വള്ളിച്ചെരുപ്പും പാവാടയുമിട്ട് 50 കിലോമീറ്റര്‍ ഓടി ജയിച്ച ഗോത്രപെണ്‍കുട്ടി
യാതൊരുവിധ സാമ്പ്രദായിക കായിക പരിശീലനവുമില്ലാതെ വള്ളിച്ചെരിപ്പും പാവാടയും അണിഞ്ഞാണ് ഈ പെണ്‍കുട്ടി 50 കിലോമീറ്റര്‍ ദുര്‍ഘടപാതയിലൂടെയുള്ള ഓട്ടം പൂര്‍ത്തിയാക്കിയത്...
മെക്‌സിക്കോയില്‍ നടന്ന സുപ്രസിദ്ധമായ അള്‍ട്രാ മാരത്തണായ സെറോ റോജോയുടെ വനിതാ വിഭാഗം ജേതാവായാണ് 22കാരി മരിയ ലോറെന റാമിറസ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. 12 രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം പ്രൊഫഷണല്‍ അത്‌ലറ്റുകളെ പിന്തള്ളിയാണ് മെക്‌സിക്കോയിലെ തരാഹുമാര ഗോത്രവിഭാഗക്കാരിയായ മരിയ ഒന്നാമതെത്തിയത്.
യാതൊരുവിധ സാമ്പ്രദായിക കായിക പരിശീലനവുമില്ലാതെ വള്ളിച്ചെരിപ്പും പാവാടയും അണിഞ്ഞാണ് ഈ പെണ്‍കുട്ടി 50 കിലോമീറ്റര്‍ ദുര്‍ഘടപാതയിലൂടെയുള്ള ഓട്ടം പൂര്‍ത്തിയാക്കിയതെന്നതാണ് സംഘാടകരെപോലും ഞെട്ടിപ്പിച്ച വിവരം. കഴിഞ്ഞ ഏപ്രില്‍ 29ന് മെക്സിക്കോയില്‍ നടന്ന അള്‍ട്രാ മാരത്തണിലെ വിജയിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറം ലോകം അറിയുന്നത് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ ആഴ്ച്ചകള്‍ക്ക് ശേഷം വാര്‍ത്ത നല്‍കിയതോടെയാണ്.
ദീര്‍ഘദൂര ഓട്ടക്കാരുടെ പേരില്‍ നേരത്തെ തന്നെ ലോകപ്രസിദ്ധി നേടിയ പ്രാക്തന ഗോത്രവിഭാഗമാണ് തരാഹുമാര. മാരത്തണ്‍ അത്‌ലറ്റായ ക്രിസ്റ്റഫര്‍ മക്ഡൗഗള്‍ ഇവരുടെ ഈ പ്രത്യേക കഴിവിനെ കുറിച്ചെഴുതിയ ബോണ്‍ ടു റണ്‍ എന്ന പുസ്തകം ബെസ്റ്റ് സെല്ലറായിരുന്നു. തരാഹുമാര ഗോത്രത്തിന്റെ പ്രസിദ്ധി കൂടുതല്‍ ഔന്നത്യത്തിലെത്തിയിരിക്കുകയാണ് മരിയയെന്ന പെണ്‍കുട്ടിയുടെ അസാധാരണ നേട്ടത്തിലൂടെ.
പുറം ലോകവുമായി കാര്യമായ ബന്ധമില്ലാതെ ചെങ്കുത്തായ മലനിരകളിലാണ് തരാഹുമാരകള്‍ ജീവിക്കുന്നത്. പുറമേ നിന്നുള്ളവര്‍ക്ക് ഒരു പരിധിവരെ അസാധ്യമാണ് ഇവരുടെ താമസസ്ഥലത്ത് പോകുന്നത്. മെക്‌സിക്കോയിലെ മയക്കുമരുന്നു സംഘങ്ങള്‍ താവളമടിച്ച പ്രദേശം കൂടിയായതും ഇവര്‍ ഇത്തരം രീതികള്‍ തുടരുന്നതിന് കാരണമായി. ഇത്തരം പ്രത്യേകതകള്‍ കൊണ്ടു തന്നെ പതിനാറാം നൂറ്റാണ്ടില്‍ മെക്‌സിക്കോ കീഴടക്കിയ സ്പാനിഷുകാര്‍ക്കും തരാഹുമരകളെ വരുതിയിലാക്കാന്‍ സാധിച്ചിരുന്നില്ല. ഓരോ വീടുകള്‍ തമ്മിലും ചെറു ഗ്രാമങ്ങള്‍ തമ്മിലും കിലോമീറ്ററുകളുടെ ദൂരം കാണും. ഇത്തരത്തിലുള്ള ഭൗമശാസ്ത്രപരമായ പ്രത്യേകതകള്‍ കൂടി ഇവരുടെ ഓട്ടത്തിലുള്ള കഴിവിന് പിന്നിലുണ്ട്.
വേട്ടക്കായാലും അടുത്ത ഗ്രാമത്തിലേക്കോ വീട്ടിലേക്കോ പോകുന്നതിലായാലും കിലോമീറ്ററുകള്‍ ദുര്‍ഘട പാതകളിലൂടെ തരാഹുമാരകള്‍ സഞ്ചരിക്കുന്നു. പലപ്പോഴും സംഘമായാണ് ഇവര്‍ അടുത്ത ഗ്രാമത്തിലേക്കും മറ്റും പോവുക. അപ്പോള്‍ കൈമാറുന്ന വിവരങ്ങളാണ് കുട്ടികളെ കൂടുതല്‍ മെച്ചപ്പെട്ട ഓട്ടക്കാരാക്കി മാറ്റുന്നതെന്നും ക്രിസ്റ്റഫര്‍ മക്ഡൗഗല്‍ തന്റെ പുസ്തകത്തില്‍ പറഞ്ഞിരുന്നു. തരാഹുമരാ എന്ന വാക്കിന്റെ അര്‍ഥം തന്നെ ഓടുന്ന മനുഷ്യര്‍ എന്നാണ്.
ആടുകളേയും കാലികളേയും മേയ്ക്കലാണ് മരിയയുടെ തൊഴില്‍. ജോലിയുടെ ഭാഗമായി 10-15 കിലോമീറ്റര്‍ ദിവസവും നടന്നതായിരുന്നു മരിയയുടെ പ്രധാന പരിശീലനം. ഉപേക്ഷിച്ച ടയര്‍ വെട്ടി നിര്‍മ്മിച്ച ചെരുപ്പിട്ടാണ് ഏഴ് മണിക്കൂര്‍ മൂന്നു മിനുറ്റുകൊണ്ട് 50 കിലോമീറ്റര്‍ മരിയ പിന്നിട്ടത്. 6000 ഡോളറാണ്(ഏകദേശം 3.80ലക്ഷം രൂപ) ഒന്നാം സ്ഥാനത്തെത്തിയ മരിയക്ക് ലഭിച്ച സമ്മാനത്തുക. കഴിഞ്ഞ വര്‍ഷം മെക്‌സിക്കോയില്‍ നടന്ന 100 കിലോമീറ്റര്‍ കാബെല്ലൊ ബ്ലാങ്കോ അള്‍ട്രാമാരത്തണില്‍ രണ്ടാമതെത്തിയാണ് മരിയ വരവറിയിച്ചത്.