ന്യൂസിലന്റ് ഇന്ത്യയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു

Update: 2018-06-03 17:22 GMT
Editor : Subin
ന്യൂസിലന്റ് ഇന്ത്യയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു
Advertising

ടോം ലാതമിന്റേയും(103) റോസ് ടെയ്‌ലറിന്റേയും(95) ബാറ്റിംങ് മികവാണ് ഇന്ത്യയെ തോല്‍പിച്ചത്.

ന്യൂസിലന്റിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തോല്‍വി. ടോം ലാതമിന്റേയും(103) റോസ് ടെയ്‌ലറിന്റേയും(95) ബാറ്റിംങ് മികവാണ് ഇന്ത്യയെ തോല്‍പിച്ചത്. ക്യാപ്റ്റന്‍ കൊഹ്‌ലിയുടെ(121) സെഞ്ചുറി മികവില്‍ ഇന്ത്യ ഉയര്‍ത്തിയ 281 റണ്ണിന്റെ വിജയലക്ഷ്യം ന്യൂസിലന്റ് ഒരു ഓവര്‍ ശേഷിക്കെ മറികടന്നു.

റണ്ണൊഴുകിയ മുംബൈ വാങ്കഡെയിലെ പിച്ചില്‍ ലാതമിന്റേയും ടെയ്‌ലറിന്റേയും ബാറ്റിംങാണ് സന്ദര്‍ശകര്‍ക്ക് അനായാസ ജയം സമ്മാനിച്ചത്. പതിനെട്ടാം ഓവറില്‍ ഒത്തുകൂടിയ ഇരുവരും താരതമ്യേന ഭേദപ്പെട്ട വിജയലക്ഷ്യമായ 281 റണ്ണിന് ഒരു റണ്ണകലെ എത്തിച്ച ശേഷമാണ് പിരിഞ്ഞത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ അടിച്ചു കൂട്ടിയത് 200 റണ്‍സ്. ടെയ്‌ലര്‍ പുറത്തായതിന് പിന്നാലെ എത്തിയ നികോളിസ് നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറികടത്തി വിജയം ആഘോഷിച്ചു.

നേരത്തെ ടോസ് നേടി ബാറ്റിംങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ബൗള്‍ട്ടിന്റെ പേസ് ആക്രമണത്തിന് മുന്നില്‍ പതറിപ്പോയ രോഹിത് ശര്‍മ്മയും(20), ധവാനും(9) വേഗത്തില്‍ പവലിയനിലെത്തി. ജാദവിനെ(12) നിലയുറപ്പിക്കും മുമ്പേ സ്പിന്നര്‍ സാന്റനര്‍ മടക്കി. ദിനേശ് കാര്‍ത്തിക്കിനേയും(37) ധോണിയേയും(25) കൂട്ടുപിടിച്ചാണ് കൊഹ്‌ലി ഇന്ത്യന്‍ സ്‌കോറിന് മാന്യത നല്‍കിയത്. അവസാന ഓവറുകളില്‍ ഭുവേശ്വര്‍ കുമാറിന്റെ(15 പന്തില്‍ 26റണ്‍സ്) വെടിക്കെട്ടും സ്‌കോറിംങിന് വേഗത കൂട്ടി.ന്യൂസിലന്റിനുവേണ്ടി ബൗള്‍ട്ട് നാല് വിക്കറ്റുകള്‍ നേടി.

125 പന്തില്‍ നിന്നും 121 റണ്‍സ് നേടി ഇന്ത്യന്‍ ഇന്നിംങ്‌സിന്റെ നെടുംതൂണായതിന് ശേഷമാണ് കൊഹ്!ലി പുറത്തായത്. അവസാന ഓവറില്‍ പുറത്താകുമ്പോഴേക്കും ഒമ്പത് ഫോറും രണ്ട് സിക്‌സും നേടിയിരുന്നു.മുപ്പത്തിഒന്നാം ഏകദിന സെഞ്ചുറിയാണ് ഇരുന്നൂറാം ഏകദിനം കളിക്കാനിറങ്ങിയ കൊഹ്ലി മുംബൈയില്‍ കുറിച്ചത്. ഇതോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ സച്ചിന് പിന്നില്‍ കൊഹ്‌ലിയെത്തി. 30 സെഞ്ചുറികളുള്ള പോണ്ടിംങിനെയാണ് ഇന്ത്യന്‍ നായകന്‍ മറികടന്നത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News