സിക്സറിലൂടെ ധോണി ലോകകപ്പ് വെട്ടിപ്പിടിച്ച ദിനം
ആറുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിവസം.. ധോണി മനോഹരമായി ഫിനിഷ് ചെയ്തു. ഒരു ടീമിനെ നിലയില്‍ ഞങ്ങള്‍ സ്വപ്നം കണ്ട ലോക കിരീടം ഞങ്ങള്‍ സ്വന്തമാക്കി. ഈ തലമുറയെ സംബന്ധിച്ചിടത്തോളെ ഏറ്റവും മനോഹരമായ ഓര്‍മ്മ
2011 ഏപ്രില്‍ രണ്ട് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം സുവര്‍ണ ദിനമാണ്. 28 വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം ഏകദിന ക്രിക്കറ്റിലെ ലോക ജേതാക്കളുടെ കിരീടം ഇന്ത്യ വെട്ടിപ്പിടിച്ച ദിനം. ഒരു പടുകൂറ്റന്‍ സിക്സറിലൂടെ മഹേന്ദ്ര സിങ് ധോണി എന്ന നായകനാണ് ഇന്ത്യക്കായി അന്ന് കിരീടം സമ്മാനിച്ചത്. ആറുവര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും ആ ഓര്‍മ്മകള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ആവേശമാണ്. വീരേന്ദ്ര സേവാഗ്, മുഹമ്മദ് കൈഫ് തുടങ്ങി പല മുന്‍ ഇന്ത്യന്‍ താരങ്ങളും ട്വിറ്ററിലൂടെ ആ ദിനത്തെ ഓര്‍മ്മകള്‍ തിരികെ പിടിച്ചു.
ആറുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിവസം.. ധോണി മനോഹരമായി ഫിനിഷ് ചെയ്തു. ഒരു ടീമിനെ നിലയില്‍ ഞങ്ങള്‍ സ്വപ്നം കണ്ട ലോക കിരീടം ഞങ്ങള്‍ സ്വന്തമാക്കി. ഈ തലമുറയെ സംബന്ധിച്ചിടത്തോളെ ഏറ്റവും മനോഹരമായ ഓര്‍മ്മ എന്നാണ് സേവാഗ് കുറിച്ചത്.
97 റണ്‍സെടുത്ത ഗംഭീറാണ് അരങ്ങ് വാഴാനായി ധോണിക്കന്ന് വേദിയൊരുക്കി കൊടുത്തത്. ടൂര്‍ണമെന്‍റിലുടനീളം ബൌളറെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും കത്തി നിന്ന യുവരാജിന് മുന്നോടിയായി ക്രീസിലെത്തിയ ധോണി 79 പന്തുകളില്‍ നിന്നും 91 റണ്‍സുമായി ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു. ധോണി ആരാധകര്‍ ഇന്നും നെഞ്ചിലേറ്റുന്ന ഒന്നാണ് കിരീടം എത്തിപ്പിടിച്ച ആ പടുകൂറ്റന്‍ സിക്സര്‍.