വോളിബോള്‍ താരം സി കെ രതീഷിന് ജോലി നല്‍കാന്‍ തീരുമാനം
ജന്മനാടായ കോഴിക്കോട് തന്നെ ജോലി നല്‍കാനാണ് മന്ത്രിസഭയുടെ തീരുമാനം
കേരള വോളിബോള്‍ താരം സി കെ രതീഷിന് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ദിവസം ചേര്ന്ന മന്ത്രിസഭാ യോഗമാണ് രതീഷിന് ജോലി നല്‍കാന്‍ തീരുമാനിച്ചത്. കേരള വോളി ടീമിലെ മികച്ച താരമായിട്ടും രതീഷിന് ജോലി ലഭിക്കാത്തത് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കിന്‍ഫ്രയില്‍ സൂപ്പര്‍ ന്യൂമറിക് തസ്തിക സൃഷ്ടിച്ചാണ് രതീഷിന് ജോലി നല്‍കുക. ജന്മനാടായ കോഴിക്കോട് തന്നെ ജോലി നല്‍കാനാണ് മന്ത്രിസഭയുടെ തീരുമാനം. കഴിഞ്ഞ ദിവസം ചേര്ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
2016ലും ഏറ്റവും ഒടുവില്‍ കോഴിക്കോട് നടന്ന ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലും കേരളത്തെ വിജയത്തിലെത്തിക്കാന്‍ ടീമിലെ ലിബറോ ആയ രതീഷിന്റെ സംഭാവനകള്‍ ഏറെയായിരുന്നു. കേരള ടീമിലെ മികച്ച താരങ്ങളിലൊരാള്‍ കൂടിയായ 38 കാരന്റെ സ്വപ്നം കൂടിയായിരുന്നു സര്‍ക്കാര്‍ ജോലി. കോഴിക്കോട് പേരാന്പ്ര സ്വദേശിയായ രതീഷ് 2015ലും 16ലും 17ലും ഫെഡറേഷന്‍ കപ്പിലെ മികച്ച ലിബറോ ആയിരുന്നു.
കേരളം വിജയിക്കുമ്പോഴെല്ലാം ജോലി വാഗ്ദാനം ഉണ്ടായെങ്കിലും നിയമത്തിന്റെയും മാനദണ്ഡങ്ങളുടെയും പേരില്‍ നഷ്ടമാവുകയായിരുന്നു. ആ ജോലിയാണ് ഇപ്പോള്‍ രതീഷിനെ തേടിയെത്തുന്നത്.