അര്‍ജന്റീനന്‍ ടീമില്‍ കൂട്ടവിരമിക്കല്‍; ഏഴു താരങ്ങള്‍ പുറത്തേക്ക്
ലയണല്‍ മെസി എന്ന ഫുട്ബോള്‍ മാന്ത്രികനില്ലാതെ എന്ത് അര്‍ജന്റീനന്‍ ടീം എന്ന് ചിന്തിക്കുന്നവര്‍ ആരാധകര്‍ മാത്രമല്ല താരങ്ങളുമുണ്ട്.
ലയണല്‍ മെസി എന്ന ഫുട്ബോള്‍ മാന്ത്രികനില്ലാതെ എന്ത് അര്‍ജന്റീനന്‍ ടീം എന്ന് ചിന്തിക്കുന്നവര്‍ ആരാധകര്‍ മാത്രമല്ല താരങ്ങളുമുണ്ട്. അതല്ലെങ്കില്‍ മെസി വിട പറയുമ്പോള്‍ അതിനെ അതിവൈകാരികമായി ഹൃദയത്തില്‍ ഉള്‍ക്കൊള്ളുന്നവര്‍. കോപ്പയിലെ തോല്‍വിക്കൊടുവില്‍ മെസി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അര്‍ജന്റീനന്‍ ടീമില്‍ കൂട്ട വിരമിക്കലുണ്ടാകുമെന്ന് സൂചന. പ്രതിരോധത്തിലും മധ്യനിരയിലും നിറഞ്ഞു കളിക്കാനും ഗോളടിപ്പിക്കുന്നതിലും അതികായനായ മഷരാനോയും മെസിയുടെ ഉറ്റസുഹൃത്തും മുന്നേറ്റനിരയിലെ കുന്തമുനയുമായ സെര്‍ജിയോ അഗ്യൂറോയും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. വരും മണിക്കൂറുകളില്‍ കൂടുതല്‍ പേര്‍ ദേശീയ ടീമിനോട് വിടപറയുമെന്നാണ് സൂചന. ഗോള്‍സാലോ ഹിഗ്വിന്‍, ലെവസി, ഡി മരിയ, ബെനഗ, ലൂക്കാസ് ബിഗ്ലിയ തുടങ്ങി താരങ്ങള്‍ അര്‍ജന്റീനയുടെ ജഴ്‍സി അഴിച്ചുവെക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ഫുട്ബോള്‍ ലോകം കാണാന്‍ പോകുന്ന ഏറ്റവും വലിയ ദുരന്തമായിരിക്കും സംഭവിക്കുക. അര്‍ജന്റീന വെറും മുനയൊടിഞ്ഞ ശരാശരി ടീമിനേക്കാളും താഴേക്ക് പതിക്കുമെന്ന് ഉറപ്പ്. അര്‍ജന്റീന്‍ ഫുട്ബോള്‍ അസോസിയേഷനുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കൂട്ടവിരമിക്കലിലേക്ക് നയിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.