ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന മത്സരം നാളെ, കണക്കുകൂട്ടി ആരാധകര്‍
കളിക്കളത്തിലെ കളികള്‍ക്കപ്പുറം കണക്കിലെ കളികളിലാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ കണ്ണും നട്ടിരിക്കുന്നത്.
ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് നാളെ അവസാന മത്സരത്തിനിറങ്ങും. സെമിയിലേക്കുള്ള യോഗ്യത നേരത്തെ തന്നെ ഉറപ്പിച്ച ബംഗളൂരുവാണ് എതിരാളികള്‍. ഇന്ന് ഗോവ തോല്‍ക്കുകയാണെങ്കില്‍ നാളെ ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷയുണ്ട്. മറിച്ചാണെങ്കില്‍ വിദൂരസാധ്യത മാത്രം.
കളിക്കളത്തിലെ കളികള്‍ക്കപ്പുറം കണക്കിലെ കളികളിലാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ കണ്ണും നട്ടിരിക്കുന്നത്. നാളെ ബംഗളൂരുവിനെതിരെ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെ വിദൂരത്താണ്. ഒപ്പം ഇന്നത്തേതുള്‍പ്പടെ ബാക്കിയുള്ള മത്സരങ്ങളുടെ ഫലങ്ങളെ ആശ്രയിച്ചും.
ആറാം സ്ഥാനത്തുള്ള ഗോവ ഇന്ന് കൊല്‍ക്കത്തയോട് തോറ്റാല്‍ മാത്രമെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍ക്ക് അല്‍പ്പമെങ്കിലും ജീവന്‍ വെക്കൂ. പിന്നെ നാളെ ബംഗളൂരുവിനെ മികച്ച മാര്‍ജിനില്‍ തോല്‍പ്പിക്കണം. ശേഷം അടുത്ത നാലാം തീയതി നടക്കുന്ന ജംഷെഡ്പൂര്‍ ഗോവ മത്സരം സമനിലയില്‍ അവസാനിക്കുകയും വേണം. ഈ ഫലങ്ങളില്‍ ഒന്നെങ്കിലും മറിച്ചായാല്‍ ബ്ലാസ്‌റ്റേഴ്‌സ് പുറത്താകും.
പക്ഷെ ഇതൊന്നും മഞ്ഞപ്പടയുടെ ആവേശത്തെ ബാധിച്ചിട്ടില്ല. നാളെ ബംഗളൂരൂവിലെ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും നേരത്തെ തന്നെ വിറ്റു തീര്‍ന്നിട്ടുണ്ട്. ഐഎസ്എല്ലിലെ ഈ സീസണിലെ ഏറ്റവും വലിയ ഫാന്‍ പോരാട്ടത്തിനാകും നാളെ ബംഗളൂരു സാക്ഷ്യം വഹിക്കുക.
യോഗ്യതയും ഒന്നാം സ്ഥാനവും നേരത്തെ ഉറപ്പിച്ച ബംഗളൂരുവിന് നാളത്തെ മത്സരഫലം നിര്‍ണായകമല്ല. ഇന്ന് ഗോവ തോല്‍ക്കുകയാണെങ്കില്‍ നാളത്തെ മത്സരം ബ്ലാസ്‌റ്റേഴ്‌സിന് ജീവന്മരണ പോരാട്ടമായിരിക്കും. എന്നാലും ജയത്തോടെ സീസണ്‍ അവസാനിപ്പിക്കുകയാവും ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം.