ധോണിയുടെ ചെന്നൈ ജയത്തോടെ തുടങ്ങി
ബ്രാവോയാണ് കളിയിലെ താരം
ഐപിഎല്‍ പതിനൊന്നാം സീസണിലെ ആദ്യ ജയം ചെന്നൈ സൂപ്പര്‍ കിങ്സിന്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈയെ ഒരു വിക്കറ്റിനാണ് ചെന്നൈ തോല്‍പ്പിച്ചത്. ആവേശം അവസാന ഓവര്‍ വരെയെത്തിയ മത്സരമായിരുന്നു ഇന്നലത്തേത്. വര്‍ണാഭമായ ചടങ്ങുകളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് മുംബൈയില്‍ അരങ്ങേറിയത്.
ഐപിഎല്ലിന്റെ പതിനൊന്നാം പൂരത്തിന് ചെന്നൈയുടെ ഉജ്ജ്വല തിരിച്ചുവരവോടെ കൊടിയേറ്റം. വിലക്ക് മാറി ടൂര്‍ണമെന്‍റിലേക്ക് തിരിച്ചുവന്ന ചെന്നൈ ഒരു വിക്കറ്റിനാണ് മുംബൈയെ അവരുടെ മണ്ണില്‍ തകര്‍ത്തത്. അത്യന്തം ആവേശകരമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്തത് മുംബൈയായിരുന്നു. യുവതാരങ്ങളായ ഇഷാന്‍ കിഷന്‍റെയും സൂര്യകുമാര്‍ യാദവിന്‍റെയും മിന്നും പ്രകടനങ്ങളില്‍ മുംബൈ 165 റണ്‍സ് നേടി. സൂര്യകുമാര്‍ 43 ഉം ഇഷാന്‍ 40 ഉം റണ്‍സ് നേടി.
166 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് മികച്ച തുടക്കം നല്‍കുന്നതില്‍ മുന്‍ നിര പരാജയപ്പെട്ടു. ധോണിയുള്‍പ്പെടെയുള്ളവര്‍ നിരാശപ്പെടുത്തിയപ്പോള്‍ പിടിച്ചുനിന്നത് ഡ്വൈന്‍ ബ്രാവോയും കേദാര്‍ ജാദവും. 68 റണ്‍സ് നേടി ബ്രാവോ പുറത്തായെങ്കിലും കേദാര്‍ജാദവ് പുറത്താകാതെ ചെന്നൈയെ വിജയത്തിലേക്ക് നയിച്ചു. ബ്രാവോയാണ് കളിയിലെ താരം.