രണ്ട് ശതകങ്ങളും വഴുതിമാറിയ ഒരു അട്ടിമറി ജയവും
ലാനിങ് മനോഹരമായ ഡ്രൈവുകളിലൂടെയും ശക്തമായ പുള്‍ ഷോട്ടുകളിലൂടെയും ലങ്കന്‍ ബൌളര്‍മാരെ വട്ടം കറക്കി. റെക്കോഡുകളുടെ തോഴിയെ സംബന്ധിച്ചിടത്തോളം അന്താരാഷ്ട്ര ഏകദിന കരിയറിലെ പതിനൊന്നാം ശതകം മറ്റൊരു...ൂ
വനിത ലോകകപ്പിലെ ആസ്ത്രേലിയ - ശ്രീലങ്ക പോരാട്ടത്തിനിടെ ലങ്കയുടെ മൂന്നാം ഓവറില്‍ നോണ്‍ സ്ട്രൈക്കിങ് എന്‍ഡില്‍ ബാറ്റ് നിലകൊള്ളുകയായിരുന്ന ചമരി അട്ടപ്പട്ടുവിന്‍റെ ഷൂ ലെയ്‍സ് അനുസരണക്കേട് കാട്ടി പിണങ്ങി. കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു ഓസീസ് ടീമിന്‍റെ നായികയായ മെഗ് ലാനിങ് ആ സമയം. അട്ടപ്പട്ടുവിന്‍റെ സഹായ അഭ്യര്‍ഥന തള്ളിക്കളയാതെ ഓടിയെത്തിയ മാനിങ് ലെയ്സ് കെട്ടി മുറുക്കി. പിന്നീടങ്ങോട്ട് കണ്ടത് അട്ടപ്പട്ടുവിന്‍റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. ഓവറിലെ അഞ്ചാം പന്ത് ലോങ് ഓഫിലൂടെ അതിര്‍ത്തി കടത്തിയ അട്ടപ്പട്ടു വരവറിയിച്ചു. വനിത ഏകദിന ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ബൌണ്ടറിയിലൂടെ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നേട്ടത്തിലേക്കുള്ള അട്ടപ്പട്ടുവിന്‍റെ ആദ്യ പടവായിരുന്നു അത്. ആകെ 28 തവണ പന്ത് ആ ബാറ്റിലൂടെ ബൌണ്ടറിയെ ചുംബിച്ചു.
പതിവിന് വിപരീതമായി അലസമായിരുന്നു ഫീല്‍ഡില്‍ ഓസീസ് വനിതകള്‍. ബൌളര്‍മാരും എന്തോ നിറംമങ്ങിയ പോലെ. എന്നിട്ടും ലങ്കയുടെ മറ്റ് താരങ്ങള്‍ വിക്കറ്റ് സമ്മാനിച്ച് കൂടാരം കയറാന്‍ മത്സരിച്ചപ്പോള്‍ ടീമിനെ സ്വന്തം തോളിലേറ്റി പോരാടുകയായിരുന്നു അട്ടപ്പട്ടു. മുപ്പത്തിയേഴാമത്തെ ഓവറിലാണ് ആ ബാറ്റില്‍ നിന്നും ആദ്യ സിക്സര്‍ പിറന്നത്. പിന്നെ അഞ്ച് തവണ കൂടി പന്ത് ഗാലറിക്ക് അടിച്ചകറ്റി ലങ്കന്‍ വീര്യമായി ക്രീസില്‍ അട്ടപ്പട്ടു ജ്വലിച്ചു നിന്നു, ടീമിന്‍റെ ആകെ സ്കോറിന്‍റെ 63 ശതമാനവും നേടി 178 റണ്‍സുമായി അജയ്യയായി താരം നിലകൊണ്ടു. . എകയായി കംഗാരുക്കള്‍ക്ക് മുന്നില്‍ ഒരു ലോകകപ്പ് റെക്കോഡ് പിന്തുടര്‍ന്ന് ജയിക്കാനായി ഉയര്‍ത്തുകയായിരുന്നു അട്ടപ്പട്ടു. എന്തുകൊണ്ടും ഒരു അട്ടിമറി ജയത്തിലേക്ക് ലങ്കയെ കൈപ്പിടിച്ച് ഉയര്‍ത്താവുന്ന ഇന്നിങ്സ്. മത്സരഗതി നിര്‍ണയിക്കാവുന്ന ഒരു അത്ഭുത പ്രകടനം.
ഓസീസ് ഇന്നിങ്സിന് 12 പന്ത് മാത്രം പ്രായമായിരിക്കെയാണ് നായിക ക്രീസിലെത്തിയത്. ആദ്യ രണ്ട് പന്തുകള്‍ തടുത്തിട്ട ലാനിങ് അടുത്ത പന്ത് പോയിന്‍റിലൂടെ അതിര്‍ത്തി കടത്തി. ദുഷ്കരമെന്ന വിശേഷണത്തോട് പൊതുവെ മുഖം തിരിച്ചു നില്‍ക്കുന്ന പ്രകൃതമുള്ള ലാനിങ് മനോഹരമായ ഡ്രൈവുകളിലൂടെയും ശക്തമായ പുള്‍ ഷോട്ടുകളിലൂടെയും ലങ്കന്‍ ബൌളര്‍മാരെ വട്ടം കറക്കി. റെക്കോഡുകളുടെ തോഴിയെ സംബന്ധിച്ചിടത്തോളം അന്താരാഷ്ട്ര ഏകദിന കരിയറിലെ പതിനൊന്നാം ശതകം മറ്റൊരു പതിവ് ഇന്നിങ്സ് മാത്രമായിരുന്നു. ഒരു പടുകൂറ്റന്‍ സിക്സറിലൂടെ റെക്കോഡ് ജയം വെട്ടിപ്പിടിച്ചതും നായിക തന്നെയായിരുന്നു.
മത്സരാനന്തരം എല്ലാ ശ്രദ്ധയും അട്ടപ്പട്ടുവിലായിരുന്നു. പരാജയം രുചിച്ച ഒരു ടീമിനായി നാളിതുവരെയായി കുറിക്കപ്പെട്ട ഏറ്റവും ഉയര്‍ന്ന സ്കോറിന്‍റെ ഉടമ തോല്‍വിയിലും ജേതാവായി. പ്രതിഭയുടെ നിറകുടമായിരുന്നു തനിക്കായി ഷൂ ലെയ്സ് കെട്ടിത്തന്നതെന്നും ചരിത്ര ജയത്തിനും ലങ്കക്കുമിടയില്‍ വിഘാതമായി നിന്നതെന്നുമുള്ള തിരിച്ചറിവില്‍ അട്ടപ്പട്ടു നിലകൊണ്ടപ്പോള്‍ ജയിച്ചത് ക്രിക്കറ്റായിരുന്നു.