ഗോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ മേധാവിത്വം: 498 റണ്‍സ് ലീഡായി 

Update: 2018-05-28 11:12 GMT
Editor : admin
ഗോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ മേധാവിത്വം: 498 റണ്‍സ് ലീഡായി 
Advertising

മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയായിരുന്നു ഇന്ത്യന്‍ ബൌളര്‍മാരില്‍ ഇന്ന് ഏറ്റവും അപകടം വിതറിയത്.  വാലറ്റക്കാരെ കൂട്ടുപിടിച്ച് പോരാടിയ പെരേരക്ക് ശതകം

ഗോള്‍ ടെസ്റ്റില്‍ ഇന്ത്യ സുരക്ഷിത സ്ഥാനത്ത്. 309 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് വീശിയ ഇന്ത്യ മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ മൂന്നിന് 189 എന്ന നിലയിലാണ്. ഇതോടെ ഇന്ത്യക്ക് 498 റണ്‍സ് ലീഡായി. 76 റണ്‍സോടെ നായകന്‍ വിരാട് കോഹ്‌ലിയാണ് ക്രീസില്‍. ഫോമിലേക്ക് തിരിച്ചെത്തിയ അഭിനവ് മുകുന്ദ്(81) ആണ് അവസാനം പുറത്തായത്. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന മുകുന്ദിനെ ഗുണതിലക വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ശിഖര്‍ ധവാന്‍(14) ചേതേശ്വര്‍ പുജാര(15) എന്നിവര്‍ പെട്ടെന്ന് പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ ഇരുവരും സെഞ്ച്വറി (ധവാന്‍-190, പുജാര-153) നേടിയിരുന്നു.

ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‍സ് 291 റണ്‍സിനാണ് അവസാനിച്ചത്. 309 റണ്‍സിന്‍റെ നിര്‍ണായക ലീഡ് കരസ്ഥമാക്കിയ ഇന്ത്യ എതിരാളികളെ ഫോളോ ഓണ്‍ ചെയ്യിക്കേണ്ടെന്ന് തീരുമാനിച്ചു. 83 റണ്‍സെടുത്ത മുന്‍ നായകന്‍ മാത്യൂസും 92 റണ്‍സോടെ അജയ്യനായി നിന്ന പെരേരയും ഉയര്‍ത്തിയ പ്രതിരോധമാണ് ലങ്കക്ക് അല്‍പ്പമെങ്കിലും ആശ്വാസമായത്. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ 62 റണ്‍ പിറന്നു. മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയായിരുന്നു ഇന്ത്യന്‍ ബൌളര്‍മാരില്‍ ഇന്ന് ഏറ്റവും അപകടം വിതറിയത്. വാലറ്റക്കാരെ കൂട്ടുപിടിച്ച് പോരാടിയ പെരേരക്ക് ശതകം നഷ്ടമായത് ലങ്കക്ക് കൂടുതല്‍ നിരാശ പകര്‍ന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News