എന്തുകൊണ്ട് പാണ്ഡ്യ? ധോണി നയം വ്യക്തമാക്കുന്നു
അനുഭവ സമ്പന്നരായ റെയ്നയും യുവരാജും ടീമിലുണ്ടായിട്ടും യുവത്വത്തെ ആശ്രയിച്ച ധോണി മറ്റൊരു ഇന്ദ്രജാലം ഒരുക്കി
നിര്‍ണായകമായ അവസാന ഓവറുകള്‍ പുതുമുഖങ്ങള്‍ക്ക് നല്‍കി അമ്പരിപ്പിക്കുന്ന പതിവ് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്കുണ്ട്. ബംഗ്ലാദേശിനെതിരായ ലീഗ് മത്സരത്തിലെ അവസാന രണ്ട് ഓവറുകള്‍ എറിയാന്‍ പുതുമഖങ്ങളായ ബൂമ്രയെയും പാണ്ഡ്യയെയും നിയോഗിക്കാനുള്ള തീരുമാനം ഇതിന്‍റെ മറ്റൊരു ഉത്തമ ഉദാഹരണമായിരുന്നു. റെയ്ന, യുവരാജ് തുടങ്ങിയ പരിചയസമ്പന്നരുള്ളപ്പോഴായിരുന്നു യുവത്വത്തെ ആശ്രയിക്കാനുള്ള ധോണിയുടെ നീക്കം. ഇത് താരതമ്യേന എളുപ്പത്തിലെടുത്ത തീരുമാനമായിരുന്നുവെന്ന് മത്സരശേഷം ധോണി പറഞ്ഞു. ബാറ്റ്സ്മാന്‍മാര്‍ ആ സമയത്ത് വളരെ എളുപ്പം റണ്‍ കണ്ടെത്തിയിരുന്നു. അവസാന ഓവറില്‍ പാണ്ഡ്യ അല്ലെങ്കില്‍ ഒരു സ്പിന്നര്‍ വേണമെന്ന് എനിക്ക് ഉറപ്പായിരുന്നു. പത്തൊമ്പതാം ഓവറില്‍ പാര്‍ട്ട് ടൈം ബൌളറെ ആശ്രയിക്കാതെ അവസാന ഓവറിനെ സംബന്ധിച്ച ഒരു വ്യക്തമായ ചിത്രം രൂപപ്പെടുത്തിയ ശേഷം ഓവര്‍ ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ തീരുമാനം കൈകൊള്ളുക എന്നൊരു നിശ്ചയത്തിലത്തിയത് അതോടെയാണ്.
അവസാന ഓവറിനായി സാധ്യതകളേറെയുണ്ടായിരുന്നു. റെയ്ന, യുവരാജ് പിന്നെ പാണ്ഡ്യ. അതാണ് പത്തൊമ്പതാം ഓവറില്‍ ബുമ്രയെ നിയോഗിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. എത്രത്തോളം റണ്‍ സംരക്ഷിക്കാനാകുമോ അവസാന ഓവറില്‍ എതിരാളികളുടെ മേലുള്ള സമ്മര്‍ദം വര്‍ധിപ്പിക്കാന്‍ ഇത് സഹായകരമാകുമെന്നാണല്ലോ പൊതു തത്വം. - ധോണി പറഞ്ഞു.
അവസാന ഓവറിന് മുമ്പായി പാണ്ഡ്യയുമൊത്ത് ധോണി ഏറെ സമയം ചെലവിട്ടിരുന്നു. ഓവറിനിടയിലും നിരവധി തവണ ധോണി. നെഹ്‍റ എന്നിവര്‍ പാണ്ഡ്യക്ക് പ്രചോദനം നല്‍കി യുവതാരവുമായി സംസാരിക്കാന്‍ സമയം കണ്ടെത്തി. ഓരോ ബോളിലും സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ചാണ് ഈ സമയം ചര്‍ച്ച നടന്നത്. 'ഓരോ ബൌളറിനുമനുസരിച്ച് തന്ത്രങ്ങള്‍ മെനയേണ്ടതുണ്ട്. സംഭാഷണങ്ങളുടെ മുഖ്യ ഘടകം ഇതുതന്നെയായിരുന്നു. അതിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ എനിക്കിപ്പോളാകില്ല. കാരണം അത് ടീമിന്‍റെ തന്ത്രങ്ങളുടെ ഭാഗമാണ്. ഒരുപക്ഷേ ടൂര്‍ണമെന്‍റ് അവസാനിച്ച ശേഷം കൂടുതല്‍ പറയാനാകും. ഓരോ സന്ദര്‍ഭത്തിലും നടപ്പിലാക്കാവുന്ന ഏറ്റവും മികച്ച തന്ത്രം ആവിഷ്കരിക്കുന്നത് സംബന്ധിച്ചാണ് ആ സമയത്ത് ഞങ്ങള്‍ സംസാരിച്ചത്. തീരുമാനം ശരിയായ രീതിയില്‍ നടപ്പിലാക്കാന്‍ പാണ്ഡ്യക്ക് കഴിഞ്ഞു. സമ്മര്‍ദ നിമിഷങ്ങളെ അതിജീവിക്കാനായത് യുവതാരങ്ങളെ സംബന്ധിച്ചിടത്തോളം ഭാവിയില്‍ ഗുണകരമാകുമെന്നും ധോണി കൂട്ടിച്ചേര്‍ത്തു.