ഒളിമ്പിക്സില്‍ സ്വര്‍ണം വിളയിക്കുന്ന ചൈന; പരിശീലനം കടുപ്പം തന്നെ...

Update: 2018-06-02 10:24 GMT
Editor : Alwyn K Jose
ഒളിമ്പിക്സില്‍ സ്വര്‍ണം വിളയിക്കുന്ന ചൈന; പരിശീലനം കടുപ്പം തന്നെ...
Advertising

കഠിനമായ പരിശീലമാണ് ചൈനയെ ഈ നേട്ടത്തിന് അര്‍ഹരാക്കുന്നത്. എന്നാല്‍ ഈ പരിശീലന രീതിക്കെതിരെ സ്വന്തം രാജ്യത്ത് തന്നെ വലിയ വിമര്‍ശമുണ്ട്.

ഒളിമ്പിക്സില്‍ ചൈനയുടെ കുത്തകയായി ചില ഇനങ്ങളുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് ഡൈവിങ്. കഠിനമായ പരിശീലമാണ് ചൈനയെ ഈ നേട്ടത്തിന് അര്‍ഹരാക്കുന്നത്. എന്നാല്‍ ഈ പരിശീലന രീതിക്കെതിരെ സ്വന്തം രാജ്യത്ത് തന്നെ വലിയ വിമര്‍ശമുണ്ട്.

ഒളിമ്പിക്സില്‍ ചൈനയുടെ ചാട്ടങ്ങളെല്ലാം സ്വര്‍ണത്തിലേക്കാണ്. നീലക്കുളത്തില്‍ ഓരോ തവണ മുങ്ങുമ്പോഴും സ്വര്‍ണവുമായവര്‍ പൊങ്ങുന്നു. 2008ല്‍ ആകെയുള്ള എട്ട് ഇനങ്ങളില്‍ ഏഴ് സ്വര്‍ണമടക്കം 11 മെഡലുകളും 2012ല്‍ ആറ് സ്വര്‍ണമടക്കം പത്ത് മെഡലുകളുമാണ് ചൈന നേടിയത്. ചൈനയെ ഇങ്ങനെ മെഡല്‍ വാരിയെടുക്കാന്‍ സഹായിക്കുന്നത് അവരുടെ പരിശീലനരീതിയാണ്. ചെറുപ്പത്തിലേ പ്രതിഭകളെ കണ്ടെത്തും. ഡെവിങിലാണ് താത്പര്യവും കഴിവുമെന്ന് കണ്ടാല്‍ പരിശീലനം തുടങ്ങും. നാലാം വയസ് മുതല്‍. പന്ത്രണ്ട് വയസാകുമ്പോള്‍ പരിശീലന രീതി മാറും. ആഴ്ചയിലെ ഏഴ് ദിവസവും ഏഴു മണിക്കൂര്‍ കുട്ടികള്‍ നീന്തല്‍ കുളത്തിലുണ്ടാകും.

വീട്ടില്‍ നിന്ന് മാറ്റി സര്‍ക്കാര്‍ പരിശീലന കേന്ദ്രങ്ങളില്‍ കുട്ടികളെ ചേര്‍ക്കും. പഠനവും പരിശീലനവുമെല്ലാം അവിടെ തന്നെ. ചിലപ്പോള്‍ വര്‍ഷങ്ങളോളം വീട്ടില്‍ പോകാന്‍ കഴിയില്ല. മത്സരത്തോട് അടുക്കുമ്പോള്‍ പത്ത് മണിക്കൂര്‍ വരെ പരിശീലനം നേടും. ഒളിമ്പിക്സില്‍ ജയിക്കുന്നവര്‍ക്ക് ലഭിക്കുന്ന പാരിതോഷികവും വലുതാണ്. പക്ഷേ ഇതിനെ എതിരെയെല്ലാം ചൈനയില്‍ വിമര്‍ശവും ശക്തമാണ്. മനുഷ്യന്മാരെ റോബോട്ടുകളാക്കി തീര്‍ക്കുന്നു എന്നാണ് വിമര്‍ശകരുടെ അഭിപ്രായം. മാനുഷികമായ ഒരു പരിഗണനയും നല്‍കാതെ രാജ്യത്തിന്റെ അഭിമാനത്തിനായി ഇവരെ വളര്‍ത്തുന്നു എന്നും വിമര്‍ശമുണ്ട്. സ്വന്തം മക്കളെ കാണാന്‍ കഴിയാത്ത ദുഖവുമായി നിരവധി മാതാപിതാക്കള്‍ ചൈനയില്‍ ഉണ്ടെന്നും വിമര്‍ശകര്‍ പറയുന്നു. ഏതായാലും ഒളിമ്പിക്സ് ഡൈവിങില്‍ ചൈനയുടെ ആധിപത്യത്തിന് കാരണം ഈ പരിശീലന രീതിയാണെന്ന് നിസംശയം പറയാം.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News