തന്‍റെ അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചെന്ന് സൂചന നല്‍കി വാര്‍ണറുടെ ക്ഷമാപണം
നിരവധി ചോദ്യങ്ങള്‍ താന്‍ ഉത്തരം നല്‍കാതെ അവശേഷിപ്പിച്ചിട്ടുണ്ടെന്ന് അറിയാമെന്നും ക്രിക്കറ്റ് ആസ്ത്രേലിയ നടത്തുന്ന അന്വേഷണത്തോട് സഹകരിച്ചു വരികയാണെന്നും കാര്യങ്ങള്‍ യഥാസമയം ഉചിതമായ വേദിയില്‍ ബന്ധപ്പെട്ടവരോട് വെളിപ്പെടുത്തുമെന്നും
പന്ത് ചുരങ്ങല്‍ വിവാദത്തിന്‍റെ ഭാഗമായി ഒരു വര്‍ഷത്തേക്ക് വിലക്കിയതോടെ തന്‍റെ അന്താരാഷ്ട്ര കരിയര്‍ ഏകദേശം അവസാനിച്ചതായി തുറന്ന് പറഞ്ഞ് ഓസീസ് മുന്‍ ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍. സിഡ്നിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വാര്‍ണര്‍ കുറ്റം ഏറ്റ് പറഞ്ഞ് ക്രിക്കറ്റ് ലോകത്തോട് മാപ്പ് അപേക്ഷിച്ചു. കേപ്ടൌണിലെ സംഭവവികാസങ്ങളുടെ സൂത്രധാരനെന്ന് കരുതപ്പെടുന്ന താരം പക്ഷേ ഇതുസംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. നിരവധി ചോദ്യങ്ങള്‍ താന്‍ ഉത്തരം നല്‍കാതെ അവശേഷിപ്പിച്ചിട്ടുണ്ടെന്ന് അറിയാമെന്നും ക്രിക്കറ്റ് ആസ്ത്രേലിയ നടത്തുന്ന അന്വേഷണത്തോട് സഹകരിച്ചു വരികയാണെന്നും കാര്യങ്ങള്‍ യഥാസമയം ഉചിതമായ വേദിയില്‍ ബന്ധപ്പെട്ടവരോട് വെളിപ്പെടുത്തുമെന്നും പിന്നീട് ട്വീറ്റ് ചെയ്തു.
എന്നെങ്കിലും എന്‍റെ രാജ്യത്തിനായി വീണ്ടും കളിക്കളത്തിലെത്താമെന്ന പ്രതീക്ഷയുടെ ചെറിയ കിരണം മനസിന്‍റെ അടിത്തട്ടിലുണ്ട്. എന്നാല്‍ അതിനുള്ള സാധ്യതകള്‍ തുലോം വിരളമാണെന്ന തിരിച്ചറിവും എനിക്കുണ്ട്. ഇത്തരത്തിലെല്ലാം എങ്ങിനെ സംഭവിച്ചു എന്ന് കണ്ടെത്താനാകും ഇനി എന്‍റെ ശ്രമം. സത്യം പറഞ്ഞാല്‍ ഏതു രീതിയിലാണ് സ്വയം മാറുക എന്നതിനെ കുറിച്ച് എനിക്കിപ്പോള്‍ ധാരണയില്ല. ഞാനൊരു മാറിയ മനുഷ്യനാകും എന്ന് ഉറപ്പു നല്‍കുന്നു. ഇതിനായി സുഹൃത്തുക്കളുടെയും വിദഗ്ധരുടെയും സഹായം തേടും. ഞാന്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും വഞ്ചിക്കുകയും ചെയ്ത സഹകളിക്കാരോടൊപ്പം ഇനി കളിക്കാനാകില്ലെന്നത് ഹൃദയഭേദകമായ വസ്തുതയാണ്. തെറ്റായ ഒരു തീരുമാനമാണ് എടുത്തത്. അതില്‍ എന്‍റെ പങ്ക് ഞാന്‍ ഏല്‍ക്കുന്നു. ഈ തീരുമാനം എന്നെ എന്നും വേട്ടയാടി കൊണ്ടിരിക്കും. ക്രിക്കറ്റിന് വരുത്തിയ തീരാകളങ്കത്തിന് മാപ്പ് പറയുന്നു. - വാര്‍ണര്‍ പറഞ്ഞു.