രക്തമൊഴുകുന്ന വിരല്‍ വകവെക്കാതെ കൊഹ്‍ലി കുതിച്ചു; ഗെയ്‍ലിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ
ഏതൊരു ക്രിക്കറ്റ് താരവും സ്വപ്നം കാണുന്ന റണ്‍വേട്ടയാണ് വിരാട് കൊഹ്‍ലിയെന്ന ഡല്‍ഹിക്കാരന്റേത്. ഭാവനകള്‍ക്കപ്പുറമാണ് കൊഹ്‍ലിയുടെ പ്രകടനം.
ഏതൊരു ക്രിക്കറ്റ് താരവും സ്വപ്നം കാണുന്ന റണ്‍വേട്ടയാണ് വിരാട് കൊഹ്‍ലിയെന്ന ഡല്‍ഹിക്കാരന്റേത്. ഭാവനകള്‍ക്കപ്പുറമാണ് കൊഹ്‍ലിയുടെ പ്രകടനം. കഴിഞ്ഞദിവസം ഐപിഎല്ലില്‍ മൂന്നാമത്തെ സെഞ്ച്വറി നേട്ടത്തോടെ ഐപിഎല്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് കൊഹ്‍ലി സ്വന്തമാക്കി. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‍സിനെതിരായ മത്സരത്തില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ കൊഹ്‍ലി അടിച്ചുകൂട്ടിയത് 75 റണ്‍സ്. ഒരിക്കല്‍ കൂടി കൊഹ്‌ലി - ഡിവില്ലിയേഴ്‍സ് കൂട്ടുകെട്ട് പൊട്ടിത്തെറിച്ചപ്പോള്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‍സ് ഒമ്പതു വിക്കറ്റ് വിജയം സ്വന്തമാക്കി. ഒപ്പം ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും ബാംഗ്ലൂര്‍ നായകന്‍ കൊഹ്‍ലിയുടെ പേരിലായി. 12 മത്സരങ്ങളില്‍ നിന്നു 752 റണ്‍സാണ് കൊഹ്‍ലിയുടെ ഇതുവരെയുള്ള സമ്പാദ്യം. സ്വന്തം ടീം അംഗമായ കരീബിയന്‍ പുലിക്കുട്ടി ക്രിസ് ഗെയ്‍ലിന്റെ റെക്കോര്‍ഡാണ് കൊഹ്‍ലി പഴങ്കഥയാക്കിയത്. 2014 ലാണ് ഗെയ്‍ല്‍ 733 റണ്‍സ് അടിച്ച് റെക്കോര്‍ഡിട്ടത്. 14 മത്സരങ്ങളില്‍ നിന്നാണ് ഗെയ്‍ല്‍ 733 റണ്‍സ് നേടിയത്. കളിക്കിടെ വിരലിനേറ്റ പരിക്ക് അവഗണിച്ച് രക്തമൊഴുകുന്ന കൈയ്യുമായാണ് കൊഹ്‍ലി ടീമിനെ വിജയത്തിലേക്ക് നയിച്ചത്. സീസണിലെ അഞ്ചാമത്തെ അര്‍ധ ശതകമാണ് കൊഹ്‍ലി പരിക്കിനെ വകവെക്കാതെ അടിച്ചെടുത്തത്. ബാംഗ്ലൂരിന് ഇനിയും രണ്ട് ലീഗ് മത്സരങ്ങള്‍ കൂടിയുണ്ട്. ഇതു രണ്ടും വിജയിച്ചാല്‍ ബാംഗ്ലൂരിന് പ്ലേഓഫിന് യോഗ്യത നേടാം.