വിശാഖപട്ടണത്ത് പടുകൂറ്റന്‍ ജയത്തോടെ ഇന്ത്യക്ക് പരമ്പര
കിവീസിനെ 79 റണ്‍സിന് എറിഞ്ഞിട്ടാണ് ധോണിക്കൂട്ടം വിശാഖപട്ടണത്ത് പരമ്പര വിജയം ആഘോഷിച്ചത്.
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര ഗംഭീര വിജയത്തോടെ ഇന്ത്യ സ്വന്തമാക്കി. 270 റണ്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ കിവീസിനെ 23.1 ഓവറില്‍ 79 റണ്‍സിന് എറിഞ്ഞിട്ടാണ് ധോണിക്കൂട്ടം വിശാഖപട്ടണത്ത് പരമ്പര വിജയം ആഘോഷിച്ചത്.
അമിത് മിശ്രയുടെ സ്‍പിന്‍ ആക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ കിവീസ് പട തകര്‍ന്നടിയുകയായിരുന്നു. ആറോവറില്‍ വെറും18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്‍ത്തിയ അമിത് മിശ്രയാണ് ഇന്ത്യന്‍ ജയത്തിന് ചുക്കാന്‍പിടിച്ചത്. മധ്യനിരയിലേയും വാലറ്റത്തും ഭൂരിഭാഗം ബാറ്റ്സ്‍മാന്‍മാരും രണ്ടക്കം കാണാതെയും പൂജ്യത്തിനും പുറത്തായതോടെ ഇന്ത്യയുടെ ജയം 190 റണ്‍സിന്. സ്‍കോര്‍ ബോര്‍ഡ് തുറക്കുംമുമ്പ് മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ നഷ്ടമായതു മുതല്‍ കിവീസിന്റെ പതനം ആരംഭിച്ചു. 27 റണ്‍സെടുത്ത നായകന്‍ കെയ്ന്‍ വില്യംസണിന് മാത്രമാണ് കുറച്ചെങ്കിലും ഇന്ത്യന്‍ ബോളിങ് ആക്രമണത്തെ പ്രതിരോധിക്കാനായത്. ഇന്ത്യക്ക് വേണ്ടി അക്സര്‍ പട്ടേല്‍ രണ്ടു വിക്കറ്റ് വീഴ്‍ത്തി. അമിത് മിശ്രയാണ് മാന്‍ ഓഫ് ദ മാച്ചും മാന്‍ ഓഫ് ദ സീരീസും.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെടുത്തു. ഫോമിന്‍റെ വഴികളിലേക്ക് അലസമായി ചുവടുവച്ച് കയറിയ രോഹിത് ശര്‍മയുടെയും പതിവു ശൈലിയില്‍ തകര്‍ത്താടിയ കൊഹ്‍ലിയുടെയും അര്‍ധശതകങ്ങളാണ് മികച്ച സ്കോറിലേക്ക് ഇന്ത്യയെ നയിച്ചത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച കേദാര്‍ ജാദവിന്‍റെ ( 37 പന്തില്‍ നിന്നും 39 റണ്‍സ്) പ്രകടനവും ഇന്ത്യക്ക് തുണയായി.
65 പന്തുകളില്‍ നിന്ന് മൂന്ന് പടുകൂറ്റന്‍ സിക്സറുകളുടെയും അഞ്ച് ബൌണ്ടറികളുടെയും സഹായത്തോടെ 70 റണ്‍സെടുത്ത രോഹിത് ശര്‍മ പരമ്പരയിലാദ്യമായി സമ്മര്‍ദമില്ലാതെ ബാറ്റ് ചെയ്യാനുള്ള അവസരം കൊഹ്‍ലിക്കും ധോണിക്കും ഒരുക്കി കൊടുത്തു. ഇരുവരും ഇത് പരമാവധി മുതലെടുക്കുകയും ചെയ്തതോടെ മുന്നൂറിലേക്ക് ഇന്ത്യ കുതിച്ചു കയറുമെന്ന സ്ഥിതി സംജാതമായി എന്നാല്‍ 41 റണ്‍സെടുത്ത നായകന്‍ ധോണിയുടെ പതനത്തോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. മനീഷ് പാണ്ഡെയും കൊഹ്‍ലിയും (65) അധികം വൈകാതെ കൂടാരം കയറി, തുടര്‍ന്നായിരുന്നു അസ്കര്‍ പട്ടേലിനെ കൂട്ടുപിടിച്ച് കേദാര് ജാധവിന്‍റെ വെടിക്കെട്ട്. അവസാന പത്ത് ഓവറുകളില്‍ ഇന്ത്യന്‍ മധ്യനിര വാരിയെടുത്ത 70 റണ്‍സും മത്സരത്തിന്റെ വേഗത കൂട്ടി.