കുട്ടിക്രിക്കറ്റിലെ ജയസൂര്യ

Update: 2018-05-30 20:40 GMT
Editor : admin
കുട്ടിക്രിക്കറ്റിലെ ജയസൂര്യ
Advertising

ഒരര്‍ഥത്തില്‍ വല്ലാത്ത ഒരു ഭയം ബംഗളൂരു ബൌളര്‍മാരിലേക്ക് പടര്‍ന്നിറങ്ങിയിരുന്നു. കാണുന്നതെല്ലാം അവിശ്വസനീയമാകുകയും ഉത്തരങ്ങളില്ലാതാകുകയും ചെയ്യുമ്പോഴുള്ള അവസ്ഥ

സുനില്‍ നരൈന്‍ എന്ന മാന്ത്രിക സ്പിന്നറെ ഈ ഐപിഎല്‍ കണ്ടത് മറ്റൊരു രൂപത്തിലാണ്. ആദ്യ ഓവറുകളില്‍ തകര്‍ത്താടുന്ന എതിര്‍ ബൌളര്‍മാരെ ദയയില്ലാതെ കശക്കിയെറിയുന്ന ബാറ്റ്സ്മാന്‍റെ രൂപത്തില്‍. നാളിതുവരെ കുട്ടിക്രിക്കറ്റില്‍ അര്‍ധശതകം നേടാത്ത നരൈന്‍ ആദ്യമായി ആ നേട്ടം എത്തിപ്പിടിച്ചപ്പോള്‍ അത് അതിവേഗ അര്‍ധശതകത്തിനുള്ള ഐപിഎല്‍ റെക്കോഡിനൊപ്പമായി. കേവലം 15 പന്തുകളില്‍ നിന്നാണ് അന്പതിലേക്ക് നരൈന്‍ കുതിച്ചത്. ഏകദിന ക്രിക്കറ്റ് സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിച്ച് സനത് ജയസൂര്യ - കാലുവിതര്‍ന സഖ്യത്തെ അന്നത്തെ ലങ്കന്‍ നായകന്‍ അര്‍ജുന റണതുംഗ അവതരിപ്പിച്ചതു പോലെ ഗംഭീര്‍ നടത്തിയ പരീക്ഷണം അങ്ങിനെ ഒരു വലിയ വിജയമായി മാറി. സ്പിന്നറായി എത്തി ഏകദിന ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ ഓപ്പണറായി മാറിയ സനത് ജയസൂര്യയുമായിട്ടായിരിക്കും നരൈന് കൂടുതല്‍ സാമ്യം. ബിഗ് ബാഷിലുള്‍പ്പെടെ ഓപ്പണറായി കളിച്ചിട്ടുണ്ടെങ്കിലും നരൈന്‍ എന്ന ഓപ്പണറുടെ ഈ ഐപിഎല്ലിലെ പ്രകടനം ഒരുപക്ഷേ യുവരാജ് സിങ് ട്വിറ്ററില്‍ കുറിച്ച പോലെ കരീബിയന്‍ ക്രിക്കറ്റിന് കുട്ടിക്രിക്കറ്റിലെ ഓപ്പണറെന്ന സമസ്യക്കുള്ള ഉത്തരമായി മാറിയാല്‍ അത്ഭുതപ്പെടാനില്ല.

Full View

എസ് അരവിന്ദിന്‍റെ ഒരോവറില്‍ മാത്രം നരൈന്‍ അടിച്ചു കൂട്ടിയത് 24 വിലപ്പെട്ട റണ്‍സായിരുന്നു. ലോങ് ഓഫിന് മുകളിലൂടെ മൂന്ന് പടുകൂറ്റന്‍ സിക്സറുകളും ഇതില്‍ ഉള്‍പ്പെടും. അവസാന ഓവറുകളില്‍ കത്തിക്കയറാന്‍ കാത്തുനില്‍ക്കാതെ പവര്‍ പ്ലേയില്‍ പരമാവധി അടിച്ചെടുക്കുക എന്ന ആശയത്തിന് പ്രാമുഖ്യം നല്‍കി ബാറ്റിങില്‍ അധികം അറിയപ്പെടാത്ത ഒരാളെ സ്ഥാനക്കയറ്റം നല്‍കി പിഞ്ച് ഹിറ്ററാക്കുക എന്ന പരീക്ഷണമാണ് ജയസൂര്യയിലൂടെ റണതുംഗ നടത്തിയത്. അതേ പാതയിലൂടെയാണ് ആദ്യം ലിന്നിനെ ഇറക്കിയും പിന്നെ നരൈനെന്ന അത്ഭുതത്തെ അവതരിപ്പിച്ചും പിന്നെ ഇരുവരെയും ഒന്നിച്ച് അണിനിരത്തിയും ഗംഭീര്‍ സഞ്ചരിച്ചത്.

ജയസൂര്യയെ പോലെ തന്നെ നരൈന്‍റെ ബാറ്റിങിലും അത്ഭുതങ്ങളൊന്നുമില്ല. ബാറ്റ്സ്മാനെന്ന നിലയില്‍ സ്വന്തം പരിമിതികളെ കുറിച്ചും ശക്തികളെ കുറിച്ചുമുള്ള വ്യക്തമായ ധാരണയാണ് ഇരുവരുടെയും ശക്തി. അതുകൊണ്ടു തന്നെയാണ് മിക്ക പന്തുകള്‍ക്കു നേരെയും വന്യമായി ഇവര്‍ ബാറ്റ് സ്വിങ് ചെയ്യുന്നത്. പന്ത് ബാറ്റിന്റെ മധ്യഭാഗത്ത് തട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ശ്രമിക്കാറുണ്ട്.

ഫീല്‍ഡര്‍മാരെ വിന്യസിക്കുന്നതില്‍ പവര്‍ പ്ലേ സമയത്ത് നിയന്ത്രണമുള്ളതിനാല്‍ നാല് ഫീല്‍ഡര്‍മാര്‍ മാത്രമാകും സര്‍ക്കിളിന് പുറത്തുണ്ടാകുക. അതിനാല്‍ തന്നെ വന്യമായ കരുത്തോടെ വീശുന്ന ബാറ്റ് നല്ല രീതിയില്‍ കണക്റ്റ് ചെയ്യാനായാല്‍ 10 ല്‍ ഒന്പത് തവണയും പന്ത് കാണികളുടെ ഇടയിലേക്കോ അതിര്‍ത്തി കടന്നോ വീഴാനാണ് സാധ്യത. എതിര്‍ ബൌളര്‍മാരെ നിസഹായ അവസ്ഥയിലേക്ക് തള്ളിവിടാന്‍ ഈ കടന്നാക്രമണം തന്നെ ധാരാളം.നരൈന് മുന്നില്‍ ബംഗളൂരു ബൌളര്‍മാര്‍ക്ക് ഉത്തരം മുട്ടിയത് തന്നെ ഇതിന് ഉദാഹരണം. ഒരര്‍ഥത്തില്‍ വല്ലാത്ത ഒരു ഭയം ബംഗളൂരു ബൌളര്‍മാരിലേക്ക് പടര്‍ന്നിറങ്ങിയിരുന്നു. കാണുന്നതെല്ലാം അവിശ്വസനീയമാകുകയും ഉത്തരങ്ങളില്ലാതാകുകയും ചെയ്യുമ്പോഴുള്ള അവസ്ഥ

പവര്‍പ്ലേയില്‍ ഇത്തവണത്തെ കൊല്‍ക്കത്ത ടീമിന്‍റെ റണ്‍റേട്ട് 9.84 ആണ്. അഞ്ച് തവണയാണ് പവര്‍ പ്ലേയില്‍ 60 റണ്‍ ടീം സ്വന്തമാക്കിയത്. ബംഗളൂരുവിനെതിരെയാകട്ടെ അത് 105 റണ്‍ എന്ന ഭീമമായ നിലയിലേക്ക് വളര്‍ന്നു. മിക്ക മത്സരങ്ങളും കൊല്‍ക്കത്ത സ്വന്തമാക്കിയത് പവര്‍പ്ലേ ഘട്ടത്തില്‍ തന്നെയാണ്. അവസാന ഓവറുകള്‍ക്കായി കാത്തു നില്‍ക്കാതെ ആധികാരികതയോടെ ജയത്തിലേക്ക് നടന്നടുക്കാനുള്ള പടിയായി പവര്‍പ്ലേയെ മാറ്റുന്ന തന്ത്രം ഇനി ട്വന്‍റി20 യെ മാറ്റിമറിക്കുമെന്ന് ഉറപ്പ്. നരൈന്‍റെ കൈക്കരുത്തിനൊപ്പം വിലപ്പെട്ടതാണ് പരീക്ഷണങ്ങളെ പുല്‍കാന്‍ ഗംഭീറെന്ന നായകന്‍ പ്രകടമാക്കിയ സന്നദ്ധതയും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News