുകയും ചെയ്തു. രഹാനക്ക് പകരം രോഹിതിന് ബിസിസിഐ പരിഗണന നല്‍കുകയായിരുന്നു. എന്നാല്‍ മൂന്നാം ടെസ്റ്റിന് മുന്നോടിയായുള്ള പ്രാക്ടീസ് സെഷനില്‍ രഹാനെ ടീമിനൊപ്പം ചേര്‍ന്നിരുന്നു. കോഹ്‍ലിക്കും ഹാര്‍ഥിക് പാണ്ഡ്യക്കുമൊപ്പമായിരുന്നു അദ്ദേഹത്തിന്റെ പ്രാക്ടീസ്. പേസര്‍മാരെ മികച്ച രീതിയില്‍ നേരിടാന്‍ പ്രാകീടീസിനിടെ രഹാനക്ക് സാധിച്ചിരുന്നു. മണിക്കൂറുകളോളം രഹാനെ പ്രാക്ടീസ് ചെയ്തതായാണ് വിവരം.

രഹാനക്ക് അവസരം ലഭിച്ചാല്‍ രോഹിതിന് അവസരം നഷ്ടമാകും. ഇനി രോഹിതിനെയും പരിഗണിക്കുകയാണെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യ, അശ്വിന്‍ എന്നിവരിലൊരാള്‍ക്ക് പുറത്തിരിക്കേണ്ടിവരും. എന്നാല്‍ ആദ്യ ടെസ്റ്റിലെ സെഞ്ച്വറി ഉള്‍പ്പെടെ മികച്ച ഓള്‍റൌണ്ടര്‍ എന്ന നിലയില്‍ പാണ്ഡ്യക്ക് അവസരം നിഷേധിക്കാനും സാധ്യത കുറവാണ്. ഏതായാലും രഹാനയുടെ തിരിച്ചുവരവ് ടീമിന് മുതല്‍കൂട്ടാകുമെന്നാണ് പ്രതീക്ഷ.

Tags:    

Similar News