ലോകം റിയോയില്‍, വിശ്വകായിക മാമാങ്കത്തിന് അരങ്ങുണര്‍ന്നു
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30 നായിരുന്നു ഉദ്ഘാടനച്ചടങ്ങുകള്‍ തുടങ്ങിയത്
ലോക കായിക മാമാങ്കത്തിന് ബ്രസീലിലെ റിയോ ഡി ജനീറോയില്‍ അരങ്ങുണര്‍ന്നു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30 നായിരുന്നു ഉദ്ഘാടനച്ചടങ്ങുകള്‍ തുടങ്ങിയത്. ബ്രസീലിയന്‍ പാരമ്പര്യത്തിന്റെ തനിമ വിളിച്ചോതുന്ന കലാപരിപാടികളും പ്രകാശവിന്യാസവും ഉദ്ഘാടനച്ചടങ്ങിന് കൊഴുപ്പേകി. മൂന്നര മണിക്കൂര്‍ നീണ്ടു നിന്ന ഉദ്ഘാടന ചടങ്ങ് പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യവും വിളിച്ചോതുന്നതായിരുന്നു. ചെലവ് കുറച്ചുള്ള ഉദ്ഘാടന പരിപാടികളായിരുന്നു മാരക്കാന സ്റ്റേഡിയത്തില്‍ അരങ്ങേറിയതെങ്കിലും അവയ്ക്ക് ബ്രസീലിന്റെ പ്രൌഢമായ പാരമ്പര്യമുണ്ടായിരുന്നു. ഒളിമ്പിക്‌സിന്റെ മാര്‍ച്ച്പാസ്റ്റിനെത്തുന്ന ടീമുകള്‍ക്കെല്ലാം നട്ടുവളര്‍ത്താന്‍ ഒരു വൃക്ഷത്തൈ കൊടുക്കുക. ടീമുകള്‍ പതാകയേന്തി ഗ്രൗണ്ടിലെത്തുമ്പോഴാണ് ഒപ്പമുള്ള കുട്ടിയുടെ കൈയില്‍ ഒരു തൈ കൂടി കൊടുത്തത്. എല്ലാം ബ്രസീലിലെ തനത് സസ്യങ്ങള്‍. ആകെ 207 ഇനം തൈകളാണ് ഇങ്ങിനെ തയ്യാറാക്കിയത്.
വിവിധ രാജ്യങ്ങളുടെ വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റും ചടങ്ങിന് മാറ്റ് കൂട്ടി. ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നത്. മത്സരത്തിന് മുന്നോടിയായുള്ള പരിശീലനം കാരണം ഹോക്കി ടീം മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തില്ല. ആകാംക്ഷകള്‍ക്കൊടുവില്‍ ബ്രസീലിയന്‍ മാരത്തണ്‍ താരം വാണ്ടര്‍ ലീ ലിമ ആണ് ഒളിമ്പിക് ദീപം കൊളുത്തിയത്. ഫുട്ബോള്‍ ഇതിഹാസം പെലെയായിരുന്നു ദീപം തെളിയിക്കേണ്ടത്. എന്നാല്‍ ആരോഗ്യസംബന്ധമായ കാരണങ്ങളാല്‍ പെലെ പിന്‍മാറുകയായിരുന്നു. പിന്നീട് ബ്രസീലിന്റെ മുന്‍ ടെന്നിസ് താരം ഗുസ്താവോ ക്വേര്‍ട്ടനായിരിക്കും ദീപം കൊളുത്തുക എന്നും സൂചനയുണ്ടായിരുന്നു. ഒടുവില്‍ ഒരു കാത്തുവച്ച സസ്പെന്‍സ് പോലെ വാണ്ടര്‍ലീ ലോക കായികമേളക്ക് തിരി തെളിയിക്കുകയായിരുന്നു. ബ്രസീലിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ മെയ്‌റലസാണ് ഉദ്ഘാടനച്ചടങ്ങുകള്‍ അണിയിച്ചൊരുക്കിയത്.
അഞ്ച് ഭൂഖണ്ഡങ്ങള്‍. ഇവിടെ നിന്നുമായി 206 രാജ്യങ്ങള്‍. 11239 കായികതാരങ്ങള്‍. 42 കായിക ഇനങ്ങളിലായി മത്സരം. ഇനി പതിനഞ്ച് നാളുകള്‍ കായികലോകം റിയോയിലേക്ക് കണ്ണും കാതുമര്‍പ്പിക്കും.