മരണത്തെ തോല്‍പ്പിച്ച് ലോകത്തെ വിസ്മയിപ്പിച്ച മാര്‍ക്ക് മോറിസ്

Update: 2018-06-02 14:38 GMT
Editor : Alwyn K Jose
മരണത്തെ തോല്‍പ്പിച്ച് ലോകത്തെ വിസ്മയിപ്പിച്ച മാര്‍ക്ക് മോറിസ്
Advertising

കഠിനാധ്വാനവും, നിശ്ചയ ദാര്‍ഢ്യവും കൈമുതലായി ഉണ്ടായാല്‍ ജീവിതത്തില്‍ അസാധ്യമായത് ഒന്നുമില്ലെന്ന് തെളിയിക്കുന്ന ഒരു അത്ഭുത പ്രകടനത്തിന്‍റെ വാര്‍ത്തയാണിനി.

കഠിനാധ്വാനവും, നിശ്ചയ ദാര്‍ഢ്യവും കൈമുതലായി ഉണ്ടായാല്‍ ജീവിതത്തില്‍ അസാധ്യമായത് ഒന്നുമില്ലെന്ന് തെളിയിക്കുന്ന ഒരു അത്ഭുത പ്രകടനത്തിന്‍റെ വാര്‍ത്തയാണിനി. ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യകാല ഒളിമ്പിക്സ് വേദിയില്‍ നിന്നാണ് ആ വാര്‍ത്ത. പന്ത്രണ്ട് മാസങ്ങള്‍ക്ക് മുമ്പ്, മരണത്തെ മുഖാമുഖം കണ്ട അപകടത്തിന് ശേഷം, സ്നോബോര്‍ഡിങ് മത്സരത്തില്‍ വെങ്കലം നേടിയ കനേഡിയന്‍ താരം മാര്‍ക്ക് മോറിസിനെക്കുറിച്ച്.

2017 മാര്‍ച്ചില്‍ ആശുപത്രിക്കിടക്കയില്‍ മരണത്തോട് മല്ലിടിക്കുന്ന 23കാരന്‍ മാര്‍ക്ക് മോറിസ് ചിത്രം കായികലോകം മറന്നിട്ടുണ്ടാകില്ല. ഒരു വര്‍ഷത്തിനിപ്പുറം 2018 ഫെബ്രുവരി 11ന് ശൈത്യകാല ഒളിമ്പിക്സിന്‍റെ പോഡിയത്തില്‍ വിജയശ്രീലാളിതനായി നില്‍ക്കുന്ന മാര്‍ക്ക് മോറിസിന്‍റെ ചിത്രം നിശ്ചയദാര്‍ഢ്യത്തിന്‍റെ നേര്‍ചിത്രമാണ്. ശൈത്യകാല ഒളിമ്പിക്സിലെ ഏറ്റവും പ്രയാസമേറിയ, അതേപോലെ ആവേശകരമായ സ്നോബോര്‍ഡിങ് ഇനത്തില്‍ വെങ്കലം നേടിയ കനേഡിയന്‍ താരം മാര്‍ക്ക് മോറിസാണ് ഇന്ന് താരം.

ഈ വെങ്കല വിജയത്തിന് സ്വര്‍ണ്ണത്തിനേക്കാള്‍ തിളക്കമുണ്ടാകുന്നതെങ്ങനെയന്ന് മനസ്സിലാകണമെങ്കില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മോറിസ് നടത്തിയ അതിജീവനത്തിന്‍റെ കഥയറിയണം. 2017 മാര്‍ച്ചില്‍ സഹോദരന്‍ ക്രിഗ് മോറിസിനൊപ്പം പരിശീലനം നടത്തുന്നതിനിടെ മാര്‍ക്ക് മോറിസിന് അപകടമുണ്ടാകുന്നത്. അപകടത്തില്‍ മാര്‍ക്കിന്‍റ താടിയെല്ല്, വാരിയെല്ല്, ഇടത് കൈ എന്നിവക്ക് ഗുരുതരമായ പൊട്ടലേറ്റു. ഉദരത്തിലെ ആന്തരിക ഭാഗത്തും, വസ്തി പ്രദേശത്തിനും ശ്വാസ കോശത്തിനും ഗുരുതരമായി പരിക്കേറ്റു. ജീവന്‍ നിലനിര്‍ത്തുമോ എന്നുറപ്പില്ലാതെ ദിവസങ്ങള്‍ ആശുപത്രിയില്‍. അവിടെ നിന്ന് അസാമാന്യം കായിക ശേഷിയും മെയ് വഴക്കവും വേണ്ട സ്നോബോര്‍ഡിങില്‍ തിരിച്ചെത്തി ഒളിമ്പിക്സ് മെഡല്‍ നേടാന്‍ മോറിസിന് ഒരു വര്‍ഷം പോലും വേണ്ടി വന്നില്ല.

മാര്‍ക്ക് മോറിസിന്‍റെ ഈ അതിജീവനത്തെ അധികരിച്ച് ദി അണ്‍ബ്രോക്കണ്‍: ദ സ്നോബോര്‍ഡിങ് ലൈഫ് ഓഫ് മാര്‍ക്ക് മോറിസ് എന്ന ഡോക്യൂമെന്‍ററി പുറത്തിറങ്ങാനിരിക്കുകയാണ്. 2014ലെ ശൈത്യകാല ഒളിമ്പിക്സില്‍ വെങ്കലം നേടിയ മോറിസ് ഏഴ് തവണ വിന്‍റര്‍ എക്സ് ഗെയിംസില്‍ സ്വര്‍ണ്ണം നേടിയിട്ടുണ്ട്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News