സണ്‍റൈസേഴ്‌സിന് ഐപിഎല്‍ സീസണിലെ ആദ്യ ജയം
നിലവിലെ ചാന്പ്യന്മാരായ മുംബൈയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. ഡേവിഡ് വാര്‍ണറാണ് കളിയിലെ താരം...
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് സീസണിലെ ആദ്യ ജയം. നിലവിലെ ചാന്പ്യന്മാരായ മുംബൈയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. ഡേവിഡ് വാര്‍ണറാണ് കളിയിലെ താരം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. എന്നാല്‍ അമ്പാട്ടി റായിഡു ക്രീസില്‍ നിലയുറപ്പിച്ചതോടെ സ്‌കോര്‍ ഉയര്‍ന്നു. 48 പന്തില്‍ 54 റണ്‍സാണ് റായിഡു നേടിയത്. 28 പന്തില്‍ 49 റണ്‍സ് നേടിയ ക്രുനാല്‍ പാണ്ഡ്യ അവസാന ഓവറുകളില്‍ മികച്ച പ്രകനം കാഴ്ച്ച വെച്ചതോടെ മുംബൈ 142 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറിലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. രണ്ട് റണ്‍സുമായി ധവാന്‍ മടങ്ങിയെങ്കിലും ഹെന്റിക്വസുമായി ചേര്‍ന്ന് വാര്‍ണര്‍ 62 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഹെന്റ്വികസ് പുറത്തായതിനെ തുടര്‍ന്ന് ക്രീസിലെത്തിയ മോര്‍ഗന് 11 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. എന്നാല്‍ അഞ്ചാമനായി ഇറങ്ങിയ ദീപക് ഹൂഡ വാര്‍ണറോടൊപ്പം ഒന്നിച്ചതോടെ 17. 3 ഓവറില്‍ ഹൈദരാബാദ് വിജയലക്ഷ്യം മറികടന്നു. 59 പന്തില്‍ 7 ബൗണ്ടറികളും 4 സിക്‌സറുമടക്കം 90 റണ്‍സാണ് വാര്‍ണര്‍ നേടിയത്.
മൂന്ന് കളികളില്‍നിന്ന് ഒരു ജയവുമായി ഹൈദരബാദ് പോയിന്റ് പട്ടികയില്‍ ആറാമതും 4 കളികളില്‍ മൂന്നും തോറ്റ മുംബൈ ഏഴാം സ്ഥാനത്തുമാണ്.