ലോകകപ്പ് ഫുട്‍ബോള്‍ യോഗ്യത; ജര്‍മ്മനിയും ഇംഗ്ലണ്ടും ഇന്നിറങ്ങും

Update: 2018-05-26 12:49 GMT
Editor : Ubaid
ലോകകപ്പ് ഫുട്‍ബോള്‍ യോഗ്യത; ജര്‍മ്മനിയും ഇംഗ്ലണ്ടും ഇന്നിറങ്ങും
Advertising

ഓസ്‌ലോയില്‍ നടക്കുന്ന മത്സരത്തില്‍ നോര്‍വെയാണ് ജര്‍മനിയുടെ എതിരാളികള്‍. ഇംഗ്ലണ്ട് ടീമിന് ഇന്ന് എതിരാളിയാകുന്നത് സ്ലൊവാക്യയാണ്

റഷ്യയില്‍ 2018ല്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത തേടി യൂറോപ്യന്‍ വമ്പന്മാര്‍ ഇന്നിറങ്ങും. ഇംഗ്ലണ്ട്, ജര്‍മനി തുടങ്ങിയ വമ്പന്മാര്‍ ഇന്ന് കളത്തിലിറങ്ങും. ലോകകപ്പ് നേടിയ ജര്‍മന്‍ ടീം നായകന്‍ ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റൈഗര്‍ വിരമിച്ച ശേഷം ആദ്യമായാണ് ജര്‍മനി ഒരു അന്താരാഷ്ട്ര പോരിനിറങ്ങുന്നത്.

ഷൈ്വനിക്കു പകരം ജര്‍മ്മനിയെ നയിക്കുന്നത് ഗോള്‍കീപ്പര്‍ മാനുവല്‍ നോയറാണ്. പരിശീലകന്‍ ജൊവാക്കിം ലോ പുതുനിരയെ പരീക്ഷിച്ചു തുടങ്ങിയത് തീര്‍ച്ചയായും റഷ്യ മുന്നില്‍കണ്ടുകൊണ്ടാണ്. ഒളിമ്പിക്‌സില്‍ ബ്രസീലിനോടു ഫൈനലില്‍ പരാജയപ്പെട്ട നിരവധി താരങ്ങളെ ടീമിലെടുത്ത ലോ സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കിയിരിക്കുകയാണ്. ഓസ്‌ലോയില്‍ നടക്കുന്ന മത്സരത്തില്‍ നോര്‍വെയാണ് ജര്‍മനിയുടെ എതിരാളികള്‍. ഇംഗ്ലണ്ട് ടീമിന് ഇന്ന് എതിരാളിയാകുന്നത് സ്ലൊവാക്യയാണ്. റഷ്യന്‍ ലോകകപ്പോടെ വിരമിക്കല്‍ പ്രഖ്യാപിച്ച നായകന്‍ വെയ്ന്‍ റൂണിക്ക് യോഗ്യതാ പോരാട്ടങ്ങള്‍ വിജയത്തോടെ തുടങ്ങാനാണ് ആഗ്രഹം. പുതിയ പരിശീലകന്‍ സാം അലാര്‍ഡിസ് എങ്ങിനെ ടീമിനെ തയ്യാറാക്കുന്നതെന്നാണ് ആരാധാകര്‍ ഉറ്റുനോക്കുന്നത്. യൂറോ കപ്പില്‍ പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെട്ടതിനേത്തുടര്‍ന്നാണ് ഇംഗ്ലീഷ് പരിശീലകന്‍ റോയി ഹോഡ്‌സണെ മാറ്റിയത്. 4-2-3-1 എന്ന ശൈലി സ്വീകരിക്കാനൊരുങ്ങുന്ന ഇംഗ്ലണ്ട് സ്ലൊവാക്യയെ പരാജയപ്പെടുത്തുമെന്നുതന്നെയാണ് ആരാധകരുടെ വിശ്വാസം.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News