ടോറസ്, മാറ്റ, ഡീഗോ കോസ്റ്റ എന്നിവരില്ലാതെ സ്പെയിനിന്റെ യൂറോ ടീം
ഡീഗോ കോസ്റ്റ , സാന്‍റീ കസോര്‍ള, യുവാന്‍ മാറ്റ തുടങ്ങിയ പ്രമുഖര്‍ 25 അംഗ ടീമില്‍ ഇടം നേടിയില്ല
യൂറോ കപ്പ് ഫുട്ബോളിനുള്ള സ്പാനിഷ് ടീമിനെ പ്രഖ്യാപിച്ചു. ഡീഗോ കോസ്റ്റ , സാന്‍റീ കസോര്‍ള, യുവാന്‍ മാറ്റ തുടങ്ങിയ പ്രമുഖര്‍ 25 അംഗ ടീമില്‍ ഇടം നേടിയില്ല.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെതിരായ മത്സരത്തിനിടെയേറ്റ പരിക്കാണ് ചെല്‍സി താരം ഡീഗോ കോസ്റ്റക്ക് തിരിച്ചടിയായത്. കോസ്റ്റയുടെ കായികക്ഷമത സംബന്ധിച്ച് സംശയമുള്ളതിനാലാണ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നാണ് പരിശീലകന്‍ വിന്‍സന്‍റ് ഡെല്‍ ബോസ്കെ നല്‍കുന്ന വിശദീകരണം. പരിക്ക് കാരണമാണ് കസോര്‍ളയെയും ടീമില്‍ നിന്ന് ഒഴിവാക്കിയത്. സീസണിന്റെ അവസാനം ഫോമിലേക്ക് തിരിച്ചെത്തിയെങ്കിലും അത്ലറ്റികോ മാഡ്രിഡ് താരം ഫെര്‍ണാണ്ടോ ടോറസിനും ഡെല്‍ ബോസ്കയുടെ പട്ടികയില്‍ ഇടം പിടിക്കാനായില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം യുവാന്‍ മാറ്റ, ബാഴ്സലോണയുടെ സെര്‍ജി റോബര്‍ട്ടോ, വിയ്യാറല്‍ താരം മരിയ ഗാസ്പര്‍ തുടങ്ങിയവരും 25 അംഗ ടീമിലില്ല. തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിടുന്ന സ്പെയിന്‍റെ ആദ്യ മത്സരം ജൂണ്‍ 13ന് ചെക്ക് റിപബ്ലിക്കിനെതിരെയാണ്. ഇതിന് മുന്‍പ് ബോസ്നിയ, ദക്ഷിണ കൊറിയ, ജോര്‍ജിയ എന്നീ ടീമുകളുമായി സൌഹൃദ മത്സരം കളിക്കും. യൂറോകപ്പോടെ ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുമെന്ന് വിന്‍സന്‍റ് ഡെല്‍ ബോസ്ക് വ്യക്തമാക്കിയിട്ടുണ്ട്.