ഇന്ത്യക്ക് 439 റണ്‍ ലീഡ്, ഫോളോ ഓണില്‍ ലങ്കന്‍ പോരാട്ടം

Update: 2018-06-04 08:44 GMT
Editor : admin
ഇന്ത്യക്ക് 439 റണ്‍ ലീഡ്, ഫോളോ ഓണില്‍ ലങ്കന്‍ പോരാട്ടം
Advertising

ഫോളോ ഓണ്‍ ചെയ്ത ആതിഥേയര്‍ക്കായി മെന്‍ഡിസ് സെഞ്ച്വറി നേടി. മെന്‍ഡിസ് - കരുണരത്നെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്നത് 191 റണ്‍

കൊളംബോ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ഒന്നാം ഇന്നിങ്സ് ലീഡ് സമ്മാനിച്ച ശ്രീലങ്ക ഫോളോ ഓണില്‍ വീറോടെ പൊരുതുന്നു. 439 റണ്‍ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത് രണ്ട് വിക്കറ്റുകളുടെ നഷ്ടത്തില്‍ മൂന്നാം ദിനം കളി ആരംഭിച്ച ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‍സ് കേവലം 183 റണ്‍സിന് അവസാനിച്ചു. ഇന്ത്യക്കായി അശ്വിന്‍ അഞ്ച് വിക്കറ്റുകള്‍ നേടി.

ഫോളോ ഓണിന് അയക്കപ്പെട്ട ലങ്കക്ക് ഉപുല്‍ തരംഗയെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും പരമ്പരയിലാദ്യമായി ലങ്കന്‍ ബാറ്റ്സ്മാന്‍മാര്‍ ഇഞ്ചോടിഞ്ച് പോരാട്ടം അഴിച്ചുവയ്ക്കുന്ന ദൃശ്യമാണ് പിന്നെ കണ്ടത്. കരുണരത്നക്ക് കൂട്ടായി എത്തിയ മെന്‍ഡിസ് സ്വീപ്പ് ഷോട്ടുകളുടെ കലവറ തുറന്ന് ഇന്ത്യന്‍ സ്പിന്നര്‍മാരെ വിരട്ടി. മറുവശത്ത് കരുണരത്നെ ഇന്നിങ്സ് പുരോഗമിക്കും തോറും കരുത്തിന്‍റെ പ്രതീകമായി വളരുകയായിരുന്നു. ശതകം പൂര്‍ത്തിയാക്കിയ മെന്‍ഡിസ് മൂന്നാം ദിനത്തിലെ അവസാന മണിക്കൂറുകളില്‍ പാണ്ഡ്യക്ക് മുന്നില്‍ വീണെങ്കിലും ഇതിനോടകം രണ്ടാം വിക്കറ്റ് സഖ്യം 191 റണ്‍ കൂട്ടിച്ചേര്‍ത്തിരുന്നു. 92 റണ്‍സുമായി അജയ്യനായി കരുണരത്നെ ക്രീസിലുണ്ട്.

മൂന്നാം ദിനത്തിലെ മൂന്നാം ഓവറില്‍ ചണ്ടിമാലിനെ വീഴ്ത്തി രവീന്ദ്ര ജഡേജയാണ് ആതിഥേയര്‍ക്ക് ആദ്യ പ്രഹരം ഏല്‍പ്പിച്ചത്. പുതുതായി ക്രീസിലെത്തിയ മാത്യൂസ് നേരിട്ട ആദ്യ പന്തില്‍ തന്നെ നല്‍കിയ അവസരം ഇന്ത്യന്‍ നായകന്‍ കൊഹ്‍ലി ഷോര്‍ട്ട് ഗള്ളിയില്‍ കൈവിട്ട് കളഞ്ഞു. എന്നാല്‍ ലങ്കയുടെ ആഹ്ളാദം അധിക നേരം നീണ്ടു നിന്നില്ല. ഉമേഷ് യാദവിന്‍റെ പന്തില്‍ മെന്‍ഡിസ് നല്‍കിയ അവസരം ഇത്തവണ കൊഹ്‍ലി കൈപ്പിടിയിലൊതുക്കി. 24 റണ്‍സായിരുന്നു മെന്‍ഡിസിന്‍റെ സമ്പാദ്യം.

തുടര്‍ന്നങ്ങോട്ട് ഡിക്‍വെല്ലയും മാത്യൂസും ചേര്‍ന്ന് സിക്സറുകളുടെയും ബൌണ്ടറികളുടെയും പെരുമഴ സൃഷ്ടിക്കുന്നതാണ് കണ്ടത്. ഏഴ് പന്തുകള്‍ക്കിടെയാണ് മൂന്ന് സിക്സറുകള്‍ പിറന്നത്. 46 പന്തുകളില്‍ നിന്ന് 50 റണ്‍ കൂട്ടുകെട്ടും പിറന്നു. അധികം വൈകാതെ തന്നെ പുജാരയുടെ മനോഹരമായ ഒരു ക്യാച്ചില്‍ അശ്വിന്‍റെ മൂന്നാം ഇരയായി മാത്യൂസ് മടങ്ങി. പുതുതായി ക്രീസിലെത്തിയ ധനജ്ഞയ ഡിസില്‍വയും അടുത്ത പന്തില്‍ കൂടാരം കയറി. ജഡേജക്കായിരുന്നു വിക്കറ്റ്.

അര്‍ധശതകം നേടിയ ഡിക്‍വെല്ലയെ (51)യും ഹെറാത്തിനെയും മുഹമ്മദ് സമി ക്ലീന്‍ ബൌള്‍ഡാക്കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News