ഏഷ്യന്‍ അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് വര്‍ണാഭമായ തുടക്കം
ഭൂവനേശ്വരിലെ കലിംഗ സ്റ്റേഡിയത്തില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികാണ് ഇന്ത്യ ആതിഥ്യമരുളുന്ന മൂന്നാമത് ഏഷ്യന്‍ അത്‍ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന് തിരിതെളിച്ചത്.
22 ാമത് ഏഷ്യന്‍ അത്‍ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന് വര്‍ണാഭമായ തുടക്കം. ഭൂവനേശ്വരിലെ കലിംഗ സ്റ്റേഡിയത്തില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികാണ് ഇന്ത്യ ആതിഥ്യമരുളുന്ന മൂന്നാമത് ഏഷ്യന്‍ അത്‍ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന് തിരിതെളിച്ചത്. ആഘോഷത്തിന് മാറ്റുകൂട്ടി കലാപരിപാടികളും അരങ്ങേറി.
ഒഡീഷയുടെ ചരിത്രവും കരുത്തും വിളിച്ചോതുന്നതായിരുന്നു രണ്ടേക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്ന ഉദ്ഘാടന ചടങ്ങ്. കേന്ദ്രകായികമന്ത്രി വിജയ് ഗോയല്‍ വിട്ടുനിന്ന ചടങ്ങില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികാണ് വന്‍കരയുടെ പോരാട്ടതിന് തിരിതെളിച്ചത്. അത്‍ലറ്റുകളുടെ മാര്‍ച്ച് പാസ്റ്റോടെ തുടങ്ങിയ ചടങ്ങിന് മാറ്റേകിയത് കുട്ടികളും കലാകാരന്‍മാരും ചേര്‍ന്ന് അവതരിപ്പിച്ച നൃത്തരൂപങ്ങളാണ്. കലിംഗ യുദ്ധവും അശോകചക്രവര്‍ത്തിയുടെ മാനസാന്തരവുമെല്ലാം കലാരൂപമായി അരങ്ങിലെത്തി. ശങ്കര്‍മഹാദേവനും സംഘവും അവതരിപ്പിച്ച സംഗീത നിശയും ചടങ്ങിന് മിഴിവേകി.