കോപ്പ കിരീടം കിട്ടാക്കനിയായ ഫുട്ബോള്‍ ഇതിഹാസങ്ങള്‍
ലോകകപ്പ് നേടിയവര്‍ മുതല്‍ ലോക താരങ്ങളായവര്‍ വരെ പലരും ലാറ്റിനമേരിക്കയുടെ ചാമ്പ്യന്‍മാരാകാതെയാണ് ബൂട്ടഴിച്ചത്.
കോപ്പ അമേരിക്ക നൂറ് വര്‍ഷം പിന്നിട്ടിട്ടും പല ഇതിഹാസ താരങ്ങള്‍ക്കും ഇന്നും ആ കിരീടം സ്വന്തമാക്കാനായിട്ടില്ല. ലോകകപ്പ് നേടിയവര്‍ മുതല്‍ ലോക താരങ്ങളായവര്‍ വരെ പലരും ലാറ്റിനമേരിക്കയുടെ ചാമ്പ്യന്‍മാരാകാതെയാണ് ബൂട്ടഴിച്ചത്.
ലോക ഫുട്ബോളില്‍ പെലെക്ക് വിശേഷണങ്ങളുടെ ആവശ്യമില്ല. മൂന്ന് തവണ ലോകകപ്പ് ബ്രസീലിന് നേടി കൊടുത്ത താരം. ആയിരം ഗോളെന്ന നാഴിക കല്ല് ആദ്യമായി മറിടകടന്ന മാന്ത്രികന്‍. പക്ഷേ ലോകം മുഴുവന്‍ കീഴടക്കിയിട്ടും ലാറ്റിനമേരിക്ക സ്വന്തമാക്കാന്‍ പെലെക്ക് കഴിഞ്ഞിട്ടില്ല. 1959ലെ കോപ്പ അമേരിക്കയില്‍ മാത്രമാണ് പെലെ പങ്കെടുത്തത്. എട്ട് ഗോളുമായി ടൂര്‍ണമെന്‍റില്‍ ടോപ് സ്കോററുമായി, പക്ഷേ ഫൈനലില്‍ അര്‍ജന്റീനയെ മറി കടക്കാനായില്ല.
പെലെക്കൊപ്പമോ മുകളിലോ ആണ് അര്‍ജന്‍റീനിയന്‍ ഇതിഹാസം ഡീഗോ മറഡോണ. 86 ലോകകപ്പ് അര്‍ജന്‍റീനക്ക് സമ്മാനിച്ച ഒറ്റയാന്‍. എന്നാല്‍ മറഡോണയുടെ ശേഖരത്തിലുമില്ല കോപ്പ അമേരിക്ക കപ്പ്. മൂന്ന് തവണ ടീമിനൊപ്പം കോപ്പയില്‍ മറഡോണ ബൂട്ട് കെട്ടി. ആദ്യ തവണ ഗ്രൂപ്പ് ഘട്ടത്തില്‍ അവസാനിച്ചപ്പോള്‍ രണ്ടാം തവണ പോരാട്ടം സെമി വരെയെത്തി. 1989ലെ അവസാന കോപ്പയില്‍ ഫൈനല്‍ റൌണ്ടില്‍ നിന്നു മറഡോണയുടെ മുന്നേറ്റം.
കോപ്പ കിട്ടാത്ത മറ്റൊരു ഇതിഹാസമാണ് ലയണല്‍ മെസി.മൂന്ന് തവണയാണ് മെസി കോപ്പയില്‍ പന്ത് തട്ടിയത്. രണ്ട് തവണ ടീം ഫൈനലിലെത്തി. 2007ലും 2015ലും. 2011ല്‍ ക്വാര്‍ട്ടറില്‍ ഉറൂഗ്വായോട് തോറ്റ് മടങ്ങുകയും ചെയ്തു. 29 വയസ് പിന്നിട്ട മെസിക്ക് ഇത്തവണത്തെ കോപ്പ കരിയറിലെ ഏറ്റവും മികച്ച അവസരമായാണ് കണക്കാക്കുന്നത്. കാര്‍ലോസ് വെല്‍ഡെര്‍മ, ഗരിഞ്ച,സീക്കോ, സോക്രട്ടീസ്, മരിയോ കെംപസ്, റിക്വെല്‍മെ.. ഇങ്ങനെ നീണ്ട് കിടക്കുന്നു കോപ്പ അമേരിക്കയില്‍ മുത്തമിടാത്ത അതുല്യ പ്രതിഭകളുടെ നിര.