റോയല്‍ സഞ്ജു; കാഴ്ചക്കാരനായി കൊഹ്‍ലി

Update: 2018-06-05 01:21 GMT
റോയല്‍ സഞ്ജു; കാഴ്ചക്കാരനായി കൊഹ്‍ലി
Advertising

വിഷുദിനത്തില്‍ മലയാളികള്‍ക്ക് ബംഗളൂരുവില്‍ നിന്ന് സഞ്ജു സാംസണ്‍ വക വെടിക്കെട്ട്.

വിഷുദിനത്തില്‍ മലയാളികള്‍ക്ക് ബംഗളൂരുവില്‍ നിന്ന് സഞ്ജു സാംസണ്‍ വക വെടിക്കെട്ട്. സിക്സറുകള്‍ തീമഴയായി പെയ്തിറങ്ങിയ ബംഗളൂരുവില്‍ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത് ഉജ്ജ്വലജയം. വിരാട് കൊഹ്‍ലി നയിക്കുന്ന ബംഗളൂരു റോയല്‍ ചലഞ്ചേഴ്‍സിനെതിരെയായിരുന്നു സഞ്ജുവിന്‍റെ വെടിക്കെട്ട് പ്രകടനം. മൂന്നാമനായി ഇറങ്ങിയ സഞ്ജുവിന്‍റെ ആക്രമണവീര്യത്തില്‍ ബംഗളൂരുവിന്‍റെ ബോളര്‍മാര്‍ കരിഞ്ഞുണങ്ങി. ബോളര്‍മാര്‍ മാറിമാറി സഞ്ജുവിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു. എണ്ണംപറഞ്ഞ പത്തു സിക്സറുകളാണ് സഞ്ജുവിന്‍റെ ബാറ്റില്‍ നിന്ന് ഗാലറിയിലെത്തിയത്. ഒപ്പം രണ്ടു ബൌണ്ടറികളും. 45 പന്തുകള്‍ നേരിട്ട സഞ്ജു പുറത്താകാതെ 92 റണ്‍സ് അടിച്ചു കൂട്ടിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സിന്‍റെ സ്കോര്‍ 200 കടന്നു. നാലു വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്ത് രാജസ്ഥാന്‍ റോയല്‍സ് തലയുയര്‍ത്തി തിരിച്ചുനടന്നപ്പോള്‍ റണ്‍മല കീഴടക്കാനുള്ള തത്രപ്പാടിലായിരുന്നു കൊഹ്‍ലിയും കൂട്ടരും.

മറുപടി ബാറ്റിങില്‍ കൂറ്റനടിക്കാരന്‍ ബ്രണ്ടന്‍ മക്കല്ലം രണ്ടക്കം കാണാതെ പുറത്തായതു മുതല്‍ ബംഗളൂരുവിന്‍റെ തകര്‍ച്ചയും തുടങ്ങി. എന്നാല്‍ ഡി കുക്കിനൊപ്പം നായകന്‍ കൊഹ്‍ലിയും ചേര്‍ന്നപ്പോള്‍ പ്രതീക്ഷിച്ചതു പോലെ റണ്ണൊഴുക്കാന്‍ ബംഗളൂരുവിനായി. എന്നാല്‍ കുക്കും(26) കൊഹ്‍ലി(57)യും അടുത്തടുത്ത് ആയുധം താഴെ വച്ചതോടെ ബംഗളൂരുവിന്‍റെ പ്രതീക്ഷകള്‍ മങ്ങി. കൂറ്റനടിക്കുള്ള ആവേശത്തിനൊടുവില്‍ 20 റണ്‍സുമായി ഡിവില്ലിയേഴ്‍സും മടങ്ങിയതോടെ പിന്നെ പ്രതീക്ഷ മന്ദീപ് സിങിലായിരുന്നു. മോശം പന്തുകള്‍ തിരഞ്ഞെടുത്ത് അതിസാഹസികതയ്ക്കൊന്നും മുതിരാതെ തന്ത്രപൂര്‍വം മന്ദീപ് മുന്നില്‍ നിന്ന് നയിച്ചതോടെ ബംഗളൂരുവിന്‍റെ പ്രതീക്ഷകള്‍ക്ക് പതിയെ ജീവന്‍ വച്ചുതുടങ്ങി. 25 പന്തുകളില്‍ നിന്ന് ഒരു സിക്സറും ആറു ബൌണ്ടറികളുമായി മന്ദീപ് (47), കളി അവസാനിക്കുന്ന നിമിഷം വരെ ക്രീസില്‍ ഉറച്ചുനിന്നെങ്കിലും മറുവശത്ത് നിന്ന് ആഗ്രഹിച്ചത്ര റണ്ണൊഴുക്കുണ്ടായില്ല. ഫലം നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സുമായി ബംഗളൂരു തോല്‍വി ഏറ്റുവാങ്ങി. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാട്ടിയ ഗോപാല്‍ രണ്ടു വിക്കറ്റും വീഴ്‍ത്തി. രാജസ്ഥാന്‍ 19 റണ്‍സിന്‍റെ വിജയം പിടിച്ചടക്കിയപ്പോള്‍ സഞ്ജു കളിയിലെ കേമനായി.

Full View

Writer - സലിം ചേനം

Writer

Editor - സലിം ചേനം

Writer

Alwyn - സലിം ചേനം

Writer

Similar News