കാര്‍ത്തിക് ആ സിക്സര്‍ അടിച്ചിരുന്നില്ലെങ്കില്‍ എന്താകുമായിരുന്നു? - വിജയ് ശങ്കര്‍ ചോദിക്കുന്നു
അത്രയും പന്തുകള്‍ ഞാന്‍ വെറുതെ കളഞ്ഞില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ നമ്മുടെ ജയം എളുപ്പമാകുമായിരുന്നു, ഞാന്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്യുമായിരുന്നു.
ത്രിരാഷ്ട്ര ട്വന്‍റി20 പരമ്പരയിലെ കലാശപ്പോരില്‍ അവസാന പന്തില്‍ സിക്സറടിച്ച് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ദിനേശ് കാര്‍ത്തിക്കാണ് ഇപ്പോള്‍ വാര്‍ത്തയിലെ താരം. കാര്‍ത്തിക്കിന് മുമ്പ് ബാറ്റിങ് ഓര്‍ഡറില്‍ കയറ്റത്തോടെ ക്രീസിലെത്തിയ യുവ താരം വിജയ് ശങ്കറിനെതിരെയുള്ള രോഷവും പുകയുന്നുണ്ട്. വിജയുടെ മെല്ലെപ്പോക്കാണ് ഇന്ത്യയെ പ്രതിസന്ധിയിലേക്ക് തള്ളിയതെന്നാണ് ആരാധകരില്‍ ചിലരുടെ പരിഭവം. അവസാന പന്തില്‍ കാര്‍ത്തിക് സിക്സര്‍ അടിച്ചിരുന്നില്ലെങ്കില്‍ എന്താകുമായിരുന്നു എന്നാണ് തന്നെ ഇപ്പോഴും അലട്ടുന്ന ചിന്തയെന്ന് വിജയ് പറയുന്നു.
കാര്‍ത്തിക് വിജയം കൈയെത്തിപ്പിടിച്ച നിമിഷം തന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണെന്ന് വിജയ് ശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ആ 15 മിനുട്ട് എനിക്ക് ഒന്നോ രണ്ടോ മണിക്കൂറായാണ് തോന്നിയത്. ഡികെ ആ സിക്സറടിച്ചിരുന്നില്ലെങ്കില്‍, നമ്മള്‍ ആ മത്സരം തോറ്റിരുന്നെങ്കില്‍ എന്താകുമായിരുന്നുവെന്ന ചിന്തയാണ് എന്നെ വേട്ടയാടുന്നത്. അത്രയും പന്തുകള്‍ ഞാന്‍ വെറുതെ കളഞ്ഞില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ നമ്മുടെ ജയം എളുപ്പമാകുമായിരുന്നു, ഞാന്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്യുമായിരുന്നു. മത്സരം വിജയിപ്പിച്ചതില്‍ കാര്‍ത്തിക്കിനോട് ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നു. അതേസമയം മത്സരം സ്വന്തം നിലയില്‍ ജയിപ്പിക്കാനുള്ള അവസരം കളഞ്ഞു കുളിച്ചതില്‍ സങ്കടവുമുണ്ട്.