മൈക്കിള്‍ ഫെല്‍പ്സിന് എന്തുപറ്റി ? ശരീരത്തിലെ ചുവന്ന അടയാളങ്ങള്‍ക്ക് കാരണമെന്ത് ?
ഒളിമ്പിക്സിലെ സുവര്‍ണമത്സ്യമാണ് മൈക്കിള്‍ ഫെല്‍പ്സ്. ഓരോ തവണയും നീന്തല്‍ക്കുളത്തിലേക്ക് ഊളിയിടുമ്പോഴും സ്വര്‍ണവുമായി പൊങ്ങുന്ന താരം.
ഒളിമ്പിക്സിലെ സുവര്‍ണമത്സ്യമാണ് മൈക്കിള്‍ ഫെല്‍പ്സ്. ഓരോ തവണയും നീന്തല്‍ക്കുളത്തിലേക്ക് ഊളിയിടുമ്പോഴും സ്വര്‍ണവുമായി പൊങ്ങുന്ന താരം. എന്നാല്‍ കഴിഞ്ഞദിവസം മത്സരത്തിനിറങ്ങിയ ഫെല്‍പ്സ് നീന്തല്‍ക്കുളത്തിലേക്ക് എത്തിയപ്പോഴാണ് എല്ലാവരും ഒരു കാര്യം ശ്രദ്ധിച്ചത്. ഫെല്‍പ്സിന്റെ ശരീരത്തില്‍ പലയിടത്തായി വൃത്താകൃതിയില്‍ ചുവന്ന അടയാളങ്ങള്‍. കാണാനത്ര ഭംഗിയില്ലാത്തതിനാല്‍ പലരും കാരണം അന്വേഷിച്ചു. എന്നാല്‍ പിന്നീടാണ് അറിയുന്നത്, ഫെല്‍പ്സിന്റെ ശരീരത്തില്‍ മാത്രമല്ല, റിയോ ഒളിമ്പിക്സിനെത്തിയ പല അത്‌ലറ്റുകളുടെയും ശരീരത്തില്‍ സമാന അടയാളങ്ങളുണ്ട്. അമേരിക്കന്‍ ടീമിലെ പല താരങ്ങളിലാണ് ഈ അടയാളം കൂടുതലുള്ളത്. പലര്‍ക്കും സംശയം, ഇനി പുതിയയിനം ടാറ്റൂ ആണോയെന്നായിരുന്നു. ചിലര്‍ക്ക് സംശയം എന്തെങ്കിലും രോഗത്തിന്റെ തുടക്കമാണോയെന്ന്. എന്നാല്‍ ഇതൊന്നുമല്ല ഈ അടയാളങ്ങള്‍ക്ക് പിന്നില്‍. ഇതിന്റെ രഹസ്യത്തിന് അറബ് പാരമ്പര്യവുമായി ബന്ധമുണ്ടെന്നതാണ് കൌതുകം.
അറബികള്‍ക്കിടയില്‍ പൗരാണിക കാലം മുതല്‍ പ്രചാരം നേടിയ ചികിത്സാ രീതിയാണ് ഹിജാമ തെറാപ്പി അഥവാ കപ്പിങ് ചികിത്സ. ഇന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ബദല്‍ ചികിത്സാ രീതി എന്ന നിലയില്‍ ഹിജാമ തെറാപ്പി പ്രചാരം നേടിക്കഴിഞ്ഞു. ഹിജാമ തെറാപ്പി നടത്തിയതിനു ശേഷം ശരീരത്തില്‍ അവശേഷിക്കുന്ന അടയാളങ്ങളാണ് ഫെല്‍പ്സ് അടക്കമുള്ള താരങ്ങളുടെ ദേഹത്തുണ്ടായിരുന്നത്. ശരീരത്തിലെ പ്രത്യേക ഭാഗങ്ങളില്‍നിന്ന് അശുദ്ധ രക്തം വലിച്ചെടുത്ത് പുറത്ത് കളയുന്ന ചികിത്സയാണ് ഹിജാമ തെറാപ്പി. ശരിയായ വിധത്തില്‍ രക്തചംക്രമണമില്ലാത്തതാണ് 70 ശതമാനം രോഗങ്ങളുടെയും കാരണമെന്ന് ആധുനിക പഠനങ്ങള്‍ വരെ പറയുന്നു. രക്തസഞ്ചാരം സുഗമമാക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്ന ചികിത്സാ രീതിയാണ് ഹിജാമ തെറാപ്പി. പുതിയ ജീവിത ശൈലിയുടെ ഭാഗമായ ഭക്ഷണ രീതിയിലൂടെയും മരുന്നുകളിലൂടെയും രക്തധമനികളില്‍ വന്നടിഞ്ഞിട്ടുള്ള വിഷാംശം ഇല്ലാതാക്കാനും പുതിയ രക്തം കൊണ്ടുവരാനും ഹിജാമ തെറാപ്പി സഹായിക്കും. പുറം വേദന, സന്ധി വേദന, വിഷാദം, മാനസിക സംഘര്‍ഷം, മൈഗ്രെയ്ന്‍, കഴുത്ത് വേദന, വിവിധ തരം ചര്‍മ രോഗങ്ങള്‍ തുടങ്ങിയവക്കെല്ലാം ഫലപ്രദമായ ചികിത്സയാണ് ഹിജാമ തെറാപ്പി എന്ന് കണ്ടെത്തിയിട്ടുണ്ട്. ഹിജാമ തെറാപ്പിക്ക് വിധേയനായ ഫെല്‍പ്സ് അതിന്റെ ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവിട്ടിരുന്നു.
ശരീരത്തില്‍ ചെറിയ കപ്പുകള്‍ പതിപ്പിച്ചാണ് ഹിജാമ തെറാപ്പി ചെയ്യുന്നത്. കപ്പിനുള്ളിലെ വായു ഒഴിവാക്കി ശൂന്യത സൃഷ്ടിച്ച ശേഷമാണ് ശരീരത്തില്‍ ഘടിപ്പിക്കുന്നത്. ശരീരത്തിലെ നിശ്ചിത ഭാഗത്ത് ഒരു ചെറിയ വാക്കം മെഷിന്‍ ഉപയോഗിച്ച് രക്തത്തെ ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കുന്നു. അതിന് ശേഷം ആ ഭാഗത്ത് ഒലിവ് എണ്ണ പുരട്ടി അവിടെ മസാജ് ചെയ്യുന്നു. തുടര്‍ന്ന് ബ്‌ളേഡ് ഉപയോഗിച്ച് ശരീരത്തിന്റെ നിശ്ചിത ഭാഗത്ത് ചെറിയ മുറിവുകളുണ്ടാക്കി, വാക്കം ഉപയോഗിച്ച് രക്തം ചെറിയ കപ്പുകളില്‍ വലിച്ചെടുക്കുകയാണ് ചെയ്യുന്നത്.