മികച്ച കളിക്കാരനുള്ള യുവേഫ അവാർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്

Update: 2018-06-01 09:56 GMT
Editor : Ubaid
മികച്ച കളിക്കാരനുള്ള യുവേഫ അവാർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്
Advertising

ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഫിക്സ്ചർ പ്രഖ്യാപന വേളയിലാണ് യൂറോപ്പിലെ ഏറ്റവും മികച്ച കളിക്കാരനായി റൊണാള്‍ഡോയെ പ്രഖ്യാപിച്ചത്.

കഴിഞ്ഞ സീസണിലെ യൂറോപ്പിലെ മികച്ച കളിക്കാരനുള്ള യുവേഫ അവാർഡ് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്. പോർച്ചുഗലിനെ യൂറോപ്യൻ ചാമ്പ്യൻമാരാക്കിയതും റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയതുമാണ് ക്രിസ്റ്റാന്യോയെ അവാർഡിനർഹനാക്കിയത്. മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം നോർവീജിയൻ താരം അഡ ഹെഗർബർഗ് നേടി.

ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഫിക്സ്ചർ പ്രഖ്യാപന വേളയിലാണ് യൂറോപ്പിലെ ഏറ്റവും മികച്ച കളിക്കാരനായി റൊണാള്‍ഡോയെ പ്രഖ്യാപിച്ചത്. റയല്‍ മാഡ്രിഡിലെ സഹതാരം ഗാരേത് ബെയ്ൽ, അത്‍ലറ്റിക്കോ മാഡ്രിഡിലെ ഫ്രഞ്ച് താരം ആൻറോണിയെ ഗ്രീസ്മാൻ എന്നിവരെ പിന്നിലാക്കിയാണ് റോണോ യുടെ നേട്ടം. 2014ലും യുവേഫ അവാർഡ് റൊണാൾഡോക്കായിരുന്നു.

യുവേഫയുടെ 55 അംഗ രാജ്യങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരുടെ വോട്ടിങ്ങിലൂടെയാണ് മികച്ച താരത്തെ കണ്ടെത്തിയത്. ലയണൽ മെസ്സി രണ്ടു തവണയും, ആന്ദ്രേ ഇനിയെസ്റ്റ, ഫ്രാങ്ക് റിബറി എന്നിവർ ഓരോ തവണയും ജേതാക്കളായിട്ടുണ്ട്. മികച്ച യൂറോപ്യൻ ഫുട്ബോളർക്ക് നൽകിയിരുന്ന ബാലൺ ഡി ഓർ പുരസ്കാരം ഫിഫ ലോക ഫുട്ബോളർ പുരസ്കാരമാക്കി മാറ്റിയതോടെയാണ് 2011ല്‍ യൂറോപ്യൻതാരത്തിനായി പുതിയ അവാർഡുണ്ടാക്കിയത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News