ദേവ്ദത്ത് പടിക്കലിന് അർധ സെഞ്ച്വറി; ഹരിയാനയെ വീഴ്ത്തി കർണാടക വിജയ് ഹസാരെ ട്രോഫി ഫൈനലിൽ
വിദർഭ-മഹാരാഷ്ട്ര രണ്ടാം സെമിഫൈനൽ വിജയികളെ കർണാടക ശനിയാഴ്ച നടക്കുന്ന ഫൈനലിൽ നേരിടും
വഡോദര: കർണാടക വിജയ് ഹസാരെ ട്രോഫി ഫൈനലിൽ. ആദ്യ സെമിയിൽ ഹരിയാനെയെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയാണ് കലാശകളിക്ക് യോഗ്യത നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഹരിയാന ഉയർത്തിയ 238 റൺസ് വിജയലക്ഷ്യം 47.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ കർണാടക മറികടന്നു. 86 റൺസെടുത്ത മലയാളി താരം ദേവ്ദത്ത് പടിക്കലാണ് ടോപ് സ്‌കോറർ. വ്യാഴാഴ്ച നടക്കുന്ന വിദർഭ-മഹാരാഷ്ട്ര രണ്ടാം സെമിഫൈനൽ വിജയികളെയാണ് ശനിയാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തിൽ കർണാടക നേരിടുക. ഇത് അഞ്ചാം തവണയാണ് കർണാടക ഫൈനലിലെത്തുന്നത്.
Padikkal packs a punch! 🤜💥
— Royal Challengers Bengaluru (@RCBTweets) January 15, 2025
With a gritty knock of 8️⃣6️⃣, Dev marked his 7️⃣th consecutive half-century taking Karnataka to victory in the semi-final. 🤯
pic.twitter.com/EavvcJoz0y
ദേവ്ദത്തിനൊപ്പം സ്മരൺ രവിചന്ദ്രനും(76) മികച്ച പ്രകടനം നടത്തി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 128 റൺസ് കർണാടകയുടെ വിജയത്തിൽ നിർണായകമായി. ക്യാപ്റ്റൻ മായങ്ക് അഗർവാളിനെ(0) ആദ്യ ഓവറിൽ തന്നെ നഷ്ടമായിരുന്നു. തുടർന്ന് ദേവ്ദത്തും അനീഷും ചേർന്ന് കർണാടകയെ 50 കടത്തി. അനീഷ്(22) മടങ്ങിയശേഷം ക്രീസിലെത്തിയ സ്മരണുമായി ചേർന്ന് പടിക്കൽ ടീമിനെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. ഹരിയാനക്ക് വേണ്ടി നിഷാന്ത് സന്ധു രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹരിയാന ഹിമാൻഷു റാണ(44)യുടെ ബാറ്റിങ് മികവിലാണ് മികച്ച സ്‌കോറിലേക്കെത്തിയത്.