പുരുഷ ഹോക്കിയില്‍ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഇന്ത്യ

Update: 2018-05-31 16:48 GMT
Editor : Alwyn K Jose
പുരുഷ ഹോക്കിയില്‍ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഇന്ത്യ
Advertising

വൈകീട്ട് ആറരക്കാണ് മല്‍സരം. ഇന്ത്യന്‍ ഹോക്കി പ്രതാപകാലത്തേക്ക് മടങ്ങുന്നുവെന്ന ശുഭസൂചനയാണ് റിയോയില്‍ നിന്നും ലഭിക്കുന്നത്.

പുരുഷ ഹോക്കിയില്‍ മൂന്നാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. നെതര്‍ലന്റാണ് എതിരാളികള്‍. ജയിച്ചാല്‍ ഇന്ത്യക്ക് ക്വാര്‍ട്ടറിലെത്താം. വൈകീട്ട് ആറരക്കാണ് മല്‍സരം. ഇന്ത്യന്‍ ഹോക്കി പ്രതാപകാലത്തേക്ക് മടങ്ങുന്നുവെന്ന ശുഭസൂചനയാണ് റിയോയില്‍ നിന്നും ലഭിക്കുന്നത്.

ആദ്യം അയര്‍ലന്റിനെ തോല്‍പ്പിച്ചത് രണ്ടിനെതിരെ മൂന്ന് ഗോളിന്. ജര്‍മ്മനിക്കെതിരായ രണ്ടാം മല്‍സരത്തില്‍ തോറ്റത് തലനാരിഴക്ക്. ഒടുവില്‍ അര്‍ജന്റീനയെ കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗോളിന്. 2009 ന് ശേഷം ആദ്യമായാണ് അര്‍ജന്റീനയോ തോല്‍പ്പിച്ചത്. നെതര്‍ലന്റിനെതിരെ ജയിക്കാനായാല്‍ ശ്രീജേഷിനും കൂട്ടര്‍ക്കും ക്വാര്‍ട്ടറിലക്ക് മുന്നേറാം. 1996 ലെ അറ്റ്‍ലാന്റ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ നെതര്‍ലന്റ് ടീമംഗമായിരുന്ന റോളണ്ട് ഓള്‍ട്ടോമാനാണ് ഇന്ത്യയെ പരിശീലിപ്പിക്കുന്നത്.

ആക്രമണത്തില്‍ രൂപീന്ദര്‍പാല്‍ സിങ്, കങ്കുജ്,കോദജിത്ത് എന്നിവരുടെ ഫോം ഇന്ത്യക്ക് തുണയാകും. വിആര്‍ രഘുനാഥ്, കോത്താജിത്ത് സിങ് എന്നിവര്‍ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ പ്രതിരോധം ഇനിയും മുന്നേറാനുണ്ട്. അവസാന പാദങ്ങളില്‍ പലപ്പോഴും പ്രതിരോധത്തില്‍ പാളിച്ചയുണ്ടാകുന്നത് കോച്ച് ഓള്‍ട്ടോമാനെ വലയ്ക്കുന്നു. ഗോള്‍വലക്ക് താഴെ പിആര്‍ ശ്രീജേഷിന്റെ മികവ് നെതര്‍ലന്റ് മുന്നേറ്റത്തിന് ഭീഷണിയാകും. അര്‍ജന്റീനക്കെതിരെ മികച്ച സേവുകളാണ് ശ്രീജേഷ് നടത്തിയത്. റിയോ ഒളിമ്പിക്സില്‍ തോല്‍വിയറിയാത്ത ടീമാണ് നെതര്‍ലന്റ്സ്. ഗ്രൂപ്പ് ബിയില്‍ അര്‍ജന്റീനക്കെതിരെ സമനില വഴങ്ങിയാണ് തുടക്കം. ദുര്‍ബലരായ അയര്‍ലന്‍ഡിനെ തകര്‍ത്തത് ഏകപക്ഷീയമായ 5 ഗോളിന്. മൂന്നാം മല്‍സരത്തില്‍ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് കാനഡയെ തരിപ്പണമാക്കിയത്. ശക്തമായ ആക്രമണമാണ് നെതര്‍ലന്റിന്റെ പ്ലസ് പോയന്റും. ഒപ്പം മധ്യനിരയില്‍ കളിനിയന്ത്രിക്കാന്‍ പ്രാപ്തരായ കളിക്കാരുമുണ്ട്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News